ന്യൂദല്‍ഹി: രാഷ്‌ട്രപതിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും ഉപരാഷ്‌ട്രപതിയ്‌ക്കും സഞ്ചരിക്കാനായി പ്രത്യേകം നിര്‍മ്മിച്ച ബോയിംഗ് വിമാനം എയര്‍ ഇന്ത്യാ വണ്‍- ബി 777 യുടെ ഉദ്ഘാടനം പറക്കല്‍ നടന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദും കുടുംബവുമാണ് വിമാനത്തില്‍ കന്നിയാത്ര നടത്തിയത്. ചെന്നൈയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യ യാത്ര.
എയര്‍ഇന്ത്യ വണ്‍ എന്ന പേരിലാണ് ഈ വിവിഐപി വിമാനം അറിയപ്പെടുക. ഇതുവരെയും പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരുടെ വിമാനങ്ങള്‍ നിയന്ത്രിച്ചിരുന്നത് എയര്‍ ഇന്ത്യയാണ്. ബോയിംഗ് 777 എന്ന പുതിയ വിമാനത്തിനായി എയര്‍ ഇന്ത്യ 10 ഓളം ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് യാത്രചെയ്യുന്ന ബോയിങ് 747-200ബി വിമാനം പോലെ മിസൈല്‍ പ്രതിരോധ ശേഷി അടക്കമുള്ള പ്രതിരോധ വലയമുള്ള വിമാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഒരുക്കിയിരിക്കുന്നത്. 2020 ജൂലൈയില്‍ വിമാനം എത്തുമെന്നാണ അറിയിച്ചതെങ്കിലും കോവിഡ് അടക്കം ചില സാങ്കേതിക കാരണങ്ങളാല്‍ വിമാനം വൈകുകയായിരുന്നു.
എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും വിദേശ സന്ദര്‍ശനത്തിന് പോകുന്നത്. അടുത്ത വര്‍ഷം മുതല്‍ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് ഈ വിമാനമായിരിക്കും ഉപയോഗിക്കുക. ശത്രുക്കളുടെ റഡാര്‍ തരംഗങ്ങളെ സ്തംഭിപ്പിക്കാനും വിമാനജോലിക്കാരുടെ ഇടപെടല്‍ ഇല്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാന്‍ സ്വയം സജ്ജമായ മിസൈല്‍ പ്രതിരോധ ശേഷി എന്നിവയും ബോയിങ് 777 വിമാനത്തിന്റെ പ്രത്യേകയാണ്. വ്യോമസേനയുടെ കീഴിലായാല്‍ പ്രധാന മന്ത്രിയുടെ കോള്‍ ചിഹ്നവും എയര്‍ ഇന്ത്യവണ്ണില്‍ നിന്ന് വ്യോമസേനയിലേക്ക് മാറുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: