തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ആരോപണ, പ്രത്യാരോപണങ്ങളോടൊപ്പം കേസും അറസ്റ്റും ജയില്‍ വാസവുമെല്ലാം കടന്നു വരുന്നു. സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍പ്പെട്ട് പിണറായി വിജയന് സര്‍ക്കാര്‍ ഉലയുന്നു. യുഡിഎഫ് നേതാക്കളും അഴിമതിക്കേസുകളില്‍ ജയിലിലാവുന്നു. ആരോപണ, പ്രത്യാരോപണങ്ങളില്‍ പുറത്തു വരുന്നത് ഇടത്, വലതു മുന്നണികളുടെ അഴിമതികള്‍.
എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പകരത്തിന് പകരം എന്ന പോലെ വാളെടുക്കുമ്പോള്‍ അഴിമതിയില്‍ ഇരുകൂട്ടരും പിന്നിലല്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ചാണ് ഇരുകൂട്ടരും ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു കോടിയേരിയെ പുറത്താക്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലായി. സ്പ്രിങ്കഌ, ഇ-ബസ്, ലൈഫ്മിഷന്, ആരോഗ്യ മേഖലയിലെ ഡാറ്റാ ചോര്‍ച്ച, കെ-ഫോണ്‍, കിഫ്ബി ഇങ്ങനെ പോകുന്നു സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികള്‍.
മറു ഭാഗത്താകട്ടെ ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ കമറുദ്ദീന് ജയിലില്‍. മുന്മന്ത്രിയെ പാലം പണിയില്‍ തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ നേതാവിനും മുന്‍മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടിയുള്ള ഫയല്‍ രാജ്ഭവനിലാണ്.
സ്വര്‍ണക്കടത്ത് കേസുകളും, മറ്റ് അഴിമതികളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയപ്പോഴാണ് ശ്രദ്ധ തിരിച്ചുവിടാന്‍ കിഫ്ബിയെ രംഗത്തിറക്കിയത്. എന്നാല്‍ ഇത് സര്‍ക്കാരിനെതിരെ തിരിഞ്ഞു കുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിലൂടെ തങ്ങള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ക്കെതിരെ പറഞ്ഞു നില്‍ക്കാനുള്ള കാരണങ്ങളായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ അന്വേഷണം മുറുകുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കേസുകളില്‍ നടപടി വേഗത്തിലാക്കുന്നത്.
ഇബ്രാഹിംകുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ത്ത് നേരത്തേ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വിഷയത്തിനു വേണ്ടി അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതാക്കളുടെ ചങ്കിടിപ്പ് വര്‍ധിച്ചിട്ടുണ്ട്. സോളാര്‍ കേസിലും ഇനി അറസ്റ്റ് ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: