തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫോറന്‍സിക് വിദഗ്ധ സംഘം പരിശോധന നടത്തിയെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നതിന് തെളിവൊന്നും കണ്ടെത്താനായിട്ടില്ല. മുറിയിലെ ഫാനില്‍ നിന്നാണ് തീപിടിച്ചെന്നുള്ള സര്‍ക്കാരിന്റെ പ്രസ്താവനയ്ക്ക് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുറിയിലെ ഫാനുകള്‍ ഫോറന്‍സിക് സംഘം പരിശോധിക്കുന്നത് രണ്ടാമത്തേയും മൂന്നാമത്തേയും ഘട്ടത്തിലാണ്.ആദ്യഘട്ടത്തില്‍ ഇവയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടതനെ തുടര്‍ന്നാണ് പരിശോധിക്കുന്നത്. തീപിടിത്തത്തെ കുറിച്ച് ഫിസിക്സ് കെമിസ്ട്രി വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും പരിശോധന നടത്തിയെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടായി തെളിയിക്കുന്ന ഒന്നും കണ്ടെത്താനിയിട്ടില്ല. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് സര്‍ക്കാരും പോലീസും പ്രഖ്യാപിച്ചത്. ഈ വാദങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍നിന്നുണ്ടായ തീ ഫയലിലേക്കും മറ്റും പടര്‍ന്നതാണെന്നാണ് പോലീസ് നേരത്തെ വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കുന്ന വിധത്തില്‍ ഗ്രാഫിക് ദൃശ്യങ്ങളും പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു.
ഫോറന്‍സിക് ഓഫീസിലെ മൂന്ന് വാള് ഫാനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഈ ഫാനുകളുടെ വയറുകള്‍ പരിശോധിച്ചു. ഇവയ്ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടോ അഗ്നിബാധയുണ്ടാകാന്‍ കാരണമായുള്ള എന്തെങ്കിലും കേടുപാടുകളോ ഇല്ല. കൂടാതെ ഇതിലൊരു ഫാന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമം ആണ്. മറ്റൊരു ഫാനിന്റെ മോട്ടറിന് സാങ്കേതിക തകരാര്‍ ഉണ്ടോയെന്ന് പറയാന്‍ കഴിയില്ല. ഇവ മൂന്നും പൂര്‍ണ്ണമായും പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യം ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. അതേസമയം തീപിടിത്തമുണ്ടായ സ്ഥലത്തുനിന്നും ഫോറന്‍സിക് സംഘം ശേഖരിച്ച സാമ്പിളുകളില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തില്‍ മദ്യം ഉണ്ടായിരുന്നു. എന്നാല്‍ തീപിടിത്തത്തിന് കാരണമാകുന്ന ഇന്ധനമോ മറ്റോ ഇതില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: