പനാജി: ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. കൊറോണക്കാലത്തെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഫുട്ബോള്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പൂരത്തിന് നാളെ കൊടിയേറും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഗോവയിലാണ് നടക്കുക. ആരാധകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ നടപ്പാക്കിയ ‘വെര്‍ച്വല്‍ ഫാന്‍ വോള്‍’ സാങ്കേതിക വിദ്യ ഐഎസ്എല്ലില്‍ ഉണ്ടാകം. ഇതിലൂടെ ആരാധര്‍ക്ക് ടീമുകളെ പിന്തുണയക്കാനാകും.
ഉദ്ഘാടന മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന് കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി മാറ്റുരയ്ക്കും. ബാംബോളിന് സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് കിക്കോഫ്.
ഇതാദ്യമായി ഇത്തവണ പതിനൊന്ന് ടീമുകള്‍ കീരിടത്തിനായി മാറ്റുരയ്ക്കും. ടീമുകള്‍ പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റ് ലഭിക്കുന്ന നാലു ടീമുകള്‍ പ്ലേ ഓഫില്‍ കടക്കും.
കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബാണ്. പ്രഥമ ഐഎസ്എല്ലില്‍ രണ്ടാം സ്ഥാനം നേടി. എടികെയോടാണ് ഫൈനലില്‍ തോറ്റത്. രണ്ട് വര്‍ഷത്തിനുശേഷം വീണ്ടും ഫൈനലില്‍ കടന്നു. പക്ഷെ ഷൂട്ടൗട്ടില്‍ വിധിയെഴുതിയ ഫൈനലില്‍ എടികെയോട് തോറ്റു.
കഴിഞ്ഞ സീസണില്‍ മോഹന്‍ ബാഗന്‍ ഐ ലീഗ് കിരീടം നേടികൊടുത്ത കിബു വിക്യൂനയുടെ ശിക്ഷണത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത്.
മുന്‍ സെല്‍റ്റിക് താരം ഗാരി ഹൂപ്പറാണ് ആക്രമണ നിരയിലെ കരുത്തന്. മുന്‍ ലിയോണ്‍ പ്രതിരോധ താരം ബാക്കറി കോണെ, നിഷുകുമാര്‍ എന്നീ പ്രമുഖരും ടീമില്‍ അണിനിരക്കും.
എടികെ മോഹന്‍ ബഗാന്
പോയ തവണ കിരീടം നേടിയ എടികെ ,മോഹന്‍ ബാഗനുമായി ലയിച്ച് എടികെ മോഹന്‍ ബഗാന് എന്ന പേരിലാണ് ഈ സീസണില്‍ കളത്തിലിറങ്ങുന്നത്. ഈ സീസണിലും കിരീടം നേടാമെന്ന പ്രതീക്ഷയിലാണവര്‍. പരിചയ സമ്പന്നനായ അഅന്റോണിയോ ലോപസാണ് പരിശീലകന്.
റോയ് കൃഷ്ണയും മുന്‍ എ ലീഗ് താരമായ ഡേവിഡ് വില്യംസുമാണ് ആക്രമണ നിരയെ നയിക്കുന്നത്. ഇന്ത്യന്‍ ഇന്റനാഷണലായ സന്ദേശ് ജിങ്കാനാണ് പ്രതിരോനിരയിലെ കരുത്തന്. പോയ സീസണില്‍ എമര്‍ജിങ് പ്ലെയര്‍ പുരസ്കാരം നേടിയ സുമത് രാത്തിയും ടീമിലുണ്ട്.
ബെംഗളൂരു എഫ്സി
ആദ്യ മൂന്ന് വര്‍ഷത്തില്‍ രണ്ട് ഐ ലീഗ് കിരീടം നേടിയ ടീമാണ് ബെംഗളൂരു എഫ്സി. 2017-18 സീസണില്‍ ഐഎസ്എല്ലില്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍ ഫൈനലില്‍ ചെന്നൈയിന് എഫ്്സിയോട് തോറ്റു. ഒരു വര്‍ഷത്തിനുശേഷം ബെംഗളൂരു എഫ്സി ഐഎസ്എല്‍ ചാമ്പ്യന്മാരായി. കാള്‍സ് ക്വാഡ്രാറ്റാണ് പരിശീലകന്.
അപകടകാരിയായ ബ്രസീലിയന്‍ സ്ട്രൈക്കര്‍ ക്ലീറ്റണ്‍ സില്‍വ, നോര്‍വേജിയന്‍ താരം ക്രിസ്റ്റിയന്‍ ഒപ്സേത്ത് എന്നിവരാണ് ആക്രമണനിരയിലെ ശക്തികള്‍്. ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി, ഉദാന്ത സിങ്, എറിക് പാര്‍ട്ടാലു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
ചെന്നൈയിന് എഫ്സി
ഐഎസ്എല്ലിന്റെ ആറു വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമുകളില്‍ ഒന്നാണ്. 2015 ല്‍ എഫ്സി ഗോവയെ തോല്‍പ്പിച്ചും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബെംഗളൂരു എഫ്സിയെ തോല്‍പ്പിച്ചും ചാമ്പ്യന്മാരായി. പോയ സീണണില്‍ ഫൈനലില്‍ എത്തി. പക്ഷെ കലാശക്കളിയില്‍ എടികെയോട് തോറ്റു. സാബ ലാസ്ലോയാണ് പരിശീലകന്.
സ്ലോവാക്യന്‍ താരം ജാകുബ് സില്വെസ്റ്റും താജികിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫത്ഖുലോ ഫത്ഖുലേവും എത്തിയതോടെ ടീം ശക്തമായി. ബ്രസീലിയന്‍ താരം റാഫേല്‍ ക്രിവേല്ലാറോയാണ് ടീമിന്റെ കുന്തമുന.
എഫ്സി ഗോവ
കഴിഞ്ഞ സീസണില്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തോടെ എഎഫ്സി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി ചരിത്രം കുറിച്ച ടീമാണ്. ഇന്ത്യയില്‍ എഎഫ്സി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ആദ്യ ടീമാണ് എഫ്സി ഗോവ്.
ഈ സീസണിലും വിജയം തുടരാനുള്ള തയ്യാറെടുപ്പിലാണ്. യുവന് ഫെറാന്‍ഡോയാണ് പരിശീലകന്.
കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഹ്യൂഗോ ബൗമസ് ഇത്തവണ മുംബൈ സിറ്റിയിലേക്ക് ചേക്കേറിയത് ഗോവയ്ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ടീമിന്റെ ടോപ്പ് സ്കോററായ ഫെറാന്‍ കൊറോണിമസും ഇത്തവണ ടീമിലില്ല. അദ്ദേഹം നാട്ടിലേക്ക് മടങ്ങി. സ്പ്ാനീഷ് താരങ്ങളായ ഇഗോര്‍ അന്‍ഗുലോ, ഇവാന് ഗോണ്‍സാലസ്, അല്‍ബര്‍ട്ടോ നോഗ്യൂറ, ജോര്‍ഗെ ഒര്‍ട്ടിസ് എന്നിവരാണ് പ്രമുഖതാരങ്ങള്‍.
ഹൈദരാബാദ് എഫ്സി
കഴിഞ്ഞ സീസണില്‍ ഏറ്റവും പിന്നിലെത്തിയ ടീമാണ്. പുതിയ താരങ്ങളെ ഉള്‍പ്പെടുത്തി ഇത്തവണ മികച്ച പോരാട്ടത്തിന് ഒരുങ്ങുകയാണ്. മനോലോ മാര്‍ക്വസാണ് പരിശീലകന്.
ജാവോ വിക്ടര്‍, ലൂയിസ് സസ്ട്രെ, അഡ്രിയാനെ സാന്റ്ന, ഒഡീ ഒനൈന്ഡ, ഫ്രാന് സാന്ഡസ എന്നിവരാണ് ടീമിന്റെ കരുത്ത്. പോയ സീസണിലാണ് ഹൈദരാബാദ് എഫ്സി ഐഎസ്എല്ലില്‍ അരങ്ങേറിയത്.
ജംഷദ്പൂര്‍ എഫ്സി
പോയ സീസണില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജംഷഡ്പൂര്‍ ഇത്തവണ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ്. പോയ തവണ രണ്ടാം സ്ഥാനം നേടിയ ചെന്നൈയിന് പരിശീലകന് ഓവന് കോയ്ലേയാണ് ഇത്തവണ ജംഷഡ്പൂരിന്റെ പരിശീലകന്.
കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോററായ നെര്‍ജിസ് വല്സ്കിസിനെയും ടീമിലെത്തിച്ചിട്ടുണ്ട്. നൈജീരിയയുടെ സ്റ്റെഫാന്‍ സി യാണ് പ്രതിരോധത്തെ നയിക്കുന്നത്. പീറ്റര്‍ ഹാര്‍ട്ലി, മുന്‍ എഫ്സി ഗോവ താരം ജാക്കിചന്ദ് സിങ് എന്നിവരും ടീമിലുണ്ട്.
മുംബൈ സിറ്റി
മുന്നേറ്റനിര ശക്തമാക്കിയാണ് മുംബൈ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ മികച്ച താരമായ ഹ്യൂഗോ ബൗമസിനെ എഫ്സി ഗോവയില്‍ നിന്ന് വാങ്ങി. കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ച ഒഗ്ബച്ചേയേയും ടീമില്‍ എത്തിച്ചു. സിഡ്സി എഫ്സിയില്‍ നിന്ന് വായ്പ വ്യവസ്ഥയില്‍ സ്ട്രൈക്കര്‍ ലീ ഫോണ്ഡ്രീയും സിറ്റിയില്‍ എത്തി.
സെര്‍ജിയോ ലോബെറ പരിശീലപ്പിക്കുന്ന മുംബൈ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗുവാഹത്തിയില്‍ നിന്നുള്ള ഈ ടീം 2018-19 സീസണില്‍ പ്ലേ ഓഫില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍
പോയിന്റ് നിലയില്‍ പിന്നാക്കം പോയി. നിലവാരമുള്ള കളിക്കാരെ ടീമില്‍ എത്തിച്ച് ഇത്തവ കരുത്ത് കാട്ടാനുള്ള തയ്യാറെടുപ്പിലാണ്. ജെറാര്‍ഡ് നസാണ് പരിശീലകന്.
ഘാന് ഇന്റര്‍ നാഷണല്‍ കെസി അപ്പയ്യ, ഗ്യൂനിയന് സ്ട്രൈക്കര്‍ ഇഡ്രിസ സില്ല തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്. ഫ്രാന്‍സിന് ഫുട്ബോള്‍ കളിച്ച പരിചയമുള്ള താരമാണ് ഇഡ്രിസ.
ഒഡീഷ എഫ്സി
ദല്‍ഹി ഡൈനാമോസ് ദല്‍ഹിയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പറിച്ചുനട്ടതോടെയാണ് ഒഡീഷ എഫ്സി ജന്മം കൊണ്ടത്. കഴിഞ്ഞ സീസണില്‍ അരങ്ങേറിയ ഒഡീഷയ്ക്ക് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്റ്റുവര്‍ട്ട് ബാക്സ്റ്ററാണ്പരിശീലകന്
ഒരുപിടി മികച്ച താരങ്ങളെ ടീമിലെച്ചിത്താണ് ഇത്തവണ പോരിനിറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ കളിച്ച് പരിചയമുള്ള മുന്‍ ന്യൂകാസില്‍ യുണൈറ്റഡ് പ്രതിരോധ താരം സ്റ്റീവന്‍ ടെയ്ലര്, സ്പാനിഷ് താരം മാനുവല്‍ ഓന്‍വു, ജെറി , മാഴ്സെലിഞ്ഞോ , ശുഭം സാരംഗി തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്.
എസ്സി ഈസ്റ്റ് ബംഗാള്‍
ഈസ്റ്റ് ബംഗാള്‍ ഇതാദ്യമായാണ് ഐഎസ്എല്ലില്‍ മത്സരിക്കുന്നത്. കൊല്‍ക്കത്ത ഡെര്‍ബിയില്‍ നവംബര്‍ 27 ന് എടികെ മോഹന്‍ബഗാനുമായി ഏറ്റുമുട്ടും. റോബി ഫൗലറാണ് പരിശീലകന്.
ആന്റണി പില്കിങ്ടണ്, ഡാനി ഫോക്സ്, ജാക്വസ് മാഗ്ഹോമ, ഇന്ത്യന്‍ താരം ജെജെ ലാല്‍പെക്കുല, യൂജന്സന് ലിങ്ഡോ തുടങ്ങിയ പ്രമുഖര്‍ ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: