കണ്ണൂര്‍: നിര്‍ദ്ദിഷ്ട ആറുവരിപ്പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നിരിക്കെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നഗരത്തിലെ ഫ്ളൈ ഓവര്‍ എന്തിനെന്ന ചോദ്യം ഉയരുന്നു. കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായാണ് തെക്കി ബസാര്‍ മുതല്‍ ചേംബര്‍ഹാള്‍ വരെ ഫ്ളൈഓവര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നുള്ള 130 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ തറക്കല്ലിടല്‍ എല്‍ഡിഎഫ് ഭരണമൊഴിയുന്നതിന് മുമ്പ് നടത്താനുള്ള തിരക്കിട്ട നീക്കമാണിപ്പോള്‍ നടക്കുന്നത്.
കോടിക്കണക്കിന് രൂപ ചിലവഴിച്ച് ദേശീയപാത ബൈപ്പാസ് നിര്‍മ്മാണത്തിനുളള സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ ദേശീയപാതവഴിയുളള ദീര്‍ഘദൂര വാഹനങ്ങളും ചരക്ക് ലോറികളും അതുവഴി കടന്നു പോകുന്നതോടെ കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇതിനാല്‍ ഫ്ളൈ ഓവറിന്റെ ആവശ്യം പിന്നീട് ഉണ്ടാവില്ലെന്നതിനാല്‍ കോടിക്കണക്കിന് രൂപ സംസ്ഥാന ഖജനാവിന് ബാധ്യതയുണ്ടാക്കുന്ന ഫ്ളൈഓവര്‍ പദ്ധതി അനാവശ്യമാകും.
ഫ്ളൈഓവര്‍ നിര്‍മ്മാണം സംസ്ഥാനത്തെ കോടികള്‍ മുടക്കിയ മറ്റ് പല പദ്ധതികളും പോലെ അഴിമതിക്ക് കളമൊരുക്കുമെന്ന ആശങ്കയും ഉയരുകയാണ്. ബൈപ്പാസ് നിര്‍മ്മാണത്തിനുളള പ്രവര്‍ത്തനങ്ങള്‍ ദേശീയപാത അതോറിറ്റി അതിവേഗം മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കെ യാണ് 1092 മീറ്റര്‍ നീളത്തില്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഗതാഗതക്കുരുക്കും യാത്രാ ബുദ്ധിമുട്ടുമില്ലാതെ അതിവേഗം ലക്ഷ്യത്തിലെത്താന്‍ കാസര്‍കോട് തലപ്പാടിയില്‍ നിന്ന് ആരംഭിക്കുന്ന ആറുവരിപ്പാതയാണ് നിര്‍മ്മിക്കുന്നത്. നിലവിലുള്ള പാത ഒഴിവാക്കാന്‍ ജില്ലയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ മൂന്ന് റീച്ചുകളാണ് ബൈപാസിനുള്ളത്. കണ്ണൂര്‍ ബൈപ്പാസാണ് ഇതില്‍ ഏറ്റവും നീളം കൂടിയത്. പാപ്പിനിശ്ശേരി പള്ളിക്കടുത്തുനിന്നാരംഭിച്ച് തുരുത്തി, കോട്ടക്കുന്ന്, പുഴാതിവയല്‍, കടാങ്കോട്, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം വഴി കീഴുത്തള്ളിയിലെത്തുന്നതാണ് നിര്‍ദിഷ്ട കണ്ണൂര്‍ ബൈപാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: