ദേശീയ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന് ലാല്‍ കൃഷ്ണ അദ്വാനിയെ, ദില്ലിയിലെ ഫാദര്‍ ആഗ്നേല്‍സ് ഹൈസ്കൂളിലെ റവ. ഫാദര്‍ ബെന്റോ റോഡ്രിഗ്സ് 1996ല്‍ നേരില്‍ കണ്ട് ഒരു പുസത്കം സമ്മാനിച്ചു: ‘ടഫ് ടൈംസ് ഡോണ്ട് ലാസറ്റ്, ടഫ് മെന്‍ ഡൂ’ ശക്തമായ വെല്ലുവിളികളുയര്‍ത്തുന്ന കാലയളവ് നീണ്ടു നില്‍ക്കില്ല, ശക്തിയുള്ള മനുഷ്യന് അതിനെ അതിജീവിക്കും എന്നതായിരുന്നു, അദ്ദേഹം തന്റെ പുസ്തക സമ്മാനത്തിലൂടെ നല്കിയ സന്ദേശം. ജസ്റ്റീസ് മൊഹമ്മദ് ഷമീമിന്റെ വിധി ന്യായത്തിലൂടെ (ദല്‍ഹി ഹൈക്കോടതി, ഏപ്രില്‍ 8, 1997) ആ സന്ദേശം നീതിന്യായ വ്യവസ്ഥ സാക്ഷ്യപ്പെടുത്തിയ അഗ്നിശുദ്ധിയായി മാറി. സത്യത്തിന്റെ തെളിവും ആദര്‍ശത്തിന്റെ കരളുറപ്പും നിഷ്ഠാശുദ്ധിയുമുള്ള അദ്വാനിയുടെ അഗ്നിശുദ്ധിക്കാണ് കാലം അന്നു സാക്ഷിയായത്. തങ്ങള്‍ക്കും അങ്ങനെ അന്വേഷണങ്ങളിലുടെ അഗ്നിശുദ്ധി സാദ്ധ്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അദ്വാനിയെ മാതൃകയാക്കി കേരള ചരിത്രത്തിലെ കരുത്തുള്ള രാഷ്ട്രീയ നേതാക്കളായി രേഖപ്പെടുത്തപ്പെടാനുള്ള അവസരങ്ങളാണ് കൈവന്നിരിക്കുന്നത്.
അഴിമതിയാരോപണങ്ങളില്‍ നിലതെറ്റിയ കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഭരണകൂടം, സത്യസന്ധനും സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍രൂപവുമായിരുന്ന അദ്വാനിയുടെ പേര് ജയിന് ഹവാല കേസില്‍പെടുത്തി കടന്നാക്രമിച്ച് സ്വയം പ്രതിരോധിക്കുവാനുള്ള വഴി നോക്കുകയായിരുന്നു. ഹവാല ഇടപാടു നടത്തിയിരുന്ന ജയിന്റെ ഡയറിയില്‍ പണം കൊടുത്തിട്ടുള്ളവരായി കുറിച്ചിട്ടിരുന്നവരുടെ പേരിലായിരുന്നു കേസ്. പക്ഷേ, ആ ഹാവാല ഇടപാടുകാരന് സൂക്ഷിച്ച രേഖകളായ ദൈനംദിന കണക്കുകളുടെ നാള്‍വഴികളിലോ മാസക്കണക്കുകളിലോ ഡയറികളിലോ ഒന്നും പരാമര്ശിച്ചിട്ടേയില്ലാതിരുന്ന അദ്വാനിയുടെ പേര് ഒരു ലൂസ് ഷീറ്റില്‍ എഴുതി ചേര്‍ത്ത് രേഖകളുടെ ഭാഗമാക്കി. അദ്വാനിയെ കേസില്‍ കുടുക്കി രാഷ്ട്രീയമായി ഇല്ലാതാക്കിക്കൊണ്ട് ബിജെപിയെന്ന പ്രതിപക്ഷ രാഷ്ട്രീയ ശക്തിയെ ഉടച്ചു തകര്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്സ് ഭരണകൂടം അന്ന് മെനഞ്ഞെടുത്ത കുതന്ത്രം. ആരോപണ വിധേയനായതിനെ തുടര്‍ന്ന്, തന്റെ പാര്‍ലമെന്റ് അംഗത്വം രാജി വെച്ച് തന്റെ പേരിലുയര്‍ന്ന കേസ് അന്വേഷിച്ച് താന്‍ കുറ്റവിമുക്തനാകും വരെ പാര്‍ലമെന്റിലേക്ക് മത്സരിക്കയില്ലെന്ന ഭീഷ്മ പ്രതിജ്ഞ എടുത്തു.
ദില്ലി ഹൈക്കോടതി ജസ്റ്റീസ് മൊഹമ്മദ് ഷമീം, അദ്വാനിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ നല്കിയ അപ്പീലിലും പരമോന്നത നീതിപീഠത്തിന്റെ മൂന്നംഗ ബഞ്ച്, അദ്വാനി കുറ്റവിമുക്തനാണെന്ന് അടിവരയിടുകയാണുണ്ടായത്. സത്യം തന്നോടൊപ്പമാണെന്ന ആത്മവിശ്വാസമുള്ളതുകൊണ്ട്, അന്വേഷണങ്ങളിലും കോടതി വ്യവഹാരങ്ങളിലും ഉണ്ടാകാനിടയുള്ള സമയദൈര്‍ഘ്യം തന്റെ പാര്‍ലമെന്ററി ജീവിതത്തിനു തന്നെ അന്ത്യം വരുത്താനിടയുണ്ടെന്ന സാദ്ധ്യതയെ കുറിച്ച് ബോധവാനായിരുന്നിട്ടും, ആരോപണത്തില്‍ സത്യം തെളിഞ്ഞ് അഗ്നി ശുദ്ധിവരും വരെ താനിനി പാര്ലമെന്റിലേക്കില്ലായെന്ന് പറഞ്ഞ അദ്വാനിയുടെ മാതൃക ഇടതും വലതുമുള്ള ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കള്‍ പിന്തുടരണം. അങ്ങനെയെങ്കില്‍ കേരള ചരിത്രത്തില്‍ സകാരാത്മക രാഷ്ട്രീയ സംസ്കാരമാകും മാറി വരാന്‍ പോകുന്നത്.
ഇവിടെ, രാഷ്ട്രീയ അന്തരീക്ഷം, നേരും നെറിയും ഇല്ലായ്മയുടെയും കള്ളക്കടത്തിന്റെയും കൈക്കൂലിയുടെയും പണത്തട്ടിപ്പിന്റെയും എല്ലാം വിഷം നിറഞ്ഞ് സ്ഫോടനാത്മകമായി മാറിക്കഴിഞ്ഞു. സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന് മക്കളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും മയക്കുമരുന്നു വ്യാപാരത്തിന്റെയും പേരില്‍ പടിയിറങ്ങേണ്ടിവന്നു. ലാവ്ലിന് അഴിമതിയുടെയും അനധികൃത സ്വത്ത് സമ്പാദ്യത്തിന്റെ പേരില്‍ പണ്ടേ പൊതുജന മനസ്സിന്റെ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്യപ്പെട്ടു തുടങ്ങിയ പിണറായി വിജയന്, ലൈഫ് മിഷന് അഴിമതിയുടെയും ഭീകരബന്ധമുള്ള സ്വര്‍ണ്ണ കള്ളക്കടത്തിന്റെയും പേരില്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞു നിന്ന് അന്വേഷണം നേരിട്ടില്ലെങ്കില്‍ സത്യം പുറത്തുവരില്ലെന്ന ആശങ്ക പൊതുജനത്തിനുണ്ട്. അഴിമതിയെ സ്ഥാപനവത്കരിക്കാന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് മെനഞ്ഞെടുത്ത കിഫ്ബിയുടെ അഴിമതി മോഡലും സിഎജി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ലഭ്യമായ സൂചനകളില്‍ നിന്ന് പൊതുസമൂഹം കണ്ടെത്തിക്കഴിഞ്ഞു. കേരളത്തില്‍ നിന്നും പുറത്തുള്ള സുരക്ഷിത ഇടങ്ങളിലേക്ക് രാഷ്ട്രീയക്കാരും കൈക്കൂലിക്കാരും കരിഞ്ചന്തക്കാരും നികുതി വെട്ടിപ്പുകാരും മാറ്റിയ കള്ളപ്പണം തിരിച്ചു കൊണ്ടുവരുവാനും അത് സുരക്ഷിത നിക്ഷേപമാക്കി ആസ്തിവര്ദ്ധനയ്ക്ക് വഴിയൊരുക്കുവാനും ഉള്ള തുടക്കമായിരുന്നു കിഫ്ബിയുടെ മസാലാ ബോണ്ട്. അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് പഴയ സൗരോര്ജ്ജക്കേസുകളും ബാര്‍ കോഴക്കേസുകളും പൊടിതട്ടിയെടുത്ത് വടിയാക്കി മാറ്റി, പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കി കടന്നാക്രമണത്തിന്റെ രണതന്ത്രം കമ്യൂണിസ്റ്റു ഭരണപക്ഷം പുറത്തെടുത്തിരിക്കുന്നത്. അതോടെ, ഇടത്-വലത് പക്ഷങ്ങള്‍ അഴിമതിയുടെ പേരില്‍ പരസ്പരം പോരടിക്കുമ്പോഴും മുറിവിന്റെ ആഴം കൂട്ടാതിരിക്കാന്‍ ഇരു കൂട്ടരും കൃത്യമായി പുലര്‍ത്തിയിരുന്ന കേരളാ ‘മോഡല്‍’ പരസ്പര കരുതലാണിപ്പോള്‍ തകര്‍ന്നു വീണിരിക്കുന്നത്.
ലാല്‍ കൃഷ്ണ അദ്വാനിയെ മാതൃകയാക്കി അടുത്ത പടിയിലേക്കുള്ള ചുവടു വെപ്പിനാണ് രമേശ് ചെന്നിത്തലയ്ക്ക് ഇവിടെ അവസരം ലഭിച്ചിരിക്കുന്നത്. ബിജു രമേശ്, ചെന്നിത്തലയ്ക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ അന്ന് അദ്വാനി എടുത്ത ധീരമായ തീരുമാനം രമേശിനിപ്പോള്‍ സ്വീകരിക്കാം. നിയമസഭയില്‍ നിന്ന് രാജിവെയ്ക്കുക. അന്വേഷണം നടത്തി കുറ്റ വിമുക്തനാകുംവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുക.
ഇത്രയൊക്കയായിട്ടും ഇടതു പക്ഷവും വലതു പക്ഷവും ലാല്‍ കൃഷ്ണ അദ്വാനിയുടെ മാതൃക സ്വീകരിക്കില്ലെന്ന് നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ അടുത്ത പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍, ഭാരതീയ ജനതാ പാര്‍ട്ടിയെ ഹൃദയത്തോടു ചേര്‍ക്കുവാനുള്ള പക്വതയും വിവേകവും ജനാധിപത്യ കേരളം കാണിക്കണം. എങ്ങനെയായാലും അദ്വാനിയാകണം മാതൃക. അഴിമതിയുടെ കേരള രാഷ്ട്രീയത്തിന് അറുതി വരുത്തണം
കെ.വി. രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: