പനാജി: ഏഴാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് നിലിവലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാനെ എതിരിടും. ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് കിക്കോഫ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കളി കാണാം.
ഇതാദ്യമായി ഈ സീസണില്‍ പതിനൊന്ന് ടീമുകള്‍ കിരീടത്തിനായി പോരാടും. കൊല്‍ക്കത്തയില്‍ നിന്നുള്ള ഈസ്റ്റ് ബംഗാളാണ് സൂപ്പര്‍ ലീഗിലെ പതിനൊന്നാം ടീം. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സി, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി , എഫ്സി ഗോവ, ജംഷഡ്പൂര്‍ എഫ്സി, ഒഡീഷ എഫ്സി, ഹൈദരാബാദ് എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകള്‍.
പ്രാഥമിക റൗണ്ടില്‍ പതിനൊന്ന് ടീമുകള്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാലു ടീമുകള്‍ പ്ലേ ഓഫില്‍ കടക്കും. കൊറോണ മഹമാരിയുടെ പശ്ചാത്തലത്തില്‍ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഗോവയിലെ മൂന്ന് വേദികളിലാണ് അരങ്ങേറുന്നത്. കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. വെര്‍ച്വല്‍ വോളിലൂടെ കാണികള്‍ക്ക് ടീമുകളെ പ്രോത്സാഹിപ്പിക്കാം.
പോയ സീസണില്‍ പിന്നാക്കം പോയ കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന് കിബു വിക്കൂനയുടെ ശിക്ഷണത്തില്‍ പുതുപുത്തന്‍ ടീമായാണ് ഈ സീസണില്‍ പൊരുതാനിറങ്ങുന്നത്. നിലവാരമുള്ള വിദേശതാരങ്ങളും ഇന്ത്യന്‍ യുവനിരയുമാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. സിംബാബ്വെ താരം കോസ്റ്റയാണ് ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ക്യാപ്റ്റന്‍. ഗോവന്‍ പ്രതിരോധ താരം ജെസല്‍ കാര്‍ണെയ്റോ രണ്ടാം ക്യാപ്റ്റനും മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോഞ്ച മൂന്നാം ക്യാപ്റ്റനുമാണ്.
ഇംഗ്ലീഷ് താരം ഗാരി ഹൂപ്പര്‍, ഓസ്ട്രേലയന്‍ താരം ജോര്‍ദാന്‍ മുറെ എന്നിവരാണ് ആക്രമണത്തിലെ കുന്തമുനകള്‍. ബുര്‍ക്കിന താരം ബാക്കറി കോണെ , ക്യാപ്റ്റന്‍ കോസ്റ്റ് എന്നിവര്‍ പ്രതിരോധത്തെ നയിക്കും. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ യുവ താരങ്ങളായ ജീക്സണ് സിങ്, നിഷു കുമാര്‍, രാഹുല്‍ കെ.പി. എന്നിവരും ചേരുന്നതോടെ ബ്ലാസ്റ്റേഴ്സ് ശക്തമായ ടീമായി മാറും.
പോയ സീസണിലെ ചാമ്പ്യന്മാരായ എടികെ, മോഹന്‍ ബഗാനുമായി ലയിച്ച് എടികെ മോഹന്‍ ബഗാന് എഫ്സി എന്ന പേരിലാണ് ഇത്തവണ കളിക്കളത്തില്‍ ഇറങ്ങുന്നത്. കഴിഞ്ഞ തവണ കിരീടം നേടിയ ടീമിലെ പ്രമുഖതാരങ്ങളെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഏറെ പരിചയ സമ്പന്നനായ അന്റോണിയോ ലോപസ് ഹാബസാണ് പരിശീലകന്.
ഫിജിയന്‍ ഇന്റര്‍ നാഷണല്റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കുക്. കഴിഞ്ഞ സീസണില്‍ 21 മത്സരങ്ങളില്‍ പതിനഞ്ച് ഗോള്‍ നേടി ടോപ്പ് സ്കോറര്‍ പദവി പങ്കിട്ട താരമാണ് റോയ് കൃഷ്ണ. ആറു ഗോളുകള്‍ക്ക് വഴിയും ഒരുക്കി. കഴിഞ്ഞ സീസണിലെ ഫൈനലില്‍ എടികെയെ നയിച്ചത് റോയ് കൃഷ്ണയാണ് ഈ സീസണിലും റോയ് കൃഷ്ണ നായകനായി തുടരും.
എടികെ മോഹബഗാന്റെ മധ്യനിരയെ മൈക്കല്‍ സൂസെയ്രാജ് നയിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ നായന് സന്ദേശ് ജിങ്കാനാണ് പ്രതിരോധം തീര്‍ക്കുന്നത്. പ്രബീര്‍ ദാസും പ്രീതം കോട്ടലും ജിങ്കാന് മികച്ച പിന്തുണ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: