തൃശൂര്‍: വികസനം മുരടിച്ച ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ ഇത്തവണ നാലില്‍ മൂന്നില്‍ ഭാഗമെന്ന ഭൂരിപക്ഷത്തോടെ അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. നിലവില്‍ ബിജെപിക്ക് മൂന്ന് സീറ്റുകള്‍ പഞ്ചായത്തിലുണ്ട്. 21 വാര്‍ഡുകളില്‍ 10 സീറ്റുകളുമായി യുഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
എല്‍ഡിഎഫിന് 8 സീറ്റുകളുണ്ട്. 2ാം വാര്‍ഡ് പെരുമ്പിള്ളിശേരി, 7ാം വാര്‍ഡ് പൂച്ചിന്നിപ്പാടം, 21ാം വാര്‍ഡ് പടിഞ്ഞാറെ പെരുമ്പിള്ളിശേരി എന്നിവിടങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇതിനു പുറമേ 7 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി മികച്ച പ്രകടനവും ബിജെപി കാഴ്ചവെച്ചിരുന്നു. 5ാം വാര്‍ഡ് തിരുവുള്ളക്കാവ്, 6ാം വാര്‍ഡ് വള്ളൂര്‍ കുന്നത്തുശേരി, 8ാം വാര്‍ഡ് ചേര്‍പ്പ്, 12ാം വാര്‍ഡ് പനങ്കുളം, 14ാം വാര്‍ഡ് ഊരകം, 19ാം വാര്‍ഡ് ചേര്‍പ്പ് വെസ്റ്റ്, 20ാം വാര്‍ഡ് തായംകുളങ്ങര എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. മറ്റു വാര്‍ഡുകളില്‍ വിജയിച്ചവരേക്കാള്‍ വളരെ വോട്ടുകളുടെ വ്യത്യാസമേ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായിരുന്നുള്ളൂ. ഇതിനാല്‍ 14ലേറെ സീറ്റുകള്‍ നേടി ഇത്തവണ ചേര്‍പ്പ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.
വികസന മുരടിപ്പും അടിമുടി അഴിമതി നിറഞ്ഞതുമായ ഭരണമായിരുന്നു നിലവിലെ യുഡിഎഫ് ഭരണസമിതിയുടേതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. കാന നിര്‍മ്മാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നീ പദ്ധതികളെല്ലാം നടത്തിയത് വാര്‍ഡ് മെമ്പര്‍മാരുടെ ബിനാമികളാണ്. ചേര്‍പ്പ് ചന്ത നവീകരണ പദ്ധതിയ്ക്കായി 12 ലക്ഷം രൂപ എഞ്ചി.കോളേജിന് നല്‍കിയെങ്കിലും ഇപ്പോഴും ചന്തയുടെ നിലവാരത്തില്‍ യാതൊരു മാറ്റവുമില്ല. വിവിധ ഫണ്ടുകളെല്ലാം വകമാറ്റി ചെലവഴിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെല്ലാം പേരു മാറ്റിയാണ് നടപ്പാക്കിയത്. കാന ശുചീകരണ പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. ആവശ്യമായ ഫണ്ടുണ്ടായിട്ടും പഞ്ചായത്തില്‍ ക്രിമറ്റോറിയം നിര്‍മ്മിച്ചിട്ടില്ല. പഞ്ചായത്ത് നിവാസികള്‍ കടുത്ത കുടിവെള്ള ക്ഷാമത്തെയാണ് നേരിടുന്നത്. കരുവന്നൂര്‍ പുഴയുമായി ബന്ധപ്പെട്ട് കുടിവെള്ള പദ്ധതികള്‍ നടപ്പിക്കായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ജലജീവന്‍ പദ്ധതിയെ യുഡിഎഫ് ഭരണസമിതി തള്ളിക്കളഞ്ഞു. മാലിന്യ സംസ്കരണ പദ്ധതികളും നടപ്പാക്കിയിട്ടില്ല. നിലവിലുള്ള കമ്മ്യൂണിറ്റി ഹാളുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ ശോചനീയാവസ്ഥയിലാണ്. റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രളയത്തിന് ശേഷം വെള്ളക്കെട്ട് ഇല്ലാതാകുന്ന രീതിയില്‍ കനാല്‍ നവീകരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. കാര്‍ഷിക മേഖലയായ പഞ്ചായത്തില്‍ ഒരു പദ്ധതികളിലും നടപ്പാക്കാതെ കര്‍ഷകരെ അവഗണിച്ചു. പഞ്ചായത്തിലെ എല്‍പി, യുപി സ്കൂളുകളെല്ലാം വളരെ ശോചനീയാവസ്ഥയിലാണ്.
നിരവധി അങ്കണവാടികള്‍ വാടക കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. പല അങ്കണവാടികളിലും അടിസ്ഥാന സൗകര്യങ്ങളില്ല. ചേര്‍പ്പിലെ സമസ്ത മേഖലയുടെയും ഉന്നമനം ലക്ഷ്യം വെച്ചുള്ള ‘വരദ-നാം ഒന്നിച്ചൊരു ചേര്‍പ്പ്’ എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചേര്‍പ്പിനെ മികച്ചൊരു സ്വയം പര്യാപ്ത ഗ്രാമമാക്കുന്നതിനുള്ള മഹത്തായ ഉദ്യമമാണ് ‘വരദ’യിലൂടെ നടപ്പാക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു. തൊഴില്‍ അന്വേഷകരെയും തൊഴില്‍ദാതാക്കളെയും കൂട്ടിയിണക്കുന്ന ജോബ് പോര്‍ട്ടല്‍, ചേര്പ്പിന് സ്വന്തമയൊരു കമ്മ്യൂണിറ്റി പോര്‍ട്ടല്‍, ചേര്‍പ്പിന്റെ കലാ-സാംസ്കാരിക-സാമൂഹിക രംഗത്തെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ചാനല്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. പഞ്ചായത്ത് റോഡരികില്‍ മഞ്ഞള്‍ വെച്ചു പിടിപ്പിച്ച് മഞ്ഞള്‍ ഗ്രാമം പദ്ധതി നടപ്പാക്കും. മൃഗപരിപാലന രംഗത്ത് വിവിധ വളര്‍ത്തു മൃഗങ്ങള്‍ക്കായി പെറ്റ് ക്ലബ്ബുകള്‍ സ്ഥാപിക്കും. ചേര്‍പ്പ് ചന്തയുടെ വികസനവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങളോടെയുള്ള നിര്‍മ്മാണം സാധ്യമാക്കും. പഞ്ചായത്തിലെ അര്‍ഹരായ എല്ലാ പട്ടികജാതി കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പു വരുത്തും. സാംസ്കാരിക നിലയം, പൊതുശ്മശാനം, കംഫര്‍ട്ട് സ്റ്റേഷന്, മാലിന്യ സംസ്കരണം എന്നിവയ്ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും ബിജെപി അധികാരത്തിലേറിയാല്‍ ഭരണ സംവിധാനത്തില്‍ സുതാര്യത ഉറപ്പു വരുത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: