വര്‍ക്കല: വര്‍ക്കലയില്‍ എല്‍ഡിഎഫിനും യൂഡിഎഫിനും വിമതശല്യം രൂക്ഷമാകുന്നു. വിമതര്‍ എല്ലാം മത്സരിക്കുമെന്ന തീരുമാനത്തിലാണ്. പ്രചാരണ ബോര്‍ഡുകളിലും അഭ്യര്‍ത്ഥനകളിലും മുന്നണികള്‍ക്കൊപ്പം അവരും കളം നിറഞ്ഞിരിക്കുന്നു. യൂഡിഎഫിനെയാണ് കൂടുതല്‍ വിമതശല്യം അലട്ടുന്നത്.
നേതൃത്വം ഇടപെട്ടിട്ടും വിമതര്‍ ഉറച്ചു നില്ക്കുന്നു. വ്യക്തി ബന്ധവും സമുദായിക ബന്ധവും ഉപയോഗിച്ച് പിന്തിരിപ്പിക്കാന് ശ്രമിച്ചിട്ടും യുഡിഎഫ് വിമതര്‍ പിന്തിരിയാതെ നില്ക്കുന്നു. വര്‍ക്കല നഗരസഭയില്‍ യുഡിഎഫ് മുന്നണി ബന്ധവും ഉലച്ചിലിലാണ്. നഗരസഭയില്‍ മുസ്ലിംലീഗ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഏഴ് വാര്‍ഡുകളില്‍ കോണ്‍ഗ്രസിനെതിരെ അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. വെട്ടൂര്‍, നാവായിക്കുളം പഞ്ചായത്തുകളിലെ മൂന്ന് വീതം വാര്‍ഡുകളിലും നാവായിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തൃക്കോവില്‍വട്ടം ബ്ലോക്ക് ഡിവിഷനിലും ലീഗ് സ്ഥാനാര്‍ത്ഥികളുണ്ട്. സമവായ ചര്‍ച്ചകള്‍ നടന്നിട്ടും യാതൊരുവിധ ഫലവും കണ്ടില്ല.
എല്‍ഡിഎഫ് നേതൃത്വത്തിനും സീറ്റ് തര്‍ക്കങ്ങള്‍ മുറുകുന്ന സാഹചര്യമാണ് വര്‍ക്കലയില്‍ രൂപപ്പെട്ടിട്ടുള്ളത്. വെട്ടൂര്‍ പഞ്ചായത്തില്‍ സിപിഎമ്മും സിപിഐയും സീറ്റ് തര്‍ക്കത്തില്‍ അകല്‍ച്ചയിലാണ്. രണ്ട് വാര്‍ഡുകളില്‍ ഘടകകക്ഷികള്‍ തര്‍ക്കത്തിലാണ്. സിപിഐ മത്സരിക്കുന്ന വെന്നിയോട് ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടായില്ല. വര്‍ക്കല മുനിസിപ്പാലിറ്റിയിലും സിപിഎം റിബലുകള്‍ ശക്തമാകുകയാണ്. മുനിസിപ്പാലിറ്റിയില്‍ അഞ്ചാം വാര്‍ഡില്‍ നിലവിലെ സിപിഎം കൗണ്‍സിലര്‍ ശിശുപാലന് സിപിഎമ്മിനെതിരെ വിമതനായി മത്സരിക്കുന്നു. പതിനഞ്ചാം വാര്‍ഡില്‍ സിപിഎം ചെയര്മാന് സ്ഥാനാര്‍ത്ഥി കെ.എം. ലാജിക്കെതിരെ മുന്‍ സിപിഎം കൗണ്‍സിലര്‍ വി. ബലറാമും മത്സരിക്കുന്നുണ്ട്.
നഗരസഭയില്‍ 2, 20, 21 വാര്‍ഡുകളില്‍ കോണ്‍ഗ്രസിനും വിമതരുണ്ട്. രണ്ടാം വാര്‍ഡില്‍ ജയശ്രീക്കെതിരെ അരുണ്‍ സഞ്ജയും 20-ാം വാര്‍ഡില്‍ റിസ്വാന് റവൂഫിനെതിരെ സഫറുള്ളയും 21 ല്‍ ജസീന ഹാഷിമിനെതിരെ മുന്‍ നഗരസഭ കൗണ്‍സിലര്‍ സുമയ്യയുമാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: