ആലപ്പുഴ ജില്ലയിലെ കടക്കരപ്പള്ളി എന്ന കുഗ്രാമത്തില്‍ നിന്ന് രാജ്യസേവനത്തിനായി പട്ടാളത്തില്‍ ചേര്‍ന്ന ഭാസ്‌കരനെ നാട്ടുകാര്‍ക്ക് അത്ര പരിചയമില്ല. എന്നാല്‍ തങ്ങളുടെ സിക്ക് ചേട്ടനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ക്ക് ആയിരം നാവാണ്. അവരുടെ ഓരോ വാക്കിലും അഭിമാനം സ്ഫുരിച്ചു നില്‍ക്കും. അത്രയ്‌ക്ക് പ്രിയപ്പെട്ടവനായിരുന്നു അവര്‍ക്ക് സിക്ക് ചേട്ടന്‍. തലപ്പാവും താടിയും കൃപാണും വളയുമണിഞ്ഞ് അവധിക്ക് നാട്ടില്‍ വരുമ്പോള്‍ അദ്ദേഹത്തെ കാണാനും, സിക്ക് വിശ്വാസ സംഹിതയറിയാനും നാട്ടുകാര്‍ കൗതുകത്തോടെയെത്തിയിരുന്നത് കടക്കരപ്പള്ളിക്കാരുടെ മനസ്സിലെ കുളിര്‍മയുള്ള ഓര്‍മകള്‍.
ഈ സിക്ക് ചേട്ടന്‍ ആരാണ്? അദ്ദേഹമാണ് ഭൂപേന്ദ്രസിങ്. ഒരുകാലത്ത് കേരളത്തില്‍ മാത്രമല്ല പഞ്ചാബിലെ മലയാളികള്‍ക്കും സിക്കുകാര്‍ക്കുമിടയില്‍ നിറഞ്ഞ് നിന്ന നാമം. പൂര്‍വ്വ നാമമായ ഭാസ്‌ക്കരനില്‍ നിന്ന് ഭൂപേന്ദ്രസിങ്ങിലേക്കുള്ള ദൂരം അക്കാലത്തെ സാമൂഹിക ചരിത്രത്തിന്റെ കയ്യൊപ്പ് പതിഞ്ഞതുകൂടിയാണ്. അതിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ആ കുടുംബത്തിന്റെ വര്‍ത്തമാനങ്ങളിലേക്ക് കാതോര്‍ക്കുമ്പോള്‍ അത് നല്‍കുന്നത് ജിജ്ഞാസാഭരിതമായ നിമിഷങ്ങളാണ്. അദ്ദേഹത്തിന്റെ മരണശേഷം കുടുംബം സിക്ക് മതം പിന്തുടര്‍ന്നോ, അവരിപ്പോള്‍ എവിടെയാണ്, എന്ത് ചെയ്യുന്നു? ഒരു എത്തിനോട്ടം.
ഇരുപത്തിരണ്ടിലെ പരിവര്‍ത്തനം
1936 ലാണ് ഇരുപത്തി രണ്ടാം വയസ്സില്‍ ഭാസ്‌ക്കരന്‍ സിക്ക് മതം സ്വീകരിച്ചത്. ലാഹോറിനടുത്തുള്ള ഗുജറാന്‍ വാലയിലായിരുന്നു( ഇപ്പോള്‍ പാക്കിസ്ഥാനിലാണ് ഈ സ്ഥലം) സിക്ക് മത പഠനം പൂര്‍ത്തിയാക്കിയത്. അവിടെ നിന്ന് ആചാരാനുഷ്ഠാനങ്ങള്‍ പഠിച്ചു. അങ്ങനെ അഞ്ചു കാകാരം വഹിച്ചിരുന്ന പൂര്‍ണ സിക്ക് കാരനായിരുന്നു. കങ്ക, കൃപാണ്‍, ഖട, കച്ച, കേശം എല്ലാമുള്ള ഒരു തികഞ്ഞ സിക്കുകാരനായിരുന്നു ഭൂപേന്ദ്രസിങ്.
അഞ്ചു പേര്‍ക്കൊപ്പമാണ് ഭാസ്‌കരന്‍ സിക്ക് മതം സ്വീകരിച്ചത്. ഈഴവ സമുദായത്തില്‍ നിന്ന് മതം മാറിയത് അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ചേര്‍ത്തല സ്വദേശി കെ.സി.കുട്ടന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ സഹായത്തോടെയാണ് സിക്ക് മതം സ്വീകരിച്ചത്. ഭാസ്‌കരന്‍ പത്താം ക്ലാസ് കഴിഞ്ഞ് ഫാര്‍മസി കോഴ്‌സ് പാസ്സായി. അതിന് ശേഷം പഞ്ചാബിലേക്ക് പോകുകയായിരുന്നു. സിക്ക് മതത്തോടുള്ള വല്ലാത്ത സ്‌നേഹമാണ് പഞ്ചാബ് യാത്രയ്‌ക്ക് പ്രചോദനം. അവിടെ വച്ച് ബാബാജിയുടെ നിര്‍ദേശപ്രകാരമാണ് സിക്ക് മതത്തിലേക്ക് കൂടുതല്‍ ആകൃഷ്ടനായത്.
പഞ്ചാബിനെയും സിക്കുകാരെയും ഏറെ സ്‌നേഹിച്ചിരുന്ന ഭാസ്‌ക്കരന്‍ സിക്കുകാരുടെ സഹായത്തോടെ സൈന്യത്തില്‍ പ്രവേശിച്ചു. ജബല്‍പൂരിലായിരുന്നു ആദ്യ നിയമനം. പിന്നീട് ജമ്മു കശ്മീര്‍, ദല്‍ഹി, അംബാല തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സൈനികസേവനം നടത്തി. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ കാലം സേവനം പഞ്ചാബിലായിരുന്നു. പഞ്ചാബ് ഭാസ്‌കരന് ഒരു ഹരമായിരുന്നു. എവിടെ സ്ഥലമാറ്റം കിട്ടി പോയാലും ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കി പഞ്ചാബില്‍ മടങ്ങി എത്തുമായിരുന്നു. ഭൂപേന്ദ്ര സിങ്ങിന്റെ കുടുംബം പിന്നീട് സിക്ക് മതാചാരപ്രകാരമാണോ ജീവിതം തുടരുന്നത്? അക്കാര്യം മകള്‍ പറയും.
അച്ഛന്‍ മകളുടെ ഓര്‍മകളില്‍
എറണാകുളത്ത് താമസമാക്കിയ മൂത്തമകള്‍ ഇന്ദിര കൗര്‍ ചേര്‍ത്തലയിലെ വീട്ടിലിരുന്ന് പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. ഇപ്പോള്‍ ജീവിക്കുന്നത് ശ്രീനാരായണീയരായിട്ടാണെങ്കിലും എന്നും രാവിലെ എഴുന്നേറ്റാല്‍ സിക്ക് ഗുരുക്കന്മാരെ പ്രാര്‍ഥിക്കാറുണ്ട്. അത് അച്ഛനും അമ്മയും കൈമാറിതന്ന വിശ്വാസമാണ്. അച്ഛന്റെ വിശ്വാസത്തെ ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ മക്കള്‍ക്ക് വിവാഹ സമയമായപ്പോള്‍ ബന്ധങ്ങള്‍ കിട്ടാതായതും, കേരളം വിട്ട് പോകാനാവാത്ത സാഹചര്യമായതിനാലുമാണ് തിരിച്ച് ഹിന്ദു ആചാരപ്രകാരം ജീവിക്കാന്‍ തുടങ്ങിയത്.
2004 ജൂലൈ രണ്ടിന് അച്ഛന്‍ മരിക്കുമ്പോള്‍ 95 വയസ്സായിരുന്നു. അച്ഛന്റെ മരണത്തോടെ സംസ്ഥാനത്ത് നിന്ന് സിക്ക് മതം സ്വികരിച്ചവരില്‍ അവശേഷിക്കുന്ന അവസാന വ്യക്തിയും ഓര്‍മയായി. ബാക്കിയുള്ളവര്‍ എല്ലാം ക്ഷേത്രപ്രവേശന വിളംബരത്തോടെ ഹിന്ദുമതത്തിലേക്ക് മടങ്ങിയിരുന്നു. സിക്ക് കാരനായി ജിവിച്ചു മരിച്ച അവസാനത്തെ സിക്ക് മതക്കാരനായിരുന്നു അച്ഛന്‍. അമ്മയുടെ അച്ഛനോടൊപ്പമാണ് സിക്ക് മതം സ്വീകരിക്കാന്‍ പോയത്. അവര്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നതായി അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
അച്ഛനും അമ്മയും വിവാഹിതരായത് സിക്ക് മതാചാരപ്രകാരമാണ്. അമ്മയുടെ അച്ഛനും എന്റെ അച്ഛനോടൊപ്പം സിക്ക് മതം സ്വീകരിച്ചതാണ്. അതിനാല്‍ പരസ്പരം അറിയുമായിരുന്നു. അതുകൊണ്ട് അച്ഛന്‍ വിവാഹം ചെയ്തത് മലയാളിയായ സിക്കുകാരിയെ ആയിരുന്നു. രണ്ട് സിക്ക് കുടുംബങ്ങളുടെ സമാഗമമായിരുന്നു അന്ന് നടന്നത്. അത് ഒരുപക്ഷേ ആദ്യ സംഭവമായിരിക്കാം. ഞങ്ങള്‍ അച്ഛനോടൊപ്പമാണ് ഗുരുദ്വാരകളില്‍ എല്ലാ ആഴ്ചയിലും പോയിരുന്നത്. എറണാകുളം തേവരയിലുള്ള ഗുരുദ്വാരയിലായിരുന്നു സാധാരണ പ്രാര്‍ത്ഥനയ്‌ക്ക് പോയിരുന്നത്. സിക്കുകാരുടെ സ്‌നേഹവും ബഹുമാനവും വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്.
ഇപ്പോഴും സിക്ക് സുഹൃത്തുക്കള്‍ തങ്ങളെ വിളിച്ച് ക്ഷേമാന്വേഷണം നടത്താറുള്ളതായി ഇന്ദിര കൗര്‍ പറയുന്നു. ഇന്നും തങ്ങളോട് അവര്‍ക്ക് വലിയ സ്‌നേഹമാണ്. പഞ്ചാബില്‍ ഗുരുദ്വാരകളില്‍ പോയി മധുരപലഹാരങ്ങള്‍ ഉണ്ടാക്കി നേദിക്കുമായിരുന്നു. ഇപ്പോഴും ഇടയ്‌ക്ക് ഗുരുദ്വാരകളില്‍ പോകാറുണ്ടെന്നും ഇന്ദിര പറയുന്നു.
കേരളത്തിലേക്കുള്ള മടക്കം
1968 ല്‍ പഞ്ചാബില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. സൈന്യത്തില്‍ സുബേദാറായിരുന്നു അച്ഛന്‍. നാട്ടില്‍ കുറച്ച് സ്ഥലവും വീടും ഉണ്ടായിരുന്നു. ബന്ധുക്കളുടെ ശക്തമായ സ്‌നേഹനിര്‍ബന്ധവും മടങ്ങി വരവിന് കാരണമായി. പഞ്ചാബ് വിട്ട് വരാന്‍ അച്ഛന് വലിയ വിഷമമായിരുന്നു. മരണംവരെ പഞ്ചാബില്‍ തുടരണമെന്നായിരുന്നു അച്ഛന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷേ കല്യാണ പ്രായമായ ഞങ്ങളെക്കൊണ്ട് മടങ്ങാതിരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വിവാഹത്തിന് സമയമായെന്നും, ഉടന്‍ നാട്ടില്‍ എത്തണമെന്നുമുള്ള ബന്ധുക്കളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് വേദനയോടുള്ള അച്ഛന്റെ മടക്കം. ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്നതായി അച്ഛന്‍ പലപ്പോഴും പറയുമായിരുന്നു. അറുപത്തി എട്ട് വര്‍ഷത്തോളം സിക്ക് മതത്തില്‍ ജീവിച്ച ആളായിരുന്നു അച്ഛന്‍.
കേരളത്തില്‍ പണ്ടുണ്ടായിരുന്ന സാമൂഹിക അസമത്വങ്ങളും സിക്ക് മതത്തിലേക്കുള്ള പരിവര്‍ത്തനത്തിന് പ്രേരകമായിരിക്കാമെന്ന് മകള്‍ പറയുന്നു. അസമത്വത്തിനെതിരെ അച്ഛന് പലപ്പോഴും അമര്‍ഷം ഉണ്ടിരുന്നതായി തോന്നിയിട്ടുണ്ട്. 1930 കളില്‍ ആയിരുന്നു ഇത്. ഈഴവ സമുദായത്തിലുള്ളവരായിരുന്നു മതംമാറിയതില്‍ ഭൂരിഭാഗവും. ചേര്‍ത്തല സ്വദേശി കെ.സി.കുട്ടന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ ശിരോമണി ഗുരുദ്വാര പ്രബന്ധക്കമ്മിറ്റിയുമായി ചേര്‍ന്ന് സിക്ക് മിഷന്‍ നടത്തിയ പ്രചാരണത്തെ തുടര്‍ന്നാണ് നൂറുകണക്കിന് പേര്‍ സിക്ക് മതം സ്വീകരിച്ചത്. ക്ഷേത്ര പ്രവേശനവിളംബരത്തെ തുടര്‍ന്ന് പിന്നീട് ഇവരെല്ലാം തിരികെ ഹിന്ദുമതത്തിലേക്ക് മടങ്ങിയപ്പോഴും അച്ഛനും അമ്മയും മരണംവരെ സിക്ക് മത വിശ്വാസികളായി കഴിഞ്ഞു. കുട്ടിക്കാലത്ത് മനസ്സില്‍ ഉറച്ച സിക്ക് മത സ്‌നേഹവും ഇതിന് കാരണമായിരിക്കാം. സിക്കുകാരനായി ജീവിച്ച് മരിച്ച കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും വ്യക്തിയായിരുന്നു അച്ഛന്‍.
ഒരിക്കല്‍ അച്ഛന് സുഖമില്ലാതെ രണ്ടാഴ്ച തങ്ങള്‍ക്ക് ഗുരുദ്വാരയില്‍ പോകാന്‍ കഴിയാതിരുന്നത് ഇന്ദിര ഓര്‍ക്കുന്നു. അച്ഛനെ തിരക്കി സിക്കുകാര്‍ ഞങ്ങളുടെ വീട്ടില്‍ എത്തി. അത്ര സ്‌നേഹമായിരുന്നു അവര്‍ക്ക്. എന്തൊരു കരുതലായിരുന്നുവെന്നോ ഞങ്ങളുടെ കുടുംബത്തോട്. അതാണ് സിക്ക് മതത്തിന്റെ പ്രത്യേകത. ഹിന്ദുമതത്തെ സംരക്ഷിക്കാനായി രൂപംകൊണ്ട മതമായിരുന്നു സിക്ക് മതം. മുഗളന്മാരുടെ ആക്രമണത്തില്‍ നിന്ന് ഹിന്ദു സമുദായത്തെ കാത്തു രക്ഷിക്കാനായി ഗുരുനാനാക്ക് ഉണ്ടാക്കിയ മതമായിരുന്നു. ശൗര്യവും ദയയുമുള്ളവരാണ് സിക്കുകാര്‍. സിക്കുകാരുടെ ദേശസ്‌നേഹം മറ്റാരെക്കാളും മുന്നിലാണ്.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജ്യമെമ്പാടും ഉണ്ടായ ലഹളയില്‍ ആയിരക്കണക്കിന് സിക്കുകാര്‍ കൊലചെയ്യപ്പെട്ടു. സിക്കുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സുകാര്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. അന്ന് അച്ഛനോടൊപ്പം കായംകുളത്തുനിന്ന് ചേര്‍ത്തലയ്‌ക്ക് വരികയായിരുന്നു. കായംകുളം ടൗണില്‍വച്ച് കുറച്ച് കോണ്‍ഗ്രസ്സുകാര്‍ ‘ഇവനെ വെടിവെച്ചു കൊല്ലടാ’ എന്ന് ആക്രോശിച്ച് പാഞ്ഞെത്തി. നല്ലവരായ നാട്ടുകാരില്‍ ചിലരാണ് അക്രമി സംഘത്തെ പിന്തിരിപ്പിച്ചത്. അച്ഛനോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ താമസിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എല്ലാ ഞായറാഴ്ചയും ഗുരുദ്വാരയില്‍ പോകുമായിരുന്നു. ഞങ്ങള്‍ മക്കളോടൊപ്പം എല്ലാ മരുമക്കളും ഗുരുദ്വാരയില്‍ പ്രാര്‍ഥനയ്‌ക്ക് വരുമായിരുന്നു. അവര്‍ക്കും താല്‍പ്പര്യമായിരുന്നു. സഹോദരന്‍ രാജേന്ദ്രസിങ്ങിന്റെ മകന്‍ ദേവാനന്ദ് വിവാഹം ചെയ്തിരിക്കുന്നത് സിക്കുകാരിയെയാണ്
ഭയന്നുപോയ നിമിഷങ്ങള്‍
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജ്യമെമ്പാടും ഉണ്ടായ ലഹളയില്‍ ആയിരക്കണക്കിന് സിക്കുകാര്‍ കൊലചെയ്യപ്പെട്ടു. സിക്കുകാര്‍ക്കെതിരെ കോണ്‍ഗ്രസ്സുകാര്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. അന്ന് അച്ഛനോടൊപ്പം കായംകുളത്തുനിന്ന് ചേര്‍ത്തലയ്‌ക്ക് വരികയായിരുന്നു. കായംകുളം ടൗണില്‍വച്ച് കുറച്ച് കോണ്‍ഗ്രസ്സുകാര്‍ ‘ഇവനെ വെടിവെച്ചു കൊല്ലടാ’ എന്ന് ആക്രോശിച്ച് പാഞ്ഞെത്തി. നല്ലവരായ നാട്ടുകാരില്‍ ചിലരാണ് അക്രമി സംഘത്തെ പിന്തിരിപ്പിച്ചത്.
അച്ഛനോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ താമസിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എല്ലാ ഞായറാഴ്ചയും ഗുരുദ്വാരയില്‍ പോകുമായിരുന്നു. ഞങ്ങള്‍ മക്കളോടൊപ്പം എല്ലാ മരുമക്കളും ഗുരുദ്വാരയില്‍ പ്രാര്‍ഥനയ്‌ക്ക് വരുമായിരുന്നു. അവര്‍ക്കും താല്‍പ്പര്യമായിരുന്നു. സഹോദരന്‍ രാജേന്ദ്രസിങ്ങിന്റെ മകന്‍ ദേവാനന്ദ് വിവാഹം ചെയ്തിരിക്കുന്നത് സിക്കുകാരിയെയാണ്- ജാന്‍മിത് കൗര്‍. ഇപ്പോള്‍ മൈസൂരിലാണ് താമസം. അച്ഛന്റെ മരണം അറിഞ്ഞെത്തിയ സിക്ക് നേതൃത്വം സിക്ക് സമുദായ ആചാരപ്രകാരമാണ് മരണാനന്തരകര്‍മ്മങ്ങള്‍ നടത്തിയത്. ഗുരുമുഖിയിലുള്ള പ്രാര്‍ഥനയായിരുന്നു ചൊല്ലിയത്.
ഭൂപേന്ദ്രസിങ് വിവാഹം കഴിച്ചത് മഹേന്ദ്രകൗറിനെ (പഴയ പേര് ശാന്തകുമാരിദേവി) ആയിരുന്നു. ഇവര്‍ക്ക് ആറ് മക്കളാണ്. ഇന്ദിര കൗര്‍, പ്രേമ കൗര്‍ (ഇളയച്ഛന്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ നേരം പ്രേമകുമാരി എന്നാക്കിയതിനാല്‍ ഔദ്യോഗിക പേര് ഇതായി), രാജേന്ദ്ര സിങ്, ജിതേന്ദ്രസിങ്, അജിത്കൗര്‍, സോഹന്‍സിങ്. ഇതില്‍ രാജേന്ദ്ര സിങ്ങിനും
ജിതേന്ദ്ര സിങ്ങിനും പേരിട്ടത് ഗുരുദ്വാരയില്‍ വച്ചായിരുന്നു. എല്ലാവരും ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്. ഇന്ദിരകൗര്‍ അദ്ധ്യാപികയായിരുന്നു. പ്രേമകുമാരി കടക്കരപ്പള്ളിയില്‍ റേഷന്‍ വ്യാപാരിയാണ്. ഡോ.രാജേന്ദ്രസിങ് കായംകുളത്ത് ക്ലിനിക്ക് നടത്തുന്നു. ജീതേന്ദ്രസിങ് പൊതുമരാമത്ത് ഉദ്യോഗസ്ഥനായിരുന്നു. അജിത കൗര്‍ ആരോഗ്യ വകുപ്പില്‍നിന്നും, സോഹന്‍സിങ് പോളിടെക്‌നിക്ക് അദ്ധ്യാപകനായും റിട്ടയര്‍ ചെയ്തു. തങ്ങള്‍ കേരളത്തിലേക്ക് എത്തിയപ്പോള്‍ പ്രേമകുമാരിയെപ്പോലെ സോഹനെയും അജിത്തിനെയും സ്‌കൂളില്‍ ചേര്‍ത്തത് ഇളയച്ഛനായിരുന്നു. അദ്ദേഹം പേരുകള്‍ മാറ്റിക്കൊടുത്തു. അതുകൊണ്ട് അവരുടെ പേരിനൊപ്പം കൗറും സിങ്ങും ഇല്ലാതായി. ഇനിയും മക്കളും മരുമക്കളുമായി സുവര്‍ണ ക്ഷേത്രത്തില്‍ പോകണമെന്ന ആഗ്രഹത്തിലാണ് ഇന്ദിര കൗര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: