കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് നടന് ദിലീപുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന് പോലീസ്. തനിക്ക് ദിലീപുമായി ബന്ധമില്ലെന്നും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രതി പ്രദീപ് കോട്ടത്തല ആദ്യം പോലീസിന് മൊഴി നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് ദിലീപുമായി തനിക്കുള്ള ബന്ധം പ്രദീപ് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ എ. അനില്‍കുമാറിനോട് വെളിപ്പെടുത്തിയത്.
നടിയെ അക്രമിച്ച കേസില്‍ ദിലീപ് ജയില്‍ റിമാണ്ടില്‍ കഴിയുന്ന സമയത്താണ് പ്രദീപ് സന്ദര്‍ശനം നടത്തിയത്. ഒരു തവണ ഗണേഷ്കുമാറിനൊപ്പവും മറ്റൊരു തവണ തനിച്ചുമാണ് പ്രദീപ് ദിലീപിനെ കാണാന്‍ ജയിലിലേക്ക് പോയത്. ദിലീപിന്റെ ഡ്രൈവര്‍ സുനില്‍രാജിനെ പ്രദീപ് ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച വിശദമായ അന്വേഷണറിപ്പോര്‍ട്ട് ഇന്നലെ രാവിലെ പോലീസ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
പ്രദീപിന്റെ ജാമ്യഹരജിയെ എതിര്‍ത്തു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചന നടന്നതായും വ്യക്തമാക്കുന്നു. പ്രദീപിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ ഹരജി നല്‍കുമെന്നും വിവരമുണ്ട്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപിന് പുറമെ പ്രമുഖര്‍ അടക്കം പ്രതികളാകുമെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്.
നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കെ.ബി ഗണേഷ്കുമാര് എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായതിനാല്‍ അന്വേഷണത്തിനിടെ പോലീസിന് സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിന് കാരണം രാഷ്ട്രീയ ഇടപെടലാണെന്ന ആക്ഷേപവും ഇതിനിടെ ശക്തമായി. ഈ സാഹചര്യത്തിലാണ് പ്രദീപിന് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ പ്രദീപ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്കുകയാണുണ്ടായത്. ജാമ്യഹരജി പരിഗണിച്ച കോടതി നവംബര്‍ 19ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതനുസരിച്ച് ബേക്കല്‍ സി.ഐക്ക് മുന്നില്‍ ഹാജരായ പ്രദീപിനെ ആറുമണിക്കൂറാണ് ചോദ്യം ചെയ്തത്. നടിയെ അക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം മറ്റൊരു പ്രതിയായ നടന് ദിലീപിന് നല്‍കാനായി കാക്കനാട് സബ്ജയിലില്‍ നിന്ന് കത്തെഴുതിയ വിപിന്‍ലാല്‍ ഇക്കാര്യം സമ്മതിച്ച് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ടാണ് വിപിന്‍ലാലിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്.
ജനുവരി 24ന് പ്രദീപ് കാസര്‍കോട്ടെ ഒരു ജ്വല്ലറിയിലെത്തി അവിടെ ജോലി ചെയ്യുന്ന തന്റെ അമ്മാവന് ഗിരീഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പിന്നീട് ഫോണില്‍ വിളിച്ചും കത്തെഴുതിയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു വിപിന്‍ലാലിന്റെ പരാതി. ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യം പോലീസ് പരിശോധിച്ചപ്പോള്‍ പ്രദീപ് കോട്ടത്തല വന്നിരുന്നതായി വ്യക്തമാകുകയും ചെയ്തു. വ്യാഴാഴ്ച കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ ഹൊസ്ദുര്‍ഗ് സി.ഐ ഓഫീസില്‍വെച്ച് പ്രദീപിനെ ബേക്കല്‍ സി.ഐ ചോദ്യം ചെയ്യുന്നതിനിടെ വിപിന്‍ലാലിന്റെ അമ്മാവന് ഗിരീഷ്കുമാര്‍, ഇവരുടെ വീടിന് സമീപത്തെ യുവതി, കാഞ്ഞങ്ങാട്ടെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്നിവരെത്തി പ്രദീപിനെ തിരിച്ചറിഞ്ഞിരുന്നു. ആദ്യമായിട്ടാണ് ഇവരെയെല്ലാം കാണുന്നതെന്ന് പറഞ്ഞ പ്രദീപ് സ്വര്‍ണവാച്ച് വാങ്ങാനാണ് കാസര്‍കോട്ടെ ജ്വല്ലറിയില്‍ പോയതെന്ന് മൊഴി നല്കി. കൊട്ടാരക്കരയില്‍ സ്വര്‍ണവാച്ച് ഇല്ലാത്തതു കൊണ്ടാണോ കാഞ്ഞങ്ങാട്ടേക്ക് വന്നതെന്ന പോലീസിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് ഇയാള്‍ക്കായില്ല. ജനുവരി 14 മുതല്‍ നാലുദിവസം പ്രദീപ് കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതായി നേരത്തെ പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പ്രദീപ് കോട്ടത്തലയുടെ പേരിലുള്ള ഒരു വിമാനടിക്കറ്റിന്റെ പകര്‍പ്പും പോലീസിന് ലഭിച്ചിരുന്നു. ജനുവരി 24ന് രാത്രി ഒമ്പതുമണിക്ക് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനത്തിന്റെ ടിക്കറ്റാണ് കിട്ടിയത്. കൊച്ചിയിലേക്കുള്ള ടിക്കറ്റാണിത്. ബുക്ക് ചെയ്തത് മാത്രമാകാമിതെന്നാണ് പോലീസ് കരുതുന്നത്. നടന് ദിലീപിന് അനുകൂലമായി വിപിന്‍ലാലിനെക്കൊണ്ട് മൊഴി പറയിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു പ്രദീപിനുണ്ടായെതെന്ന് പോലീസ് പറയുന്നു. ആരുടെ നിര്‍ദേശപ്രകാരമാണ് പ്രദീപ് ഭീഷണിയുമായി രംഗത്തുവന്നതെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: