വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു. ബൈഡന് അധികാരം കൈമാറാന്‍ പ്രാരംഭ നടപടികള്‍ വൈകാതെ ആരംഭിക്കുമെന്ന് ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് തലവന്‍ എമിലി മുര്‍ഫി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
നടപടിക്രമങ്ങള്‍ക്കായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര്‍ അനുവദിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ നേരത്തെ ട്രംപ് തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ താനാണ് ജയിച്ചതെന്നും, വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നെന്നുമായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന്റെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തിയിരുന്നു. അപ്പോഴും വിജയം ബൈഡനായിരുന്നു.
തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതിന് തെളിവില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 538 ഇലക്ടറല്‍ കോളേജുകളില്‍ 270 വോട്ടുകളാണ് ബൈഡന് നേടിയത്. ട്രംപിന് 232 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: