തിരുവനന്തപുരം: കോവിഡ് രോഗ മുക്തനായതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ഇഡി രവീന്ദ്രന് നോട്ടീസ് അയച്ചത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, എം. ശിവശങ്കറുമായി നടത്തിയ ഇടപാടുകള്‍, കെ ഫോണ്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളില്‍ ചെലുത്തിയ സ്വാധീനം എന്നിവയാണ് സി എം രവീന്ദ്രനില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ എന്‍ഫോഴ്സ്മെന്റ് രവീന്ദ്രന് കത്ത് നല്‍കിയിരുന്നു. ശിവശങ്കര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റിന്റെ നീക്കം. എന്നാല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നീണ്ടു പോയത്.
സി എം രവീന്ദ്രന് കൊറോണ മുക്തി നേടി ആശുപത്രി വിട്ടതായി എന്‍ഫോഴ്സ്മെന്റിനെ അറിയിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായും അടുത്ത ബന്ധമുള്ളയാളാണ് സി എം രവീന്ദ്രന്. മുഖ്യമന്ത്രി അടക്കം പല സിപിഎം നേതാക്കളുടേയും മനസാക്ഷി സൂക്ഷിപ്പുകാരന് കൂടിയാണ് രവീന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: