ബാംബോലിം: ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ ജയം ലക്ഷ്യമിട്ട് കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍ ജി.എം.സി സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ശക്തരായ എടികെ മോഹന്‍ ബഗാനെതിരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. പ്രതിരോധത്തില്‍ വന്ന പാളിച്ചയാണ് എടികെ മോഹന്‍ ബഗാന്റെ ഗോളിന് വഴിയൊരുക്കിയത്. ഏറെ സമയം പന്ത് കൈവശംവച്ചിട്ടും ബ്ലാസ്റ്റേഴ്സിന് ഗോള്‍ അടിക്കാനും ആയില്ല.
രണ്ടാം മത്സരത്തില്‍ പ്രതിരോധം ശക്തമാക്കി നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്താമെന്ന് പ്രതീക്ഷയിലാണ് കിബു വിക്കൂന പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്സ്. ഗാരി ഹൂപ്പര്‍, സമദ്, നവോരേം, കൊനെ, കോസ്റ്റ, ഗോമസ്, സിഡോഞ്ച തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്.
കരുത്തരായ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി ഐഎസ്എല്ലില്‍ വിജയത്തോടെ അരങ്ങേറിയ ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. പത്ത് പേരുമായി പൊരുതിയ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് കീഴടക്കിയത്. ഘാനിയന്‍ സ്ട്രൈക്കര്‍ ക്വെസി അപിയ പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്. ലാംബോട്ട്, ലാല്റേംപൂനിയ, ലാലെങ്മാവിയ, അപിയ, മച്ചാഡോ, മീറ്റി തുടങ്ങിയവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ശക്തി കേന്ദ്രങ്ങള്‍.
നോര്‍ത്ത് ഈസ്റ്റിനെ നിസ്സാരരായി കാണില്ല. നന്നായി കളിച്ച് മുംബൈയെ വീഴ്ത്തിയ നോര്‍ത്ത് ഈസ്റ്റ് ഒത്തിണക്കമുള്ള ടീമാണ് . അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ ഗോള്‍ നേടാനായി തന്റെ ടീം പരിശ്രമിക്കുകയെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കുന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: