കണ്ണൂര്‍: കൊവിഡിന്റെ മറവില്‍ സ്വകാര്യ മാനേജ്മെന്റുകള്‍ സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ നിന്ന് പിന്തിരിയണമെന്നും തൊഴില്‍ വകുപ്പ് ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശിവജി സുദര്ശന്. കണ്ണൂര്‍ മസ്ദൂര്‍ ഭവനില്‍ ബിഎംഎസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടിത-അസംഘടിത തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കാനോ മിനിമം വേതനം നടപ്പാക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പല പ്രത്യയശാസ്ത്രങ്ങളും മണ്ണടിഞ്ഞ് പോയത് പ്രതിസന്ധിയില്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ടാണ്. ലോകത്തിന്റെ മൂന്നിലൊന്ന് കയ്യടക്കി വച്ചിരുന്ന മാര്‍ക്സിസ്റ്റുകാര്‍ക്ക് തകര്‍ച്ചയെ നേരിടാനുണ്ടായ കാരണം അവരുടെ പ്രത്യയശാസ്ത്രം ചോര്‍ന്നുപോയത് കൊണ്ടാണ്. ആത്മവിശ്വാസമില്ലാത്ത സംഘാടകരും സ്വാര്‍ത്ഥമതികളായ നേതാക്കന്മാരുമാണ് മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തെ അപചയപ്പെടുത്തിയത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ എന്താണോ ഭാരതീയ മസ്ദൂര്‍ സംഘം മുന്നോട്ട് വെച്ച മൂല്യങ്ങള്‍ അതില്‍ ഒരു വ്യത്യാസവുമില്ലാതെ ജനഹിതം നോക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് മുന്നോട്ട് പോകാന്‍ സാധിച്ചു. സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയ്ക്ക് ഇന്ന് തൊഴിലാളി സമൂഹം പ്രതീക്ഷയോടെ നോക്കിക്കാണുന്നത് ഭാരതീയ മസ്ദൂര്‍ സംഘത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എം. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ആര്. രഘുരാജ്, ഇ. ദിവാകരന്, ആര്‍എസഎസ് വിഭാഗ് കാര്യകാരി സദസ്യന്‍ അഡ്വ. ജയപ്രകാശ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി. തമ്പാന്, ജോയിന്റ് സെക്രട്ടറി കെ.പി. ജ്യോതിര്‍ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭാരവാഹികളായി സി.വി. തമ്പാന്-പ്രസിഡന്റ്, പി. കൃഷ്ണന്, എം. ബാലന്, അഡ്വ. കെ.പി. സുരേഷ് കുമാര്‍, അഡ്വ. പ്രമോദ് കാളിയത്ത്, വനജ രാഘവന്, എം. ശശീന്ദ്രന്-വൈസ് പ്രസിഡന്റുമാര്‍, എം. വേണുഗോപാല്‍-സെക്രട്ടറി, കെ.പി. ജ്യോതിര്‍മനോജ്, കെ.കെ. ശ്രീജിത്ത്, പി.വി. പുരുഷോത്തമന്, ഒ.കെ. ജയചന്ദ്രന്, മണിരാജ് വട്ടക്കൊവ്വല്‍, എ. ദയാറാണി, സി. ഷീല, സിന്ധു തോമസ്-ജോയിന്റ് സെക്രട്ടറിമാര്‍, കെ.കെ. സുരേഷ് ബാബു-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: