പൂവാര്‍: പുന്നകുളത്തിന് സമീപം തൊഴിലുറപ്പു തൊഴിലാളികള്‍ കയറിയ പഴയ നടപ്പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആറ് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കോട്ടുകാല്‍ പുന്നക്കുളത്ത് ഇടതോടിന് കുറുകെ സ്ഥാപിച്ചിരുന്ന പഴയ നടപ്പാലമാണ് തകര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികളുമായി താഴേക്ക് പതിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. പരിക്കേറ്റ നാലുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് പേരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുന്നക്കുളം സ്വദേശികളായ മലമേല്‍ക്കുന്ന് ഗവ. ആശുപത്രിക്ക് സമീപം ശ്രീദേവി (50), ശ്രീകൃഷ്ണ സ്വാമിക്ഷേത്രം റോഡ് ചീനീവിളയില് ഷീജ (35), കീഴേ ആറുകാല്‍ ലക്ഷ്മി സദനത്തില്‍ സിന്ധുമോള്‍ (41), സായൂജ്യത്തില്‍ ഷിബി (42), മലമേല്‍ക്കുന്ന് ഗവ. ആശുപത്രിക്ക് സമീപം ശാന്ത (55), വളവുനട ശരണ്യനിവാസില്‍ ശശികല (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സ്ലാബിനിടയില്‍ കുരുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്. ഇവരില്‍ ശ്രീദേവിയുടെ കാലൊടിഞ്ഞു. സ്ളാബിനിടയില്പ്പെട്ട ഷീജയുടെ വാരിയെല്ലിനും കാലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സിന്ധുമോള്‍ക്ക് നെഞ്ചിന് ശക്തമായ ക്ഷതമേറ്റു. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടുകാല്‍ പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതി പ്രകാരം പുന്നക്കുളത്തെ 14-ാം വാര്‍ഡിലുളള ഇടത്തോടിന്റെ ശുചീകരണത്തിനാണ് മൂന്ന് പുരുഷന്മാരും 26 സ്ത്രീ തൊഴിലാളികളുമെത്തിയത്. ഇവിടെ പുതിയ പാലം നിര്‍മിച്ചെങ്കിലും തൊട്ടടുത്തുള്ള പഴയ നടപ്പാലം അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നില്ല. കോണ്‍ക്രീറ്റ് ജീര്‍ണിച്ച് ബലക്ഷയമുണ്ടായ പാലത്തിന്റെ അപകടാവസ്ഥ അറിയാതെ തൊഴിലാളികള്‍ കയറിയതാണ് പ്രശ്നമായത്. അളളുപയോഗിച്ച് പായലും കുളവാഴയും നീക്കം ചെയ്യാന്‍ ആദ്യം കയറിയ മൂന്ന് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവര്‍ ജോലി ചെയ്യുന്നതിനിടെ തോടിന്റെ കരയില്‍ നിന്നവര്‍ ഭക്ഷണം കഴിക്കുന്നതിനായി സ്ലാബിലേക്ക് കയറിയതോടെ ഭാരം താങ്ങാനാകാതെ പാലം രണ്ടായി മുറിഞ്ഞ് തോടിലേക്ക് വീഴുകയായിരുന്നു. മണ്‍വെട്ടിയില്‍ തട്ടി നിന്നത് കാരണം ഒടിഞ്ഞ് വീണ സ്ലാബുകള്‍ അപകടത്തില്‍പ്പെട്ടവരുടെ പുറത്ത് പാടെ വീഴാത്തത് കാരണം വന്‍ അത്യാഹിതമാണ് ഒഴിവായത്. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് തൊട്ടടുത്ത ചന്തയില്‍ നിന്നിരുന്ന നാട്ടുകാര്‍ ഓടിയെത്തി പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതും പരിക്കേറ്റവര്‍ക്ക് രക്ഷയായി.
വിവരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് അഗ്നിരക്ഷാസേനയുമെത്തിയിരുന്നു. വിഴിഞ്ഞം ഇന്‍സ്പെക്ടര്‍ എസ്.ബി. പ്രവീണ്‍, എസ്ഐ സജി, കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരും സ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സാ സഹായമായി 12,000 രൂപ അനുവദിച്ചതായി കോട്ടുകാല്‍ പഞ്ചായത്ത് സെക്രട്ടറി അജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: