തിരുവനന്തപുരം: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ ഔട്ട്റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുഷ് മിഷനും തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന വകുപ്പും ചേർന്ന് ‘കോവിഡ് സമയത്ത് ആയുർവേദത്തിലൂടെയുള്ള പരിചരണം ‘ എന്ന വിഷയത്തിൽ പ്രാദേശിക വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
പരിപാടിയിൽ പങ്കെടുത്ത ഐ.എസ്.എം ആയുർ രക്ഷ ക്ലിനിക്കിന്റെ സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.ജി.പി.സിദ്ധി കോവിഡിനെതിരെയുള്ള ആയുർവേദ ചികിത്സക്ക് കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ചതായി അറിയിച്ചു. ഇതോടെ കോവിഡ് ചികിത്സയുടെ മേഖലയിലെ ആയുർവാദചികിത്സാ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ഡോ.സിദ്ധി പറഞ്ഞു.
ഇതുവരെ ഐഎസ്‌എം ആയുർ രക്ഷ ക്ലിനിക്കുകൾ ആളുകളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ മരുന്നുകൾ നൽകുന്നതിനുള്ള പദ്ധതികളായ, സ്വസ്ത്യം, സുഖായുശ്യം, പുനാർജനി, അമൃതം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ആയുർവേദം നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും കോവിഡ് 19 പോലുള്ള പകർച്ചവ്യാധി തടയാൻ ആയുർവ്വേദ ചികിത്സ രീതിയെ നമുക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണമെന്നും പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോ ജോയിന്റ് ഡയറക്ടർ ഡോ. നീതു സോന പറഞ്ഞു. റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. കെ.എ. ബീന കോവിഡ് ബാധിതയായപ്പോൾ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു.
തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി കെ എച്ച് ലജീന സംസാരിച്ചു. ഫീൽഡ് എക്സിബിഷൻ ഓഫീസർ ശ്രീ എൽ സി പൊന്നുമോൻ ചർച്ച നിയന്ത്രിച്ചു. ജില്ലയിലെ നൂറിലധികം സിഡിപിഒകളും ഐസിഡിഎസ് സൂപ്പർവൈസർമാരും റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോയിലെയും ഏഴ് ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോകളും ഉദ്യോഗസ്ഥരും വർക്ക് ഷോപ്പിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: