തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തി പ്രദീപ് കുമാറിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും ഗണേഷ് കുമാര്‍ എംഎല്‍എ പുറത്താക്കി. പത്തനാപുരത്തെ എംഎല്‍എയുടെ ഓഫീസില്‍ നിന്നും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാളെ ജോലിയില്‍ നിന്നും നീക്കിയതായി അറിയിച്ചത്.
വിഷയത്തില്‍ പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ദിലീപിന് അനുകൂലമായി മൊഴി നല്കാന് മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ പ്രദീപ് കാസര്‍കോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളി. ഇതിനെ തുടര്‍ന്നാണ് ഗണേഷ് കുമാറിന്റെ ഓഫീസിലെത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാര്‍ കാസര്‍കോട് ജ്വല്ലറിയില്‍ എത്തി വിപിന്‍ ലാലിന്റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിന്‍ലാലാണ്. ആദ്യം കേസില്‍ പ്രതി ചേര്‍ത്ത വിപിന്‍ലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ സാക്ഷിമൊഴി മാറ്റിപ്പറയില്ലെന്ന് തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി ജെന്സണ് വെളിപ്പെടുത്തി. കേസില്‍ ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കാമെന്ന് പ്രതിഭാഗം പറഞ്ഞതായി ജെന്സണ് തിങ്കളാഴ്ച പീച്ചി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഒരു കാരണവശ്ശാലും മൊഴിമാറ്റിപ്പറയില്ലെന്ന് ജെന്സണ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: