ന്യൂദല്‍ഹി : രാജ്യത്തിന് പുത്തന്‍ പ്രതീക്ഷകളുമായി ഫെബ്രുവരിയോടെ കൊറോണ വൈറസ് വാക്സിന് എത്തും. ഇതുവരെയുള്ള പരീക്ഷണങ്ങള്‍ വിജയകരമാണ് അടുത്തവര്‍ഷം ആദ്യത്തോടെ വാക്സിന് വിപണിയില്‍ എത്തിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിന് എത്തിച്ചു നല്‍കുന്നത്. അതിനുശേഷമാണ് മറ്റുള്ളവരിലേക്കും വാക്സിന് എത്തിക്കുക. ഏപ്രിലോടെ വാക്സിന് എല്ലാവരിലേക്കും എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
അതേസമയം കോവിഡ് വാക്സിന് പരീക്ഷണം മൂന്നാംഘട്ടം പൂര്‍ത്തിയായെന്നും 95 ശതമാനം ഇത് ഫലപ്രദമാണെന്നും യുഎസ് കമ്പനിയായഫൈസറും കഴിഞ്ഞ ദിവസം വ്യക്തമാക്കി. വാക്സിനില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര ഉപയോഗ അംഗീകാരത്തിനായി കമ്പനി അപേക്ഷിക്കുമെന്നും ഫൈസര്‍ വക്താവ് പറഞ്ഞു.
65 വയസ്സിനു മുകളിലുള്ളവരിലും വാക്സിന്റെ കാര്യക്ഷമത, 94% ത്തില്‍ കൂടുതലാണ്. ജര്‍മ്മന്‍ പങ്കാളിയായ ബയോ എന്‍ടെക് എസ്ഇയ്ക്കൊപ്പം വികസിപ്പിച്ചെടുത്ത വാക്സിനുകളുടെ ഫലപ്രാപ്തി ഏതു പ്രായത്തിലുള്ളവരിലും സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ലോകമെമ്പാടും രോഗപ്രതിരോധത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാമെന്നതിന്റെ സൂചനയാണെന്നും ഫൈസര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: