തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടി സോഷ്യല്‍ മീഡിയ. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടെന്ന് പേരിലാണ് പോലീസ് ആക്ട് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം തടയുന്നതിനാണ് ഓര്‍ഡിനന്‍സിലെ പുതിയ വ്യവസ്ഥയെന്ന് പറയുന്നെങ്കിലും മാധ്യമങ്ങള്‍ക്കും നിയമം കൂച്ചുവിലങ്ങിടുന്നതാണ്. നിലവിലെ പോലീസ് നിയമത്തില്‍ 118എ എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. നിയമ ലംഘനം നടത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്. കേസെടുക്കുന്നതിന് പോലീസിന് പൂര്‍ണ്ണ അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
ഏത് വിഭാഗത്തില്‍പെട്ട വിനിമയ ഉപാധി വഴിയും ഏതെങ്കിലുമൊരു വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ വാര്‍ത്തയോ ലേഖനമോ അതുമായി ബന്ധപ്പെട്ടവയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പുതിയ നിയമത്തില്‍ ശിക്ഷ ഉറപ്പുവരുത്തുന്നത്. ഇതോടെ വാട്ട്സ്ആപ്പ് ഫേസ്ബുക്കിനോടൊപ്പം സര്‍ക്കാരിനെതിരെ വാര്‍ത്തയെഴുതുന്ന മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
എന്നാല്‍, 2014 ല്‍ പിണറായി വിജയന്റെ സ്വീകരിച്ച നിലപാടാണ് ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്. അന്നത്തെ പോസ്റ്റിനു താഴെ ഇപ്പോള്‍ ട്രോള്‍ പ്രളയാണ്. സോഷ്യല്‍ മീഡിയക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മൂക്കു കയറിടുന്നു എന്നാരോപിച്ചായിരുന്നു പിണറായിയുടെ വിമര്‍ശനം. അതേ പിണറായി ആണ് ഇപ്പോള്‍ പരാതിയോ വാറന്റോ ഒന്നുമില്ലാതെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ കരിനിയമം പാസാക്കിയത്.
പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്-
PROTECT FREEDOM OF SPEECH & EXPRESSION’
‘ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല.’
പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ് . സാമൂഹ്യ മാധ്യമം നല്കുന്ന സാധ്യതകള്‍ വാരിക്കോരി ഉപയോഗപ്പെടുത്തി ഭരണത്തിലെത്തിയ സര്‍ക്കാരാണ് നരേന്ദ്ര മോഡിയുടെത്.
ഭരണം കയ്യാളിക്കഴിയുമ്പോള്‍ ഇത്തരക്കാര്‍ അതേ മാദ്ധ്യമത്തിന് മുക്കുകയറിടുന്നത് ഇതാദ്യമല്ല. ഭരണഘടനയുടെ 19A അനുഛേദം സ്വാഭിപ്രായം പ്രകടിപ്പിക്കാന്‍ ഉള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാര്ക്കും നല്‍കുന്നുണ്ട്.
ഈ ഭരണഘടനയെ സാക്ഷിയാക്കി ഭരണത്തിലേറുന്നവര്‍ക്ക് ഭരണഘടനാ ദത്തമായ പൗരസ്വാതന്ത്ര്യം പരിരക്ഷിക്കാനുള്ള ചുമതലയുമുണ്ട്. അതല്ല ഇന്ന് നടക്കുന്നത്. ജനവിരുദ്ധമായ നിയമ സംഹിതകള്‍ കൊണ്ട് തച്ചുതകര്‍ക്കാവുന്നവയല്ല പൗരസ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കാന്‍ നവ മാധ്യമത്തില്‍ ഇടപെടുന്ന എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: