ഓച്ചിറ: ആത്മജ്ഞാനം നേടാന്‍ ഒണ്ടിക്കാവിലെ തപസ് വിശിഷ്ടമാണ്. പറയിപെറ്റ പന്തിരുകുലത്തില്‍ പ്രധാനിയായ വരരുചിയുടെ മകന് അകവൂര്‍ ചാത്തന് ആത്മജ്ഞാനം നേടാന്‍ തെരഞ്ഞെടുത്തതും സമാധിയായതും ഒണ്ടിക്കാവിലാണെന്നാണ് ഐതിഹ്യം.
ഒന്നര പതിറ്റാണ്ട് വിദേശത്ത് ജോലിചെയ്തിരുന്ന വള്ളികുന്നം പുത്തന്‍ചന്ത രമേശ് ഭവനത്തില്‍ രമേശന് ദീക്ഷ സ്വീകരിച്ച് രമേശന് സ്വാമി ആയതും ഒണ്ടിക്കാവില്‍ നിന്നാണ്. ഭാര്യയുമായി വേര്പണ്ടിരിഞ്ഞ വേളയില്‍ ജീവിതപങ്കാളിയുടെ വിയോഗം അദ്ദേഹത്തെ തളര്‍ത്തി. തുടര്‍ന്ന് ആത്മശാന്തിക്കായി ഒണ്ടിക്കാവ് തെരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ ചൂടും തണുപ്പും അറിയാത്ത അവസ്ഥയാണ്. ശരീരവുമായി ആത്മബന്ധം മാത്രമാണുള്ളത്. എന്നെ നയിക്കുന്നത് പരബ്രഹ്മമാണ്, രമേശന് സ്വാമി പറഞ്ഞു.
ഓച്ചിറയ്ക്ക് പറയിപെറ്റ പന്തിരുകുലവുമായി ബന്ധമുണ്ട്. ഈ കുലത്തിലെ ചാത്തന് അകവൂര്‍ മനയുമായുള്ള ആശ്രിതബന്ധം ഇവിടുത്തെ ഐതിഹ്യത്തിന് ആധാരമാണ്. അകവൂര്‍ മനയ്ക്കലെ നമ്പൂതിരിയോട് അദ്ദേഹം ഉപാസിക്കുന്ന ഈശ്വരന്റെ രൂപം എന്തെന്ന് ചാത്തന് ആരാഞ്ഞു. ചാത്തന്റെ മഹത്ത്വം അറിയാത്ത നമ്പൂതിരി അത് ‘മാടപ്പോത്തിനെപ്പോലെ’ എന്നു കളിയാക്കിപ്പറഞ്ഞു. എന്നാല്‍ ചാത്തന്റെ ഉപാസനാഫലമായി പരബ്രഹ്മം അദ്ദേഹത്തിന് മുന്നില്‍ മാടപ്പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. തീര്‍ഥാടനകാലത്ത് ഓച്ചിറയിലെത്തിയ നമ്പൂതിരിക്ക് ഒണ്ടിക്കാവില്‍ വച്ചാണ് ചാത്തന്റെ മഹത്ത്വം മനസ്സിലായത്. നമ്പൂതിരി ചാത്തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് കൂടെയുള്ള മാടപ്പോത്തിനെ നോക്കിയപ്പോള്‍ പരബ്രഹ്മരൂപമാണെന്നു മനസിലായി. എന്നാല്‍ അപ്പോഴേക്കും അത് ഒണ്ടിക്കാവില്‍ അന്തര്‍ധാനം ചെയ്യുകയും ചെയ്തു. ‘ഉണ്ട് ഈ കാവില്‍’ എന്നത് ലോപിച്ചാണ് ഒണ്ടിക്കാവിലായത്.
ഇവിടെയാണ് പരബ്രഹ്മം മാടപ്പോത്തിന്റെ രൂപത്തില്‍ അന്തര്‍ധാനം ചെയ്തത്. മനസിനു കുളിര്‍മയും ശാന്തതയും തരുന്ന തരുലതകള്‍ നിറഞ്ഞ മനോഹരമായ സ്ഥലമാണ് ഒണ്ടിക്കാവ്. ഇവിടെ ആരവങ്ങളില്ല, മറ്റു കോലാഹലങ്ങളില്ല. ഇവിടെ ഭക്തര്‍ അന്തര്മുഖരായിരിക്കുന്നു. പടനിലത്തിനു പടിഞ്ഞാറ് വടക്ക് മൂലയിലാണ് ഒണ്ടിക്കാവ് സ്ഥിതി ചെയ്യുന്നത്. എപ്പോഴും ഇവിടെ കര്‍പ്പൂരനാളങ്ങള്‍ ആരതിയുഴിയുന്നു. ഭക്തര്‍ ഇവിടെ വലംവെച്ച് നമസ്കരിച്ച് ഭഗവദ് സാമീപ്യം അറിഞ്ഞ് മടങ്ങിപ്പോകുന്നു. ഒണ്ടിക്കാവില്‍ ഒരിക്കലെത്തുന്നവര്‍ അവിടുത്തെ ശാന്തതയില്‍ ആകൃഷ്ടരായി വീണ്ടും എത്താന്‍ ആഗ്രഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: