പുനലൂര്‍: തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ കച്ചിയിലൂടെയും ഇപ്പോള്‍ കാശുണ്ടാക്കുകയാണ്. തമിഴ്നാട് അതിര്‍ത്തി പിന്നിട്ട് കേരളത്തിലേക്ക് എത്തുമ്പോള്‍ കച്ചിക്ക് ഇപ്പോള്‍ കിട്ടുന്നത് ഇരട്ടി വിലയാണ്. തമിഴ്പാടശേഖരങ്ങളില് കൊയ്ത്തു കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ ഇപ്പോള്‍ നിലമുഴുത് ഞാറുനടീല്‍ ആരംഭിച്ചു കഴിഞ്ഞു. കേരളം നെല്‍കൃഷി ഉപേക്ഷിച്ചപ്പോള്‍ നെല്‍കൃഷിയില്‍ നിന്നും നെല്ല് മാത്രമല്ല കച്ചി വിറ്റും പണമുണ്ടാക്കാമെന്ന് ഇവര്‍ പഠിച്ചു കഴിഞ്ഞു. നടീലിന് മനുഷ്യ പ്രയത്നം ആവശ്യമെന്നിരിക്കിലും കൊയ്ത്ത്, മെതി, കച്ചി റോള്‍ ആക്കല്‍ ഒക്കെ മെഷീന് സഹായത്താല്‍ ആണ്.
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളായ പുളിയറ, കടയനല്ലൂര്‍, ചുരണ്ട, സുബ്രഹ്മണ്യപുരം, അച്ചം പത്തൂര്‍ എന്നീവിടങ്ങളിലെ പാടശേഖരങ്ങളില്‍ ആണ് നെല്‍കൃഷി കൂടുതലായി ഉള്ളത്. ഇവിടെ നിന്നും കച്ചി ശേഖരിച്ച് പുളിയറയില്‍ എത്തിച്ച് മെഷീനില്‍ റോള്‍ ചെയ്ത് എടുക്കുന്നു. ഒരു റോളിന് 350 രൂപയാണ് വില. കൈ കൊണ്ട് കെട്ടുന്ന ഒരു കെട്ടിന് 150-160 എന്ന നിലയില്‍ ആണ് വില. ഞാറുനടീല്‍ കാലമാണ് ഇപ്പോള്‍. പുരുഷ തൊഴിലാളികള്‍ക്ക് 350 രൂപയും, സ്ത്രീ തൊഴിലാളിയ്ക്ക് 200 രൂപയുമാണ് ദിവസ വേതനം. ഒരാഴ്ച മുന്‍പ് കിട്ടിയ മഴയില്‍ സമൃദ്ധമായ തോതില്‍ കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് തമിഴ് കര്‍ഷകര്‍. കേരളം നെല്‍കൃഷി ഉപേക്ഷിക്കുമ്പോള്‍ നാല്ക്കാലികള്ക്ക് കച്ചി വേണമെങ്കിലും ഇപ്പോള്‍ തമിഴ്നാടിനെ ആശ്രയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: