ഈശ്വരന് പരമപ്രേമരൂപനെന്ന് നാരദ ഭക്തി സൂത്രം. എങ്കില്‍ ശ്രീസത്യസായി ബാബ ഈശ്വരനാണ്. പരമപ്രേമം തന്നെ ബ്രഹ്മാനന്ദം. പ്രശാന്തി നിലയം ബ്രഹ്മാവര്‍ത്തവും. പ്രേമത്തിന്റെ, നിരപേക്ഷതയുടെ സാഫല്യമാണ് സായിബാബയുടെ കര്‍മകാണ്ഡം.
രോഗികള്‍ക്ക് മേല്‍ത്തരം ആശുപത്രി, പൂര്‍ണമായും സൗജന്യമായ ഹൃദയ ശസ്ത്രക്രിയ, ദാഹാര്‍ത്തര്‍ക്ക് സംശുദ്ധമായ ജീവനം. വിദ്യാര്‍ഥികള്‍ക്ക് കലാപരഹിതമായ മൂന്നുകലാലയങ്ങള്. തികവും മികവും പുലര്‍ത്തുന്ന ഇന്ത്യയിലെ ഏക ഡീംഡ് സര്‍വകലാശാല. അശരണര്‍ക്ക് ആലംബകേന്ദ്രം, ഭക്തര്‍ക്ക് ഭാഗവതം, ജ്ഞാനികള്‍ക്ക് യോഗവാസിഷ്ഠം.
സത്യസായിബാബയുടെ പ്രശാന്തി നിലയം പ്രേമത്തിന്റെ കര്‍മഭൂമിയും ജ്ഞാനഭൂമിയുമാകുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ മികവ് അംഗീകരിച്ചുകൊണ്ടു തന്നെ ആധ്യാത്മികശാസ്ത്രത്തിന് മാനവീയമായ ഒരു മഹായജ്ഞമൊരുക്കുകയാണ് പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയം.
ദേവതോപാസനയ്ക്കുള്ള പുണ്യസ്ഥലിയാണ് പുട്ടപര്‍ത്തി. അറുപതിലേറെ ലോകരാഷ്ട്രങ്ങള്‍ ഇവിടെ തൊഴുതു വലം വയ്ക്കുന്നു. ഭഗവാന് ഇങ്ങനെ അരുളി: ‘ഭക്തര്‍ ദേവതാ ജ്ഞാനത്തിലെത്തണം. ഇതിനായാണ് ഭജനയും ഭാഷണവും. സാധനയിലൂടെ ലഭിക്കുന്നതാണ് സായൂജ്യം. ഈശ്വരനെന്ന ബാങ്കര്‍ ഓവര്‍ ഡ്രാഫ്റ്റ് നല്കാന് മടിക്കില്ല. വിശ്വാസമാകുന്ന അക്കൗണ്ട് നിങ്ങള്‍ തുടങ്ങുക.’
മനുഷ്യനില്‍ അന്തര്‍ലീനമായ ദിവ്യത്വത്തെ ബോധ്യപ്പെടുത്തുകയാണ് സത്യസായി ബാബ. ഈ പ്രതിഭാസം ശൈവ, വൈഷ്ണവ, ശാക്തേയമല്ല. ബ്രാഹ്മതേജസ്സോ, ക്ഷാത്രതേജസ്സോ അല്ല. പരിണാമരൂപിയായ മനുഷ്യ തേജസ്സ്. നരന് നാരായണനാകുന്ന നിരതിശായിയായ തേജസ്സ്. രണ്ടക്ഷരമുള്ള നാലുനാമരൂപങ്ങള് സായിബാബ നിരന്തരം ഉരുവിടുന്നു. സത്യം, ധര്‍മം, ശാന്തി, പ്രേമം. പ്രേമത്തിന്റെ സമതലമാണ് ശാന്തി. ശാന്തിപ്രേമങ്ങള് ഉന്നതമായാല്‍ സത്യധര്മങ്ങള് സ്വയം ആഗതമാകും. പിന്നെ നിര്വൈരഭാവമാണല്ലോ. ഇതത്രേ അഹിംസ.
സ്വാമി സാധകന് നല്കുന്ന വിനീത നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക: ‘നിത്യവും ധ്യാനവും പ്രാര്‍ഥനയും. കുടുംബാംഗങ്ങളുമൊത്ത് ആഴ്ചയില്‍ ഒരു വട്ടം ഭജന. സാമൂഹ്യസേവനത്തില്‍ ഏര്‍പ്പെടുക, ആധ്യാത്മിക സാഹിത്യം പതിവായി വായിക്കുക. കുടുംബഭജനകളില് മുടങ്ങാതെ പങ്കെടുക്കുക. സൗമ്യമായും മധുരമായും സംസാരിക്കുക…’ ഒരുതരം ‘സ്പിരിച്വല്‍ സോഷ്യലിസ’മാണ് സായിബാബ ഫലപ്രദമായി അവതരിപ്പിക്കുന്നത്. ഭൗതിക വിജ്ഞാനത്തിന് മനുഷ്യന്റെ അന്തര്‍ഘടനയില്‍ പരിണാമം വരുത്താന്‍ കഴിഞ്ഞിട്ടില്ല. വികലധാരണകളില്‍ നിന്ന് യഥാര്ഥമൂല്യങ്ങളിലേക്ക് സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തണം. ആധ്യാത്മിക സമത്വസിദ്ധാന്തത്തിന്റെ പൊരുളിതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: