പത്തനാപുരം: കാട്ടുപന്നിക്ക് പിന്നാലെ പത്തനാപുരത്ത് തെരുവുനായ ആക്രമണവും. വഴിയാത്രക്കാരുള്‍പ്പെടെ പത്ത് പേര്‍ക്ക് നായയുടെ കടിയേറ്റു. പത്തനാപുരം സെന്‍ട്രല്‍ ജംഗ്ഷന്, നെടുംമ്പറമ്പ്, നടുക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായി ചികിത്സ തേടി.
പത്തനാപുരം വലിയമഠം ഹസീന മന്‍സിലില്‍ മുഹമ്മദ് ഹുസൈന് (63), നെടുംപറമ്പ് ഈട്ടി വിളവടക്കേതില് ഹുസൈന് (54), കോവളം സ്വദേശി ബിജു (40), മഞ്ചളളൂര്‍ വലിയ മഠം ശശി(58), കിഴക്കേ ഭാഗം ചേകം കൊല്ലാല അക്കു വിലാസത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളി തുളസി (59), കലഞ്ഞൂര്‍ മല്ലംങ്കുഴ മധുസദനത്തില്‍ തങ്കമണി (69), മാലൂര്‍ സ്വദേശി ചെറിയാന് തോമസ് (69), കല്ലുംകടവ് സെന്റ്മേരീസ് തടിമില്ല് തൊഴിലാളി മുത്ത് സ്വാമി (53) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്.
കല്ലുംകടവ് മുതല്‍ ചെമ്പാന്പാലവരെ നായ ഓടിനടന്ന് കടിക്കുകയായിരുന്നു. നായയെ ഒടുവില്‍ നാട്ടുകാര്‍ പിടികൂടി. കൊട്ടാരക്കര നഗരത്തില്‍ കഴിഞ്ഞ ദിവസം 23 പേര്‍ക്ക് തെരുവ്നായയുടെ കടിയേറ്റിരുന്നു. കൂടാതെ പുന്നലയില്‍ വഴിയാത്രക്കാരായ മൂന്ന് പേരേ കാട്ടുപന്നിയും ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: