ചെന്നൈ : നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. കടലൂരില്‍ നിന്നും കോട്ടക്കുപ്പം ഗ്രാമത്തിന്റെ സമീപത്തായാണ് ചുഴലിക്കാറ്റ് കര തൊട്ടത്. 145 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്തണഞ്ഞത്. അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാര്‍ ഇപ്പോള്‍ ശക്തി കുറഞ്ഞ് തീവ്രചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് മാറിയിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ രണ്ട് പേര് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റില്‍ വൈദ്യുതി പോസ്റ്റ് കടപുഴകി വീണും, വീട് തകര്‍ന്നു വീണുമാണ് രണ്ട് പേര് മരിച്ചത്. കടലൂരില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്് ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
എന്നാല്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിന്റെ വേഗം കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിന് ആറ് മണിക്കൂര്‍ വരെ സമയമെടുത്തേക്കാം. വേഗം 65-75 കീമി ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.
ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ തമിഴ്നാട്ടില്‍ ഇന്നും പൊതു അവധിയായിരിക്കും. അവശ്യസര്‍വീസുകളല്ലാതെ, കടകളടക്കം ഒരു സ്ഥാപനങ്ങളും ഇന്ന് തുറക്കില്ല. പുതുച്ചേരിയിലും ശനിയാഴ്ച വരെ പൊതു അവധിയാണ്. ഇത് കൂടാതെ പുതുച്ചേരിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
നാശനഷ്ടങ്ങളുണ്ടായ ഇടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്താന്‍ സജ്ജരാണെന്ന് തമിഴ്നാട്, പുതുച്ചേരി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ റായലസീമ, ചിറ്റൂര്‍, കുര്‍ണൂല്‍, പ്രകാശം, കടപ്പ എന്നീ ജില്ലകളിലും കനത്ത ജാഗ്രത തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് എല്ലാവിധ കേന്ദ്ര സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: