കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന് പിന്‍വലിച്ചു. ലേക് ഷോര്‍ ആശുപത്രിയില്‍വച്ച് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഡോക്ടറുടെ സാന്നിധ്യത്തിലെ ചോദ്യം ചെയ്യാവൂ എന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ലേക് ഷോറില്‍നിന്ന് മാറ്റരുതെന്നാണ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കോടതിക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
ഇബ്രാഹിം കുഞ്ഞിന് സ്വകാര്യ ആശുപത്രിയില്‍ ലഭിക്കുന്ന ചികിത്സ നിലവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്കാന് കഴിയില്ല. കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ഡിഎംഒയുടെ റിപ്പോര്‍ട്ട്. ക്യാന്‍സര്‍ സെന്ററുള്ള കളമശേരി മെഡിക്കല്‍ കോളജും കോവിഡ് ആശുപത്രിയായി മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് ഇവിടേക്ക് മാറ്റാനാവില്ല. ഈ സാഹചര്യത്തില്‍ ലേക് ഷോറില്‍ തന്നെ ചികിത്സ തുടരുന്നതാകും നല്ലതെന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധര്‍ കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പങ്കുവച്ചത്. തുടര്‍ന്നാണ് ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതിയില്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: