ഇ എസ്.ബിജു
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി
കേരളീയ സമൂഹത്തിന് അപമാനമുണ്ടാക്കുന്ന തരത്തില്‍ സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പട്ടികജാതി സമൂഹങ്ങള്‍ക്കും എതിരെ അതിക്രമങ്ങള്‍ നിയന്ത്രണാധീതമായി വര്‍ധിച്ചുവരികയാണ്. നീതിന്യായനിര്വ്വഹണ സംവിധാനങ്ങള്‍ ഫലപ്രദമല്ലെന്ന് മാത്രമല്ല പലപ്പോഴും ഇരകള്ക്കെതിരുമാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.
സൂര്യനെല്ലി ,കോന്നി, കിളിരൂര്‍ പീഡനങ്ങള്‍,സൗമ്യവധം ,പെരുമ്പാവൂര്‍ ജിഷ വധം, അടൂരിലെ കൂട്ടബലാത്സംഗം, കാട്ടാക്കട ദളിത് പീഡനം, എം.ജി സര്‍വ്വകലാശാലയില്‍ ദീപ പി മോഹന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് നേരിട്ട ജാതി പീഡനം, ആര്.എല്‍.വി കോളജിലെ കുട്ടികളുടെ ആത്മഹത്യാശ്രമം, പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചത്, ഡോ.സരസുവിന് കുഴിമാടം തീര്‍ത്തത്, തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് പെണ്‍കുട്ടികളെ ജയിലിലടച്ചത്, ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് നേരെയുള്ള അതിക്രമങ്ങള്‍, വിനായകന്റെ ലോക്കപ്പ് വധം ,നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം, കെവിന് ജോസഫ് വധം, റാന്നി പെണ്‍കുട്ടികളുടെ മരണം, വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകം തുടങ്ങി പട്ടിക അവസാനിക്കുന്നില്ല..
വാളയാര്‍ അട്ടപ്പള്ളത്ത് 2 പിഞ്ചു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് സെഷന്‍സ് കോടതിയില്‍ ചാര്‍ജ് ചെയ്ത396/17, കേസ്പിന്നീട് പോസ്കോ കോടതിയിലെ വിചാരണക്കു ശേഷം പ്രതികളെ നിരുപാധികം വിട്ടയച്ചു. അന്വേഷക സംഘം, ശിശുക്ഷേമ സമിതി, രാഷ്ടീയ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് കേസ് അട്ടിമറിക്കുകയായിരുന്നു.ദുര്‍ബലരും നിരാശ്രയരുമായ പട്ടികജാതി വര്‍ഗ്ഗം സമൂഹം നിരന്തരം വേട്ടയാടപ്പെടുന്നു. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട ഭരണകൂടവും നിയമപാലകരും ജനപ്രതിനിധികളും വേട്ടക്കാരുടെ പക്ഷത്ത് ചേരുന്നു.പ്രതികളുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം മൂലം കേസുകള്‍ അട്ടിമറിക്കപ്പെടുന്നു. വാളയാര്‍കേസ് അന്വേഷണത്തിലും നടത്തിപ്പിലും ഗുരുതരമായ പിഴവുകള്‍ ഉണ്ടായെന്ന് സര്‍ക്കാരിന് കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ സമ്മതിക്കേണ്ടി വന്നു.
നാല് വര്‍ഷത്തെ ഇടത് ഭരണത്തില്‍ 13562 പോസ്കോ കേസുകളുണ്ടായി.6 വയസിന് താഴെയും 60 വയസിന് മുകളിലും ഉള്ളവര്‍ പീഡിപ്പിക്കപ്പെടുന്ന കേസുകള്‍ കൂടുതല്‍ കേരളത്തിലാണ്. പീഡന കേസുകളില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. 2015ല്‍ 20 75 കേസുകളിലായി 20 44 സ്ത്രീകള്‍ പീഡനത്തിനിരയായി.ദിവസേന പീഡിപ്പിക്കപ്പെടുന്ന 6 പേരില്‍ 4 പേര് പെണ്‍കുട്ടികളാണ്. 2016 മുതല്‍ പ്രായപൂര്‍ത്തിയാകാത്ത 4807 കുട്ടികള്‍ പീഡനത്തിന്നിരയായി.6-12 വയസിനിടയില്‍ 360, 12 -16 ഇടയില്‍ 373, 16-18 ഇടയില്‍ 188 എന്ന നിലയാണ് പീഡനത്തിന്റെ കണക്ക്. 120 കുട്ടികള്‍ 5 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടപ്പോള്‍ 843 കുട്ടികളെ കാണാതായി.
ആരുമറിയാതെ അവസാനിക്കുമായിരുന്ന വാളയാര്‍ കേസ് വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടത് ചുരുക്കം ചിലരുടെ ഇടപെടല്‍ മൂലമാണ്. സമുദായ നേതാവ് തന്നെ വഞ്ചനയുടെ ഏജന്റായി. ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഹിന്ദു ഐക്യവേദി എന്നിവരാണ് ഇരകളുടെ കുടുംബത്തിന് പിന്തുണയുമായി എത്തിയത്.പട്ടിക ജാതിക്ഷേമവും നിയമകാര്യവും ഒന്നിച്ച് ഭരിക്കുന്ന മന്ത്രി എ.കെ.ബാലന്റെ ജില്ലയിലാണ് ഈ വേട്ടയാടല്‍ നടന്നത്.
പട്ടികജാതി പദവിയും സംവരണവും നേടി സീറ്റ് ലഭിച്ച് ജയിച്ച 16 പേരാണ് നിയമ സഭയില്‍ ഉള്ളത്. .ഇതില്‍ ഒരു മന്ത്രിയും ഒരു ഡപ്യൂട്ടി സ്പീക്കറുമുണ്ട്. സി പി എം (8), സി പി ഐ 4, ആര് എസ് പി (എല്‍) 1 ,കോണ്‍ഗ്രസ് 3 എന്നിങ്ങനെയാണ് 16 പേര്. പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിന്റെ ശബ്ദം നിയമനിര്‍മാണ സഭകളില്‍ എത്തണമെന്ന ഡോ.ബി.ആര് അംബേദ്കറുടെ ദീര്‍ഘദര്‍ശിത്വമാണ് സംവരണ മണ്ഡലങ്ങള്‍ എന്ന ആശയമായത്. എന്നാല്‍ നിയമസഭകളിലെത്തുന്ന ഈ സാമാജികര്‍ ഈ വിഭാഗത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളിലും നീതി നിഷേധങ്ങളിലും കുറ്റകരമായ മൗനം പാലിച്ച ഇവര്‍ അതിനേക്കാള്‍ ഹീനമായ തരത്തില്‍ വേട്ടക്കാരുമായി ഒത്തുതീര്‍പ്പുകളിലെത്തി.
അട്ടപ്പാടി മധുവിനെ അടിച്ചുകൊന്നപ്പോഴും, ആറന്മുളയിലെ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചപ്പോഴും, വാളയാറിലെ കുരുന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയപ്പോഴും ഈ കുറ്റകരമായ അനാസ്ഥതുടര്ന്നു. കണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവനോപാധിയ്ക്ക് തടസം സൃഷ്ടിച്ച രാഷ്ട്രീയ നേതൃത്വത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ ജീവന് ഭീഷണി നേരിടുമ്പോഴും, ജന്മസ്ഥലത്ത് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ അവസരം നിഷേധിക്കുമ്പോഴും നിരാലംബയായ പെണ്‍കുട്ടികള്‍ക്ക് അനുകൂലമായി ഒരു വാക്ക് പോലും ഉച്ചരിക്കാന്‍ ജനപ്രതിനിധികളും, സംസ്കാരിക സമൂഹവും സ്ത്രീ സംരക്ഷണ കമ്മിറ്റിക്കാരും തയ്യാറാകുന്നില്ല. ഇവിടെ സൂചിപ്പിച്ച കണക്ക് പരിശോധിക്കുമ്പോഴും സംസ്ഥാനത്തെ ഭരണാധികാരികളുടെ നയങ്ങളും നിലപാടുകളും വിലയിരുത്തുമ്പോഴും ഒരു കാര്യം വ്യക്തമാകുന്നു. ഇടത്-വലത് മുന്നണികളില്‍ നിന്നും, ഭരണാധികാരികളില്‍ നിന്നും നീതിലഭിച്ചില്ല എന്നതാണത്. പട്ടികജാതിസമൂഹത്തിന്റെ അവകാശവും അധികാരങ്ങളും സംരക്ഷിക്കാന്‍ ബാധ്യതയും ഉത്തരവാദിത്തവുമുള്ള എസ്സി/എസ്ടി ജനപ്രതിനിധികളില്‍ നിന്നും നീതി ലഭിക്കില്ല.
സമുദായത്തില്‍ ജനിച്ച്, രാഷ്ട്രീയ പാര്‍ട്ടികളുടെ ഏറാന്മൂളികളായി, പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് എഴുതി കൊടുത്തത് മാത്രം വായിക്കാന്‍ വിധിക്കപ്പെട്ട, മസ്തിഷ്കം രാഷ്ട്രീയ നേതൃത്വത്തിന് മുന്‍പിന്‍ അടിയറവച്ച ഇവര്‍ അധികാരത്തിന്റെ ഏത് മേഖലയില്‍ എത്തിയാലും നിഷ്ക്രിയരാവുകയാണ്. പീഡിപ്പിക്കപ്പെടുന്ന സമൂഹത്തിന്റെ ദീനരോദനം കേള്‍ക്കാന്‍ കഴിയാത്ത, ദൈന്യംമുഖം കാണാന്‍ കഴിയാത്ത കേവലം മനുഷ്യരൂപങ്ങള്‍ മാത്രമാണ് ഇവര്‍.
മുന്‍കാലങ്ങളില്‍ ജന്മി, തമ്പുരാക്കന്മാര് മുതുകില്‍ കെട്ടിവച്ച് തന്ന നുകം, ഇന്ന് രാഷ്ട്രീയ തമ്പുരാക്കന്മാര് തങ്ങളുടെ മുതുകില്‍ കെട്ടിതരുമ്പോള് സമ്പത്തിനും, അധികാരസ്ഥാനത്തിനും സുഖസൗകര്യത്തിനും വേണ്ടി രാഷ്ട്രീയ അടിമകളായി മാറുകയാണ് നാം തിരിഞ്ഞെടുത്ത ജനപ്രതിനിധികള്‍. ഇവരുടെ നിഷ്ക്രിയത്വത്തെ മുതലാക്കി സംഘടിത മതസമൂഹവും, അതിസമ്പന്നരും, ഭൂമാഫിയകളും, അവശജനസമൂഹത്തിന്റെ മടികുത്തഴിക്കാന്‍ ശ്രമിക്കുമ്പോള്‍, കാമഭ്രാന്തിന് ഇരയാകുമ്പോള്‍, പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരുമ്പോള്‍ അദ്ധ്വാനിച്ച് നേടിയ പ്രകൃതിയെ കയ്യടക്കുമ്പോള്‍ സ്വയം പ്രതിരോധത്തിന്റെ കാരിരുമ്പ് കോട്ട തീര്‍ത്ത് അവകാശങ്ങള്‍, സംരക്ഷിക്കാനും നീതിനിഷേധങ്ങള്‍ക്ക് അറുതിവരുത്തുവാനുമുള്ള പോരാട്ടമാണ് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള സമുദായ കൂട്ടായ്മ സാമൂഹ്യ നീതി കര്‍മ്മസമിതിയിലൂടെ നടത്തുന്നത്.
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക, പട്ടികജാതി അതിക്രമനിരോധനനിയമം കര്‍ശനമായി നടപ്പിലാക്കുക, എസ്സി/എസ്ടി നിയമന അട്ടിമറി അവസാനിപ്പിക്കുക. എസ്സി/എസ്ടി ഫണ്ട് കൃത്യമായും വിനിയോഗിക്കുക, കോളനികളുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണുക. മുഴുവന്‍ ഭൂരഹിതര്‍ക്കും കൃഷിഭൂമിയും, പാര്‍പ്പിടവും നല്‍കുക എന്നീ ആവശ്യമുന്നയിച്ച് കൊറോണ കാലഘട്ടത്തിലും പ്രക്ഷോഭത്തിന് ഇറങ്ങുകയാണ്.
പ്രതികരണ ശേഷി രാഷ്ട്രീയ യജമാനന്മാര്ക്ക് മുന്പില് അടിയറവച്ച എസ്സി/എസ്ടി സമൂഹ ജനപ്രതിനിധികളുടെ കര്‍ണത്തില്‍ പെരുമ്പറനാദമായി ഇരകളാക്കപ്പെട്ടവരുടെ ശബ്ദം മുഴങ്ങുകയാണ്. നിഷേധിക്കപ്പെട്ട സമൂഹ്യ നീതി ലഭ്യമാക്കാനുള്ള ഈ സമരം അനിവാര്യമാണ്. ഇത് ഒരു ദിനം കൊണ്ടവസാനിക്കുന്നില്ല. ഇത് തുടരേണ്ടതാണ്. തുടരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: