തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നതിന് തെളിവില്ല എന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെ സാമ്പിളുകള്‍ കേന്ദ്ര ലാബിലേക്ക് അയച്ചു. പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍ തീപിടിക്കുകയും അത് പടര്‍ന്ന് പിടിക്കുകയായിരുന്നു എന്നാണ് സംസ്ഥാന സര്‍ക്കാരും പോലീസും അറിയിച്ചത്. എന്നാല്‍ ഇത് തള്ളിക്കൊണ്ടുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൂടുതല്‍ വ്യക്തതയ്ക്കായി ഫാന്‍ ഉള്‍പ്പടെയുള്ള സാമ്പിളുകള്‍ കേന്ദ്ര ലാബിലേക്ക് അയയ്ക്കുന്നത്.
അതേസമയം സംഭവ ദിവസം ഫാനിന്റെ സ്വിച്ച് രാവിലെ 9.30 മുതല്‍ ഓണായിരുന്നു. എന്നാല്‍ കറങ്ങിയിരുന്നില്ല. അമിതമായ വൈദ്യുത പ്രവാഹം മൂലം ഫാന്‍ ചൂടായി. അങ്ങനെ ഫാന്‍ കനോപി ഉരുകുകയും പല ഘട്ടങ്ങളിലായി തൊട്ടുതാഴെയുള്ള ഷെല്‍ഫിലുണ്ടായിരുന്ന ഫയലില്‍ വീണ് തീപ്പിടിത്തമുണ്ടായി എന്ന് തന്നെയാണ് പോലീസിന്റെ ഇപ്പോഴത്തേയും നിലപാട്. ഇതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ സമര്‍പ്പിച്ച സാമ്പിളുകള്‍ തിരികെ വാങ്ങി കേന്ദ്ര ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. പ്രധാനമായും ഫാനിന്റെ പ്ലാസ്റ്റിക് പാര്‍ട്സുകളടക്കമുള്ള ഭാഗങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രസംഘം അന്വേഷിക്കുന്ന പല ഫയലുകളും അടങ്ങിയിരുന്ന സെക്രട്ടറിയേറ്റിലെ മുറിയില്‍ ഉണ്ടായ തീപിടുത്തം വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുകൂല ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം തീപിടുത്തം ഉണ്ടാക്കുകയായിരുന്നു എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: