ടെക്സസ്സ് : നോർത്ത് ടെക്സ്സസ് ഉൾപ്പടെ സംസ്ഥാനത്തിന്റെ പല കൗണ്ടികളിലും കൊറോണ വൈറസ് വ്യാപകമായി തുടരുമ്പോഴും സംസ്ഥാനത്ത് മറ്റൊരു ലോക് ഡൗണിന് തയാറല്ലെന്ന് ഗവർണർ ഗ്രേഗ് ഏബട്ട് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. നവംബർ 19 വ്യാഴാഴ്ച ലബക്കിലെ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യം പരിശോധിക്കുന്നതിന് എത്തിച്ചേർന്ന ഗവർണർ നടത്തിയ പ്രസ്താവനയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ടെക്സസ്സിലെ 300 – ൽ പരം ആശുപത്രികളിലേക്ക് പരീക്ഷണാർത്ഥം കോവിഡ് 19 ആന്റ് ബോഡി ട്രീറ്റ്മെന്റ് ലഭിക്കുന്നതിന് ടെക്സ്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസ് നടപടികൾ സ്വീകരിച്ചതായി ഗവർണർ അറിയിച്ചു. ഹൂസ്റ്റൺ ഗാൽവസ്റ്റൺ ബ്യൂമോണ്ട് ട്രോമ സർവീസുകളിൽ അടിയന്തിരമായി 700 ഡോസുകൾ വിതരണം ചെയ്യുമെന്നു ഗവർണർ അറിയിച്ചു.
ആശുപത്രികളുടെ ചുമതലകൾ ലഘൂകരിക്കുന്നതിനും പാൻഡമിക്കിന്റെ ഭയത്തിൽ കഴിയുന്ന ടെക്സൻസിനെ ആശ്വസിപ്പിക്കുന്നതിനുമാണ് ഇപ്പോൾ പ്രഥമ മുൻഗണന നൽകിയിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു. താങ്ക്സ്ഗിവിങ് ഒഴിവു ദിനങ്ങൾ ആരംഭിക്കുന്നതോടെ രോഗവ്യാപനം വർദ്ധിക്കുവാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ മാർഗ്ഗങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. അതേസമയം ഓസ്റ്റിൻ, ട്രാവിസ് കൗണ്ടി ആരോഗ്യ വകുപ്പ് അധികൃതർ വീണ്ടും സ്റ്റേജ് 4 (കോവിഡ് 19 )ലേക്ക് റിസ്ക് ലവൽ ഉയർത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: