ഫിലിപ്പ് എം. പ്രസാദ്
വൈരാഗ്യവും പകയുംകൊണ്ട് കലുഷിതമായ ഇന്നത്തെ കേരള രാഷ്ട്രീയത്തില്‍ ഈ ലേഖനം വ്യക്തിപരമായ ഒരു പരിചയത്തോടെ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു.
ഞാന്‍ ഒരു ടാവോ സമീപനക്കാരനാണ്. അതിനോട് ഏറ്റവും അടുത്ത്നില്ക്കുന്ന ഇന്ത്യയിലെ സമീപനം ശ്രീരാമകൃഷ്ണ പരമഹംസരും ഉത്തരേന്ത്യന്‍ യോഗികളും കബീറും ഷിര്‍ദ്ദി സായിബാബയും സത്യസായി ബാബയും സൂഫിവര്യന്മാരും മറ്റും പ്രതിനിധീകരിക്കുന്ന ഒരു വിശാലമായ ഒഴുക്കാണ്. അതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുന്ന സാധാരണ ഭക്തനാണ് ഞാന്‍.
കേരളം 2020-21ല്‍ സ്വപ്നയിലും സ്വര്‍ണത്തിലും ലൈഫ് മിഷനിലും കിഫ്ബിയിലും കിടന്ന് ചുറ്റിപ്പിടയുന്നു. സാധാരണ ജനങ്ങള്‍ ഒരു വിനോദസദ്യയായി അത് ആഘോഷിക്കുന്നു.
പക്ഷെ ഈ ആഘോഷത്തിനും അപ്പുറമുള്ള കാര്യങ്ങളിലേക്ക് കടന്നുകയറാത്തത് നാളെ ഇതിലും ഗുരുതരമായ ദുരന്തമായിത്തീരാം. വടക്കേ ഇന്ത്യയും വടക്കേ മലബാറുമെല്ലാം കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ സമൂഹപകയുടെ കൂറ്റന്‍ കര്മഭാണ്ഡക്കെട്ടുകള് വാരിക്കൂട്ടി സഞ്ചയിച്ചിട്ടുണ്ട്. അത് ഇന്നും ചുമക്കുന്നുമുണ്ട്. ഇന്നത്തെ പുതിയ പ്രശ്നങ്ങളിലും ആ സമൂഹ കര്‍മഭാണ്ഡം ചുരുളഴിയുന്നുമുണ്ട്.
നമുക്കത് കുറച്ചുകൊണ്ട് വരണം. അതാണ് ഇന്ത്യയുടെ രാഷ്ട്രീയ സാധന. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള ഇന്ത്യയുടെ ധ്യാനം. മെഡിറ്റേഷന്‍, യോഗ, യോഗം. ഇത് നമ്മുടെ സാര്‍വദേശീയ ദൗത്യവുമാണ്. ഈ ഉദാത്ത സങ്കല്‍പ്പങ്ങളൊന്നും ഷണ്ഡത്വത്തിന്റെ പര്യായപദങ്ങളാകരുത്. കാനനവാസത്തിലേക്കുള്ള അരാഷ്ട്രീയ ഉള്വലിയാകരുത്.
മാര്‍ക്സിയന്‍ ഭൗതികവാദ ശാഖ കേരളത്തിലും തകര്‍ന്ന് കഴിഞ്ഞിട്ട് മൂന്ന് ദശകത്തിലേറെയായി. അതാരെയും ഹരംപിടിപ്പിക്കാത്തതായി. ത്യാഗത്തിന്റെ വ്യക്തിപരമായ അടിത്തറയല്ലാതായി. അതിന്റെ ശരീരം – പാര്‍ട്ടികള്‍- ഇന്നും അവശേഷിക്കുന്നു. അത് നിലനിര്‍ത്താനുള്ള അസാധ്യമായ വെപ്രാളത്തിലാണ് മൂന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. ജന്മഭൂമി വായനക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഒരു കബന്ധയുദ്ധം. തലയില്ലാതെ ശരീരം അവസാന പോരാട്ടം നടത്തുന്നു. ഉപദേശകവൃന്ദം തലയാകാന്‍ ശ്രമിക്കുന്ന മരണവെപ്രാളകാലം.
ഇപ്പോള്‍ ഇവിടെയുള്ള ശരീരമാണ് കേരളത്തിലെ സര്‍ക്കാര്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗുണഭോക്തൃ സംഘടന; സഹകരണ സംഘങ്ങള്‍, ഭരണത്തുടര്‍ച്ച നഷ്ടപ്പെടുമ്പോള്‍ സുഖജീവിതവും മടിയന്‍ ജീവിതവും, കഷ്ടപ്പെട്ട ഒരു ഉപജീവന സാധ്യതപോലും നഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍. അതായത് ഒരു ബലിഷ്ഠമായ വോട്ട് ബാങ്ക്.
പക്ഷെ ഇതിന്റെ പ്രാണവായു എന്താണ്? തലയില്ലാതെ യുദ്ധംചെയ്യാനും വെന്റിലേറ്റര്‍ വേണം. ചാനലുകളും പത്രങ്ങളും മധ്യനിരനേതൃത്വം ശീലിച്ചുപോയ ആഡംബര-അരാജക ജീവിതവും ആഡംബര ചികിത്സയുംവിദേശ വിദ്യാഭ്യാസവുമൊക്കെ നിലനിര്‍ത്തണമെങ്കില്‍ ആയിരക്കണക്കിന് കോടികള്‍ വേണം. ബക്കറ്റ് പിരിവുകൊണ്ടോ ലക്ഷക്കണക്കിന് മാത്രം കിട്ടുന്ന സംഭാവനകള്കൊണ്ടോ (സദ്ഭാവനയില്ലാതെ കിട്ടുന്ന പണമാണിപ്പോള്‍ സംഭാവനയെന്ന തലതിരിഞ്ഞ വാക്ക്) ഇടത്തരം മലയാളി മുതലാളിത്തത്തിന്റെ അര്‍ദ്ധമനസ്സോടെയുള്ള സഹായംകൊണ്ടോ ഈ ലക്ഷക്കണക്കിന് കോടികള്സ്വരൂപിച്ചെടുക്കാനാവില്ല. പണമില്ലെങ്കില്‍ പിണം. അപ്പോള്‍ പണത്തിനുമീതേ പരുന്തും പറക്കണം. അഴുക്ക് കാനകള്ക്ക്മുകളില് വട്ടമിട്ട് പറന്ന് ചീഞ്ഞതെല്ലാം തഞ്ചത്തില്‍ കൊത്തിയെടുക്കണം.
ഉത്തരേന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകളില്‍ ഒരെണ്ണംമതി ഇവരുടെ ആവശ്യം നിറവേറ്റാന്‍! പക്ഷെ അവര്‍ പല കാരണങ്ങള്‍കൊണ്ടും, മതകാരണങ്ങള്കൊണ്ട് പ്രത്യേകിച്ചും, കമ്മ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി അവരുടെ മടിശ്ശീലയഴിക്കില്ല. അപ്പോള്‍ മുന്തിരിങ്ങ പുളിക്കും. അത് നാം സ്വീകരിക്കുകയില്ല. കുറുക്കന്റെ കടുത്ത ത്യാഗം. പാവം കുറുക്കന്റെ കഷ്ടകാലം അവനല്ലേ അറിയൂ. വിളഞ്ഞുപഴുത്ത് നില്ക്കുന്നു, നമുക്ക് വേണംതാനും. പക്ഷെ തലതാഴ്ത്തി ത്യാഗം അനുഷ്ഠിച്ച് മണ്ടിക്കളയുകയാണ് കൗശലം. ലീലയെപ്പോലെയോ ലൂലൂവിനെപ്പോലെയോ ശോഭയെപ്പോലെയോ വല്ലതും ചെറുതായൊന്ന് ചാടിക്കിട്ടിയാല്‍ അതാകുകയും ചെയ്യാം. അത് കേരളാ ദേശീയ മുതലാളിത്തം; കോബ്രഡോര്‍ ബൂര്‍ഷ്വാസിയല്ല. ഹാവൂ തല്ക്കാലം കടുത്ത വിശപ്പടക്കാം.
പിന്നെ ലോകമുതലാളിത്തം. അവര്‍ക്കുമറിയാം, മൂലധന ദുസ്സംഗം അപകടമാണെന്ന്! ചൈന അവരെ ഈ പാഠം പഠിപ്പിക്കുന്നുമുണ്ട്. ഇറ്റലിയും അമേരിക്കയുമെല്ലാം അത് പഠിപ്പിക്കുമ്പോള്‍ അവരും അറിഞ്ഞ് വന്‍തോതില്‍ ഒന്നും തരികയില്ല. ഇതൊക്കെ പാര്‍ട്ടികളുടെ പ്രതിസന്ധി. അതിലും ഇമ്മിണി വലിയ ഒരു കാര്യമുണ്ട്.
അവശേഷിക്കുന്ന ഒരേയൊരു സര്‍ക്കാര്‍. കേരളാ ഗവണ്മെന്റ്. ‘കേരളത്തില്‍ ഒരു കോട്ട കെട്ടിനില്‍ക്കുകയാണ് ഞങ്ങള്‍’, ‘ഇവിടെ കേരളം വേറെ’, ‘ഇറങ്ങെടാ പുറത്ത്’ എന്നൊരു ഭാവത്തിലാണ് മുഖ്യനും വിത്തെടുത്ത് കുത്തുന്ന വിത്തമന്ത്രിയും. പോലീസുകാരെ ഭയന്നും എന്നാല്‍ നാട്ടുകാരെ ഭയപ്പെടുത്തിയും തുടയ്ക്കടിച്ച് കവലയില്‍ കുറുകെ നില്ക്കുന്ന കവലച്ചട്ടമ്പി ഭാവം. ഒരു കേരളാമോഡല്‍ വികസനം. വേറിട്ട മാതൃക. ഇവിടെ ഈ ഇരുട്ടില്‍ ഞങ്ങള്‍ക്ക് ഇന്ത്യാ ഗവണ്മെന്റില്നിന്ന് കടകവിരുദ്ധമായ സാമ്പത്തിക നയങ്ങളും മുന്‍ഗണനകളും സാമ്പത്തിക സ്വാതന്ത്ര്യവും വേണം. വിദേശങ്ങളുമായി നേരിട്ടുള്ള ബന്ധം വേണം. അതിന് സ്വപ്നയെപ്പോലെ നെഗോഷ്യയേഷന്‍സ് നടത്താനുള്ള അംബാസഡര്‍മാര്‍ വേണം. അവര്പോയി എല്ലാം ശരിയാക്കി വന്നാല്‍ കരാര്‍ ഒപ്പിടാനും സ്റ്റോക്ക് എക്സേചേഞ്ചില്‍പ്പോയി മണിയടിക്കാനും രാഷ്ട്രത്തലവന് എഴുന്നള്ളും.
ഇതിന്റെ അപ്പോസ്തലനാണ് പരിഹാസംമാത്രം ചുണ്ടില്‍വിരിയുന്ന വിത്തമന്ത്രി തോമസ് ഐസക്. ഈയിടെ ഈ ഉപദേശി കവലകളില്നിന്നുള്ള ‘പാപികളേ, പാപികളേ, മാനസാന്തരപ്പെടുവിന്‍’ എന്നുള്ള വിളിക്ക് അല്‍പ്പം ഡോസേജ് കൂട്ടിയിട്ടുണ്ട്. പക്ഷെ ഈ ‘വ്യത്യസ്ത വികസന മോഡല്‍’ അതായത് സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സയന്‍സില്‍ മാര്‍ക്സിസത്തിനേറ്റ മഹാമാരിയെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് പരീക്ഷിക്കാനും പണം വേണം. അത് കോടി കോടികള്‍ വേണം. കേരളാ ബാങ്ക് പോലും പോരാ!
കേന്ദ്ര ഗവണ്മെന്റിന്റെ വീട്ടുമുറ്റത്ത് സദാ വിളിച്ചുകൂവി ഓരിയിട്ടശേഷം അവിടെച്ചെന്ന് ‘മൂലധനം’ ചോദിക്കാന്‍ എങ്ങനെ ലജ്ജതോന്നാതിരിക്കും. പോകുമ്പോള്‍ കൈ തെറുത്തുകയറ്റി ഒരു പരിഹാസത്തോടെയും ഔദ്ധത്യത്തോടെയുമല്ലാതെ എങ്ങനെ പോകും! അത് നടക്കാതെവന്നാല്‍ ‘അതുകൊണ്ട് അരിശം തീരാതെ, പുരയുടെ ചുറ്റും മണ്ടിനടക്കും’!
കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് തമ്മില്‍ സര്‍ക്കാര്‍ തലത്തില്‍ നിലനിര്‍ത്തേണ്ടിയിരുന്ന പരിമിത സൗഹൃദംപോലും തകര്ത്തുകഴിഞ്ഞവര്ക്ക് ‘കേരളാ മോഡലിന്’ വേണ്ട മൂലധനം എവിടെപ്പോയുണ്ടാക്കും?
ഇവിടെയാണ്, ആധുനിക യൂറോപ്യന്‍ അമേരിക്കന്‍ മാര്‍ക്സിസത്തിന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടി ഗവേഷണം നടത്തുന്ന ചില കിഴവന് ബുദ്ധിജീവികളുടെ പരീക്ഷണശാലയായി കേരളം മാറുന്നത്. ഇടതുപക്ഷങ്ങളും മുസ്ലീം രാജ്യങ്ങളും മുസ്ലീം ഫണ്ടമെന്റലിസവുമായുള്ള ഒരു ബാന്ധവ പരീക്ഷണത്തിന് കേരളം വേദിയാകുന്നു. അവര്‍ക്കൊരു പൊതു ശത്രുവുണ്ട്. അതാണ് ഇന്ത്യയിലെ കേന്ദ്രഗവണ്മെന്റ്. അതാണ് സഖാവേ, സമകാലീന മുഖ്യവൈരുദ്ധ്യം. പ്രിന്‍സിപ്പല്‍ കോണ്ട്രഡിക്ഷന്! മുഖ്യശത്രുവിനെ നേരിടാന്‍ മഹാ ഐക്യനിര കെട്ടിപ്പടുക്കണം. അതിന് ഇനി കൂടെ കിട്ടാനുള്ളത് അംബേദ്കറെ മാത്രം. അവര്‍ എണ്ണമെഴുക്കുള്ള നല്ല അയവ് കാട്ടി വീണ്ടും ഒരു ചതിക്കുഴിയിലേക്ക് വീഴാതെ കരുതിനീങ്ങുന്നു. അമേരിക്കയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടില്‍ പോലും അവര്‍ക്ക് നിരീശ്വരവാദമില്ലാത്തതുകൊണ്ട് അവര്‍ സാമാന്യബുദ്ധിയില്‍ അപകടം മണത്തറിഞ്ഞ് നില്ക്കുന്നു.
അങ്ങനെ ലോകഗോദയില്, അവശിഷ്ട മാര്‍ക്സിസവും ലോകത്തെ ഇസ്ലാമിക പുണ്യഭൂമിയാക്കാന്‍ ശ്രമിക്കന്ന ശക്തികളും മുഖ്യശത്രുവിനെതിരായി ഒന്നിക്കുന്നു. അതിന്റെ ഉല്‍പ്പന്നമാണ് കേരളാ മോഡല്‍ വികസനമെന്ന് നിങ്ങളെക്കൂടാതെ കുറച്ചുപേര്‍ക്കെങ്കിലും തിരിച്ചറിയാം. അതിന്റെ ഫലമാണ് സ്വര്‍ണം കള്ളക്കടത്ത്. അത് പാര്‍ട്ടിക്ക് ദാഹജലം. കിഫ്ബിയും ലൈഫ്മിഷനും മസാലാ ബോണ്ടും കേരളാ ബാങ്കും സര്‍ക്കാരിന്! അതവരുടെ ജീവജലം.
പൂച്ച പാല് കുടിക്കുന്നതുപോലെ ഇത് തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. ഈന്തപ്പഴവും വിശുദ്ധ ഖുറാന് ഇറക്കുമതിയും പഞ്ചനക്ഷത്ര ഹോട്ടല്‍ മുറികളിലെ സഹവാസവുമൊക്കെ ഇതിന്റെ പഞ്ചസാരപ്പാവ്! ഇതൊക്കെ നാട്ടുകാര്‍ക്കെല്ലാം അറിയുന്ന കാര്യങ്ങള്‍ സഖാവേ! സാമ്പത്തിക സാമൂഹ്യതലങ്ങളില്‍, ഭൂവുടമസ്ഥതയ്ക്ക് വേണ്ടിയുള്ള പരക്കംപാച്ചിലില്‍ അധികാരകേന്ദ്രങ്ങളിലേക്ക് പതുക്കെ പിടിയുറപ്പിക്കാനുള്ള ലൗജിഹാദ് നീക്കങ്ങളില്‍ ഇതെല്ലാം നടക്കുന്നുണ്ടെന്നത് നാട്ടിന്‍പുറങ്ങളില്‍ അങ്ങാടിപ്പാട്ടാണ്. പെണ്ണുങ്ങള്‍ക്കും ഇക്കാര്യത്തില്‍ നല്ല വിവരമായിത്തുടങ്ങി.
പക്ഷെ ഏറ്റവും ഗൗരവമായ കാര്യം, ഈ ചര്‍ച്ചകള്‍ ചായക്കടകളിലും കല്യാണവേദികളിലും എല്ലാം നടക്കുമ്പോള്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കൂടിക്കൂടിവരികയാണ്. സ്ഥലം വില്‍ക്കുന്നതിലും വാടകയ്ക്ക് കൊടുക്കുന്നതിലും പത്രം വരുത്തുന്നതിലും നിര്‍ത്തുന്നതിലും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിലും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തെരഞ്ഞെടുക്കുന്നതിലും എന്തിനേറെ പലചരക്ക് കടകള്‍ തെരഞ്ഞെടുക്കുന്നതില്‍പ്പോലും കഷ്ടം, കേരളത്തിലെ മനുഷ്യര്‍ മതപരമായ അകല്ച്ചകാണിക്കുന്നു. പത്ത് പതിനഞ്ച് കൊല്ലമായി നടക്കുന്ന ഈ മാറ്റം മുഴുവന്‍ സംഘികള്‍ ഉണ്ടാക്കിയതാണെന്ന് പറയുന്നത് എത്ര ബാലിശമാണ്. കോണ്‍ഗ്രസ് അനുഭാവികളിലും മാര്‍ക്സിസ്റ്റ് അനുഭാവികളിലും ഈ വികാരം പതുക്കെപ്പതുക്കെ അരിച്ചുകയറി വിഷം ശേഖരിക്കുകയാണ്. ഇതാണ് ഗൗരവമായ കാര്യം. അഴിമതിയും മദാലസ ജീവിതവുമെല്ലാം സനാതനം. പൗരാണികം. അതിന്റെ പരാമര്‍ശങ്ങളില്ലാത്ത ബൈബിളില്ല, പുരാണ ഗ്രന്ഥങ്ങളുമില്ല. കനകംമൂലം കാമിനിമൂലം കലഹം എന്നോര്‍ത്ത് പൊറുക്കാം, ക്ഷമിക്കാം.
ഇന്ത്യയുണ്ട്, നമുക്ക് അതിര്‍ത്തികളുണ്ട്, ഭരണഘടനയുണ്ട്. അതിനിയും കുറെക്കാലം നിലനിര്‍ത്തുകയും വേണം. ശക്തിപ്പെടുത്തുകയും ജനജീവിതം കുറെക്കൂടി ശാന്തമാക്കുകയും സ്നേഹസാന്ദ്രമാക്കുകയും വേണം. അതിനെതിരായി വരുന്നതാണ് വെല്ലുവിളികളെങ്കില്‍, അത് കേരളത്തിലെ ഭരണത്തുടര്‍ച്ചയുടെ പ്രശ്നമല്ല. ബിജെപിക്ക് വോട്ട് നില മെച്ചപ്പെടുത്തുന്നതിന്റെ പ്രശ്നമല്ല. കേരളത്തിന്റെ മാത്രം പ്രശ്നമേയല്ല. ഇന്ത്യയുടെ വൈകാരിക അഖണ്ഡതയുടെ ഗുരുതരമായ പ്രശ്നമാണ്.
വേറൊരു പഞ്ചാബ് മോഡലും നാഗാലാന്‍ഡുമൊക്കെ ഉണ്ടാകാന്‍ അനുവദിക്കാതിരിക്കുന്നതിന്റെ പ്രശ്നമാണ്. ഒരു സംസ്ഥാന ഗവണ്മെന്റ് കൗശലത്തോടെ, സൂത്രത്തോടെ, കള്ളക്കമ്പനിയുണ്ടാക്കി സംസ്ഥാനങ്ങള്‍ വിദേശരാജ്യങ്ങളില്‍പ്പോലും അവരെ ഇവിടെ വിളിച്ചുവരുത്തി ഈത്തപ്പഴം നല്കി സല്ക്കരിച്ചും ഒരു സ്വതന്ത്ര രാജ്യം പോലെ പെരുമാറിത്തുടങ്ങിയാല്‍ അ്ത് ഗുരുതമായ പ്രത്യാഘാതങ്ങളുളവാക്കും. അതാണ് കിഫ്ബിയുടെ ആപത്ത്. പക്ഷെ ഇന്ത്യയുടെ ഭരണഘടനാ നിര്‍മാതാക്കള്‍ ഏറ്റവും അധികാരം നല്കി സൃഷ്ടിച്ച സിഎജി അത് ധീരതയോടെ ചൂണ്ടിക്കാണിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മഹാശക്തി-ജനാധിപത്യത്തിന്റെ ഉള്‍ക്കരുത്ത്.
ഇത് തുടരാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ മത-സന്തുലിതാവസ്ഥ വീണ്ടും തകിടംമറിച്ച് പകയുടെയും അതൃപ്തിയുടെയും അസഹിഷ്ണുതയുടെയും പൊട്ടിത്തെറികള്‍ ആസന്നമാക്കിയേനെ! സംസ്ഥാന ഗവണ്മെന്റുകള്ക്ക് ഇത്തരം സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്ന പിഴവുകള്‍ റിസര്‍വ് ബാങ്കിലെ ഏതെങ്കിലുമൊരു വിഭാഗത്തിനുണ്ടായാല്‍ അതും തിരുത്തപ്പെടണമെന്നും ഫെഡറല്‍ സംവിധാനത്തില്‍ വിദേശ സാമ്പത്തിക ബന്ധങ്ങള്‍ കേന്ദ്രലിസ്റ്റില്‍ത്തന്നെ ഫലപ്രദമായി പഴുതുകള്‍ അടച്ച് തുടരണമെന്നും അതിനുള്ള നടപടികള്‍ വേണമെന്നും സിഎജി പറഞ്ഞാലുടനെ തോമസ് ഐസക് കവലയില്‍നിന്ന് പാപികളെ എന്ന്് ഹാലിളകിയിട്ട് എന്ത്കാര്യം? ഭീകരപ്രവര്‍ത്തനങ്ങളെക്കാള്‍ ഭീകരമായ വെല്ലുവിളിയാണ് ഈ ഹാലിളക്കം.
ഇത്തരം ഗുരുതരമായ നയപരമായ തീരുമാനങ്ങള്‍ കേരളത്തിലെ ഒരു സാമ്പത്തിക ഹാലിളക്കം ബാധിച്ച രണ്ട് അഹങ്കാരങ്ങള്‍ പരസ്പരം കൂടിയാലോചിച്ചെടുത്ത സ്വകാര്യ തീരുമാനങ്ങളാണെന്ന് കരുതാന്‍ പാര്‍ട്ടി നടപടിക്രമങ്ങളെക്കുറിച്ചറിയുന്ന ഞങ്ങള്‍ക്കൊന്നും കഴിയില്ല. ഏറ്റവും ഉയര്‍ന്ന തലത്തിലെടുത്ത ജീവന് രക്ഷാ പദ്ധതിയാണിതെന്ന് സാഹചര്യങ്ങള്‍വച്ച് മനസ്സിലാക്കാവുന്നതേയുള്ളു. സ്വര്‍ണക്കടത്തും അതിന്റെ വിദേശ മതപരിവേഷന്ധങ്ങളും കിഫ്ബിയും ഇസ്ലാം ജനതയില്‍ ആയിരത്തിലൊരാളുടെ പോലും പിന്തുണയില്ലാതെ തീവ്രവാദ ശക്തികളുമായുള്ള അതിന്റെ കൂട്ടിക്കുഴയലും ദീര്‍ഘകാല വിപത്തുകളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇതുവെറും അഴിമതിക്കഥയല്ല. പാവം ഒരു സ്വപ്നയെ അധിക്ഷേപിച്ചതുകൊണ്ടോ, വിഷമെല്ലാം ശിവശങ്കറിനെ കുടിപ്പിച്ചതുകൊണ്ടോ തീരുന്ന വിനോദമല്ല ഇത്.
ഇത് കേരളത്തിന്റെ പ്രശ്നമല്ല. ഇന്ത്യയുടെ പ്രശ്നമാണ്. ഇത് ഇന്ത്യന്‍ മാധ്യമങ്ങള്‍ അതീവ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ഷണ്ഡത്വമില്ലാതെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ കുറച്ചുകൂടി മെച്ചമായ ഒരു സമൂഹസൃഷ്ടിക്കുവേണ്ടിയുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കപ്പെടും.
പഴയ ഒരു കിഴവന് സഖാവെന്ന നിലയ്ക്ക്് എന്നോട് ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്. ‘അപ്പോള്‍ പാര്‍ട്ടി എന്തുചെയ്യണം?’
ഭരണമില്ലാത്ത ഒരു അവസ്ഥയില്‍ക്കൂടി കടന്നുപോയി ഒന്ന് മെലിഞ്ഞ്, തടിയൊക്കെ കളഞ്ഞ് കുറെ ദുര്‍മേദസ്സ് കളയണം. അതിനിടയില്‍ ഗുരുദേവന്റെ ഒരു പീഡയെറുമ്പിനും എന്നുതുടങ്ങുന്ന അനുകമ്പാദശകത്തിലേക്ക് ഭാഗികമായ ഒരു പ്രത്യയശാസ്ത്രമാറ്റം സാധിക്കുമെങ്കില്‍ നല്ല സിദ്ധവൈദ്യമാണ്. ഗാന്ധിജിയുടെ ലളിത ജീവിത ശൈലിയിലേക്ക് മടങ്ങണം. കുരങ്ങനെയും പാമ്പിനെയും ഇനിയൊരിക്കലും ചുട്ടുകൊല്ലരുത്. പട്ടികളെ വെട്ടിക്കൊല്ലരുത്. പ്രാണികളെയും പ്രകൃതിയെയും കഴിയുന്നത്ര ദ്രോഹിക്കാതിരിക്കണം. ഇത്രയും പഥ്യം മതി. പാര്‍ട്ടിക്ക് വളരെവേഗം ഊര്‍ജത്തോടെ തിരിച്ചുവരാന്‍ കഴിയും.
ചാരു മസൂംദാരുടെ മകന് ബംഗാളില്‍ നയിക്കുന്ന ബീഹാറിലെ 12 സീറ്റ് നേടിയ പാര്‍ട്ടി ഉള്‍പ്പെടെ മൂന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ ജനാധിപത്യ പാര്‍ട്ടികളാണ്. എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരൊറ്റ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയിക്കൂടാ! ഇന്ത്യമുഴുവനുമുണ്ടാകും അതിന്റെ ശക്തി. അതോടൊപ്പം ഇപ്പോള്‍ ആയുധമെടുത്ത്പോരാടുന്നവരെക്കൂടി തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അതിന് നിങ്ങളെല്ലാംകൂടി നേതൃത്വമേറ്റെടുത്താല്‍ അമിത്ഷായും മോദിയും വന്ന് നിങ്ങളെ കെട്ടിപ്പിടിക്കും. പതിനായിരക്കണക്കിന് ആദിവാസികളുടെ ജീവന് രക്ഷിക്കാന്‍ കഴിയും. ലോകം മുഴുവന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെ ആരാധിക്കും. അതിന് രാഷ്ട്രീയ സാഹസംവേണം. അതുണ്ടായതുകൊണ്ടാണ് സംഘികള്‍ അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: