ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസിന്റെ സംഘടനാ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നോ, ദുര്‍ബലമായിരുന്നുവെന്നോ ആണ് ബീഹാര്‍ തെരഞ്ഞെടുപ്പിലെയും മറ്റിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലെയും ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പി ചിദംബരം പറഞ്ഞു. മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ പരസ്യ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് പി ചിദംബരത്തിന്റെയും കുറ്റപ്പെടുത്തല്‍.
സാധാരണ, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയങ്ങളിലും നേതൃത്വത്തിലുള്ള വീഴ്ചകളിലും കോണ്‍ഗ്രസിലെ മറ്റാരേക്കാളും പ്രതിരോധം തീര്‍ത്തിരുന്ന ചിദംബരം ‘ദൈനിക് ഭാസ്ക്കറി’ന് നല്കിയ അഭിമുഖത്തിലാണ് പുതിയ പരാമര്‍ശം നടത്തിയത്. ‘ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഞാന്‍ വളരെ ആശങ്കയിലാണ്. പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് സംഘടനാ സന്നിദ്ധ്യമില്ലായിരുന്നുവെന്നോ, ദുര്‍ബലമായിരുന്നുവെന്നോ ആണ് ഇത് കാണിക്കുന്നത്’- കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചിദംബരം ചൂണ്ടിക്കാട്ടി.
ബീഹാറില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും വിജയസാധ്യതയുണ്ടായിരുന്നു. വിജയത്തിന് വളരെ അടുത്തായിരുന്നിട്ടും തോറ്റതിനെക്കുറിച്ച് സമഗ്രമായ അവലോകനം ആവശ്യമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും വിജയം നേടിയിട്ട് ഒരുപാട് കാലമായില്ലെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാപരമായി താഴേത്തട്ടില്‍ ശക്തിപ്പെട്ടാല്‍ സിപിഐ(എംഎല്), എഐഎംഐഎം പോലുള്ള ചെറു പാര്‍ട്ടികള്‍ക്കും പ്രകടനം നടത്താമെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പ് തെളിയിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് കിട്ടുന്നതിനേക്കാള്‍ വോട്ടുകള്‍ പ്രതിപക്ഷ സഖ്യത്തിന് ലഭിക്കും. പക്ഷേ പരാജയപ്പെടുത്തണമെങ്കില്‍ താഴേക്കിടയില്‍ സംഘടനയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: