പാലക്കാട്: ജില്ലാ കോണ്‍ഗ്രസില്‍ അധികാരത്തെ ചൊല്ലിയും ജാതി പറഞ്ഞും കലാപം. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഹിന്ദു വിഭാഗത്തിലെ പിന്നാക്കക്കാരെ ആസൂത്രിതമായി ഒഴിവാക്കിയെന്ന ആരോപണവുമായി ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന് രംഗത്ത്. ഡിസിസി പ്രസിഡന്റായ വി.കെ. ശ്രീകണ്ഠന് നായര്‍ എംപിയുടെ നേതൃത്വത്തിലാണ് പിന്നാക്കക്കാരെ തഴഞ്ഞതെന്ന് സുമേഷ് അച്യുതന് ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വി.കെ. ശ്രീകണ്ഠന് പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് ഇന്ന് അവസാനിക്കാനിരിക്കെയാണ് പാലക്കാട് കോണ്‍ഗ്രസില്‍ പുതിയ പൊട്ടിത്തെറി. നാലു തവണ മത്സരിച്ചവര്‍ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞ് ഹിന്ദു സമുദായത്തിലെ പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ മാത്രം തെരഞ്ഞുപിടിച്ച് ആസൂത്രിതമായി ഒഴിവാക്കിയെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന് ആരോപിച്ചു.
നിലവിലെ ലിസ്റ്റില്‍ നാലും അഞ്ചും തവണ മത്സരിച്ചവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ക്കും, നേരത്തെ റിബലായി മത്സരിച്ചവരെയും സ്ഥാനാര്‍ത്ഥികളാക്കി. പാലക്കാട് നഗരസഭയില്‍ യുഡിഎഫ് പാര്ലിമെന്ററിപാര്ട്ടി നേതാവായിരുന്ന ഭവദാസെന്ന വിജയസാധ്യതയുള്ള നേതാവിനെ ഒഴിവാക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സഹോദരനാണ് അവസരം നല്‍കിയിരിക്കുന്നത്. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വി.കെ. ശ്രീകണ്ഠന് എംപി പറഞ്ഞു.
പ്രാദേശികതലത്തില്‍ പലയിടങ്ങളിലും കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറികള്‍ തുടരവേ, ഡിസിസി വൈസ് പ്രസിഡന്റ് തന്നെ നേതൃത്വത്തിനെതിരെ രംഗത്ത് വന്നത് പാര്‍ട്ടിക്ക് കൂടുതല്‍ തലവേദന ആവുകയാണ്. തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉള്‍പ്പെടെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് വി.കെ. ശ്രീകണ്ഠന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സുമേഷ് അച്യുതന് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: