തൃശൂര്‍: ചിയ്യാരം നീതു വധക്കേസില്‍ വിധി വന്നത് റെക്കോഡ് സമയത്തില്‍. കാത്തിരുന്ന വിധിയെന്ന് നാട്ടുകാരും നീതുവിന്റെ ബന്ധുക്കളും . ശിക്ഷ കുറഞ്ഞ് പോയെന്നും പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന് കരുതിയിരുന്നതായും ബന്ധുക്കള്‍.
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിയും തീവച്ചും കൊന്ന കേസില്‍ പ്രതിയ്‌ക്കു ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ചിയ്യാരത്ത് എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിനി വല്‍സാലയത്തില്‍ കൃഷ്ണരാജ് മകള്‍ നീതുവിനെ(21) കൊലപ്പെടുത്തിയ കേസില്‍ വടക്കേക്കാട് വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ സത്യനാഥന്‍ മകന്‍ നിധീഷിനെ(27)യാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക നീതുവിന്റെ മുത്തശ്ശി വല്‍സലാ മേനോന് നല്‍കണം. മറ്റ് വകുപ്പുകളിലായി ഒന്‍പത് വര്‍ഷം തടവും 15,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തടവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2019 ഏപ്രില്‍ 4ന് രാവിലെ 6.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാടുള്ള ഐ.ടി കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കളമശ്ശേരിയില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. കളമശ്ശേരിയില്‍ നിന്ന് കത്തിയും, വിഷവും നായരങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളും വാങ്ങിയാണ് പ്രതി നീതുവിന്റെ ചിയ്യാരത്തുള്ള വീട്ടിലെത്തിയത്.
രാവിലെ 6.45ന് നീതുവിന്റെ വീടിന്റെ പിന്‍വശത്ത് എത്തിയ പ്രതി മോട്ടോര്‍ സൈക്കിള്‍ റോഡരികില്‍ വെച്ചതിനു ശേഷം പുറകിലെ വാതിലിലൂടെ വീട്ടിലേക്ക് കയറി. ബാത്‌റൂമില്‍ അതിക്രമിച്ചു കയറി നീതുവിനെ കഴുത്തിലും, നെഞ്ചിലും, വയറിലും കുത്തി പരിക്കേല്പിച്ചു. അരിശം തീരാതെ പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് നീതു കൊല്ലപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നീതുവിന്റെ അമ്മാവന്‍മാരും, അയല്‍വാസികളും കൂടി, വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി നിധീഷിനെ പിടികൂടി നെടുപുഴ പോലീസിലേല്പിക്കുകയായിരുന്നു.
നിധീഷ് നീതുവിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിന്റെ വൈരാഗ്യം മൂലമാണ് പ്രതി നീതുവിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പിടികൂടാനായതും കേസില്‍ നിര്‍ണായക തെളിവായി.
നീതുവിന്റെ അമ്മ വളരെ മുമ്പു തന്നെ മരിച്ചുപോയിരുന്നു. തുടര്‍ന്ന് പിതാവ് മറ്റൊരു വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. ചിയ്യാരത്തുള്ള അമ്മാവന്റെ വീട്ടില്‍ താമസിച്ചാണ് നീതു പഠനം നടത്തിയിരുന്നത്.
നെടപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.വി. ബിജു രജിസ്റ്റര്‍ ചെയ്ത കേസില്‍, സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മീഷണറായ സി.ഡി. ശ്രീനിവാസനാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വ്വമാണ്.
ആഗസ്റ്റ് മാസം 20-ാം തീയ്യതി മുതല്‍ സാക്ഷി വിസ്താരം ആരംഭിച്ച കേസില്‍ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. കോവിഡ് 19 ന്റെ ഭാഗമായി വന്ന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും കേസില്‍ കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു.
67സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ കേസില്‍ മരണപ്പെട്ട നീതുവിന്റെ മുത്തശ്ശിയും, അമ്മാവന്‍മാരും അയല്‍പക്കക്കാരും ഉള്‍പ്പെടെ 38 പേരെ പ്രോസിക്യൂഷനു വേണ്ടി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബു ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: