തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ പോലീസ് നിയമഭേദഗതിയെ ആസ്പദമാക്കി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന് ഓപ്പണ്‍ മാഗസിനില്‍ എഴുതിയ ലേഖനം എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും അപ്രത്യക്ഷമായി. കേരളം പോലീസ് സംസ്ഥാനമായി മാറിയോ എന്ന തലക്കെട്ടിലായിരുന്നു ലേഖനം.
പട്ടാള മേധാവിയുടെ രൂപത്തില്‍ പിണറായി വിജയനെ ഏകാധിപതിയായി ചിത്രീകരിക്കുന്ന ചിത്രത്തോടെയായിരുന്നു ലേഖനം. നവംബര്‍ ഒമ്പതിലെ ഇഷ്യൂവിലായിരുന്നു പോലീസ് നിയമ ഭേദഗതി മാധ്യമമാരണ നിയമമാണെന്നു വിശദീകരിക്കുന്ന എം.ജി. രാധാകൃഷ്ണന്റെ ലേഖനം. ഓപ്പണ്‍ മാഗസിന്റെ വെബ്സൈറ്റില്‍ നിന്നടക്കം എല്ലാ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളില്‍ നിന്നും ലേഖനം നീക്കപ്പെട്ടു.
മാത്രമല്ല, മാഗസിന്റെ 42,43,44 പേജുകളിലാണ് ഈ ലേഖനം ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ മാഗസിന്റെ ഡിജിറ്റല്‍ ഇഷ്യൂവില്‍ ആ പേജുകള്‍ക്ക് പകരം ഓപ്പണ്‍ മാഗസിന്റെ തന്നെ പരസ്യമാണ്. തന്റെ ലേഖനം ഒഴിവാക്കായ കാര്യം എം.ജി. രാധാകൃഷ്ണനും ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഒഴിവാക്കിയ ലേഖനം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുമുണ്ട്
പിണറായിക്കെതിരായ ലേഖനം ഒഴിവാക്കാന്‍ സിപിഎം സംഘം മാഗസിന്റെ ഉന്നതരെ തന്നെ ബന്ധപ്പെട്ടു ഭീഷണിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. എസ്. പ്രസന്നരാജനാണ് ഓപ്പണ്‍ മാഗസിന്റെ എഡിറ്റര്‍. കനത്ത പ്രതിഷേധത്തിനൊടുവിലാണ് കഴിഞ്ഞദിവസം പോലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: