ന്യൂദല്‍ഹി: സുരക്ഷാ സേനയുടെ ധൈര്യവും ശ്രദ്ധയും മൂലം പാക് ഭീകരരുടെ വലിയ ആക്രമണ പദ്ധതിയാണ് തകര്‍ത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ സൈനികരെ അഭിനന്ദിക്കുകയാണ്. ജമ്മു കശ്മീരിലെ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നു ഭീകരര്‍ ആക്രമണം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാക്കിസ്ഥാനിലെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ നാലു ഭീകരരെയാണ് സേന വധിച്ചത്. വന്‍തോതിലുള്ള ആയുധ ശേഖരം സഹിതമായിരുന്നു ഭീകരര്‍ എത്തിയത്. സൈന്യം ഒരിക്കല്‍ക്കൂടി ധീരത പ്രകടിപ്പിച്ചതോടെ ഭീകരരെ ഇല്ലാതാക്കാനായി, മോദി ട്വിറ്ററില്‍ കുറിച്ചു.
ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള ദേശീയപാതയില്‍ നഗ്രോതയിലെ ബാന്‍ ടോള്‍ ബൂത്തിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ജയ്ഷെ മുഹമ്മദ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍. ട്രക്കില്‍ ഒളിച്ചിരുന്ന നാലു ഭീകരരെയും മൂന്നു മണിക്കൂര്‍ ഏറ്റുമുട്ടലിനൊടുവില്‍ സേന വധിച്ചു. ഇവരില്‍ നിന്ന് 29 ഗ്രനേഡുകളും 11 എ.കെ. 47 തോക്കുകളും അടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ഭീകരരുടെ ആക്രമണത്തില്‍ വെടിയേറ്റിട്ടുണ്ട്. വന്‍തോതിലുള്ള ആയുധ ശേഖരവുമായി കശ്മീരില്‍ നിന്ന് ജമ്മു വഴി ദല്‍ഹി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍, റോ ഡയറക്ടര്‍, വിദേശകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ പാക് അതിര്‍ത്തിയില്‍ വന്‍തോതില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ നടക്കുകയും സൈന്യം അതിശക്തമായ പ്രത്യാക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പത്തിലേറെ പാക് സൈനികരും ഭീകരരും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. മുന്നൂറിലേറെ ഭീകരര്‍ ലോഞ്ച് പാഡുകളിലായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് എത്തിയവരാണ് കൊല്ലപ്പെട്ടതെന്ന അനുമാനത്തിലാണ് സൈന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: