കോട്ടയം: ബാര്‍ക്കോഴക്കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ ഇരുമുന്നണികളും ചേര്‍ന്ന് നടത്തുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്. ഒത്തുതീര്‍പ്പാക്കലുകളുടെ പിന്നില്‍ ഇടത് വലത് മുന്നണികളിലെ നേതാക്കള്‍ക്ക് സാമ്പത്തിക താത്പര്യമുണ്ടെന്നും കെ സുരേന്ദ്രന് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിക്കുന്നതു കൊണ്ടാണ് നേതാക്കള്‍ അഴിമതി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നത്. അഴിമതിയാണ് ഇരുമുന്നണികളുടേയും മുഖമുദ്ര. ബാര്‍ക്കോഴ കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജു രമേശിനോട് ആരോപണത്തില്‍ ഉറച്ചു നില്ക്കാന് പറഞ്ഞ ശേഷം പിണറായി പിന്മാറുകയായിരുന്നു. ഇതില്‍ പിണറായിക്ക് എന്ത് ലാഭമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
ഏത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കേസ് അട്ടിമറിച്ചു കൊടുക്കുത്തത്, എന്തിനാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.ബാബു എന്നിവരെ രക്ഷിക്കാന്‍ ശ്രമിച്ചത്, കൈക്കൂലി കൊടുക്കാനുള്ള 10 കോടി രൂപ ആരാണ് പിരിച്ചത്, ആര്‍ക്കാണ് കൊടുത്തത്, എന്നെല്ലാം അന്വേഷിക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
യുഡിഎഫും എല്‍ഡിഎഫും ഒരേ തൂവല്‍ പക്ഷികളാണ്. ജോസ് കെ.മാണി മുന്നണി മാറിയപ്പോള്‍ വിശുദ്ധനായി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നതു കൊണ്ട് മാത്രമാണ് അഴിമതികള്‍ പുറത്തായത്. തദ്ദേശ തെരെഞ്ഞെടുപ്പോടെ എല്ലാ അഴിമതികള്‍ക്കും അറുതിയാവും. അഴിമതി മുന്നണികള്‍ക്ക് കനത്ത ശിക്ഷ ജനങ്ങള്‍ നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: