തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടിയില്‍ എതിര്‍ സ്ഥാനാര്‍ഥികളേയും നേതാക്കന്‍മാരേയും വ്യക്തിപരമായി അധിക്ഷേപിച്ചാല്‍ പിടിവീഴും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെക്കുറിച്ച് മാത്രമാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. എതിര്‍ രാഷ്‌ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങള്‍ എതിര്‍കക്ഷിയെക്കുറിച്ചോ അവരുടെ പ്രവര്‍ത്തകരെപ്പറ്റിയോ ഉന്നയിക്കരുത്.
ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. ജാതി മത വികാരങ്ങള്‍ മുതലെടുത്ത് വോട്ടു പിടിക്കുന്നത് കുറ്റകരമാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അകമ്പടി വാഹനങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി ഉപയോഗിക്കുന്ന വാഹനത്തിന്റെ മുന്‍വശത്ത് വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാര്‍ഥിയുടെ പേരില്‍ പെര്‍മിറ്റ് എടുത്ത വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയോ വരണാധികാരിയുടെയോ പെര്‍മിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കന്‍ പാടില്ല. അത്തരം വാഹനങ്ങള്‍ അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: