ന്യൂയോർക്ക്: മധുവിധു ആഘോഷിക്കാനാണ് പാക്കിസ്ഥാൻ അമേരിക്കൻ കോർപറേറ്റ് അറ്റോർണി മുഹമ്മദ് മാലിക്കും (35) ഭാര്യ ഡോ. ആർഷായും (29) കരീബിയൻ റിസോർട്ടിലെത്തിയത്. റ്റർക്ക് ആന്റ് കെയ്‌കോസ് ഐലന്റിലെ റിസോർട്ടിനു സമീപം നീന്തിക്കൊണ്ടിരിക്കെ ഇവർ ശക്തമായ അടിയൊഴുക്കിൽ പെടുകയായിരുന്നു. സഹായത്തിനായി എത്തിച്ചേർന്നവർ രണ്ടുപേരെയും വെള്ളത്തിൽ നിന്നെടുത്ത് പ്രാഥമിക ചികിൽസ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു വച്ചു തന്നെ ഇരുവരും മരിക്കുകയായിരുന്നു. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇവരുടെ മരണം സ്ഥിരീകരിച്ചു.
ന്യൂയോർക്ക് ഈസ്റ്റ് മെഡോയിൽ നാലു ദിവസം മുമ്പാണ് ഇവർ വിവാഹിതരായത്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ആഘോഷകരമായ വിവാഹമായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ഓൽഷൻ ഫ്രോം വൊളോസ്കിയിലെ അറ്റോർണിയുമായിരുന്നു മുഹമ്മദ് മാലിക്ക്. നാലാം വർഷ സർജിക്കൽ റസിഡന്റായിരുന്നു ആർഷ . ഡേയ്റ്റിംഗിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
വിനയാന്വിതനും പ്രഗൽഭനുമായ അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്കെന്ന് ഓർഷൻ ഫ്രോം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലെങ്കോൺ ഹെൽത്ത് സർജറി ഡിപ്പാർട്ട്മെന്റ് നാലാം വർഷ വിദ്യാർത്ഥിനിയായിരുന്ന ആർഷായുടെ ആകസ്മിക വിയോഗത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ദമ്പതികൾ മരിക്കാനിടയായ റിസോർട്ടിനു സമീപം അപകട സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടില്ലായിരുന്നുവെന്ന് മുഹമ്മദിന്റെ പിതാവ് മെക്ബുൽ മാലിക്ക് പറഞ്ഞു.
ദമ്പതികളുടെ അപകട മരണത്തിൽ റിസോർട്ട് അധികൃതരും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: