കൊച്ചി: എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന് വീണ്ടും ധാരണയായി. സ്വര്‍ണക്കടത്തു കേസുകളിലുള്‍പ്പെടെ ഇതു നടപ്പാക്കാന്‍ ഇരുകൂട്ടരും തീരുമാനമെടുത്തു. മുസ്ലിം ലീഗിന്റെ നിലപാടും ഇടനിലയുമാണ് ഇതിന് വഴിയൊരുക്കിയത്.
മുന്‍ മന്ത്രിയും ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനിടെയാണ് ധാരണ വീണ്ടും ഉറപ്പിച്ചത്. അധികാരം അടുത്തെത്തിയെന്ന നിലയിലുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തിടുക്കത്തിന് ഇനി കടിഞ്ഞാണ്‍ വീഴും. പ്രസ്താവനകളും ടിവി ചാനല്‍ ചര്‍ച്ചകളും തുടരും. എന്നാല്‍, അത് ‘പ്രതിപക്ഷ രാഷ്ട്രീയ ധര്‍മ’ത്തില്‍ ഒതുക്കും. പകരം, പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടുന്നത് പിണറായി സര്‍ക്കാര്‍ നിര്‍ത്തും. പെട്ടെന്നൊരു നിര്ത്തലിനു പകരം വീര്യം കുറച്ചായിരിക്കും ഇരുപക്ഷത്തെയും നീക്കങ്ങള്‍.
മുസ്ലിം ലീഗ് എംഎല്‍എമാരായ സി. കമറുദീനിന്റെയും കെ.എം. ഷാജിയുടെയും കേസുകള്‍ പിണറായി സര്‍ക്കാരും സിപിഎമ്മും മുസ്ലിം ലീഗിലൂടെ യുഡിഎഫിന് നല്കിയ മുന്നറിയിപ്പായിരുന്നു. അത് ലീഗിനെതിരെ ആയതിനാല്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും ഗൗരവത്തിലെടുത്തില്ല. അപ്പോഴാണ് ബാര്‍കോഴക്കേസ് വീണ്ടും കൊണ്ടുവന്നത്. തൊട്ടുപിന്നാലെ സോളാര്‍ കേസും. ലീഗിന് കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തെ ധരിപ്പിക്കാന്‍ ഇത് സഹായകമായി.
നവംബര്‍ 19നാണ് ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. ഇതിനു മുമ്പ് കമറുദീന്, കെ.എം. ഷാജി കേസുകള്‍ വന്നിരുന്നു. മുസ്ലിം ലീഗുമായി നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റ് തീരുമാനം സര്‍ക്കാര്‍ തന്നെയാണ് ലീഗിനെ അറിയിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു സമ്പര്‍ക്ക ബിന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: