ശാസ്താംകോട്ട: ഐന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്റെ സഹോദരിക്ക് വേണ്ടി സിപിഎം ജില്ലാ പഞ്ചായത്ത് സീറ്റ് വിട്ടുനല്‍കിയതിന്റെ പേരില്‍ എല്‍ഡിഎഫ് യോഗങ്ങളില്‍ കലഹം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ ശൂരനാട്ടെ സിപിഎമ്മില്‍ കൂട്ടരാജിക്ക് സാധ്യത.
കൊല്ലം ജില്ലാ പഞ്ചായത്തിലെ ശൂരനാട് ഡിവിഷനിലാണ് ചന്ദ്രശേഖരന്റെ സഹോദരി അംബികാ വിജയകുമാര്‍ യുഡിഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമാണിവിടം. ശൂരനാട് ഡിവിഷനില്‍പ്പെടുന്ന ശൂരനാട് തെക്ക്, വടക്ക്, പോരുവഴി പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫ് ആണ്. പാര്‍ട്ടിക്ക് ഇത്രയേറെ സ്വാധീനമുള്ള ശൂരനാട് ഡിവിഷനില്‍ പക്ഷേ സിപിഎം കോണ്‍ഗ്രസിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇത് കോണ്‍ഗ്രസിന്റെ പെയ്ഡ് സീറ്റ് എന്നാണ് ആക്ഷേപം. വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാന്‍ സിപിഎം ഇവിടെ ഒരു വനിതയെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ സ്ഥാനാര്‍ഥി പ്രചാരണ രംഗത്തില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.
ശൂരനാട് തെക്ക് പ്രസിഡന്റ് പുഷ്പകുമാരിയും വനിതാനേതാവ് ബിന്ദുശിവനും അടക്കം യുവ വനിതാനേതാക്കളുടെ ഒരുപട തന്നെ ശൂരനാട് സിപിഎമ്മിലുണ്ടെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് ജില്ലാ സംസ്ഥാന നേതൃത്വം ഇടപെട്ട് ആര്. ചന്ദ്രശേഖരന്റെ സഹോദരിക്ക് പരോക്ഷ പിന്തുണ നല്കാന് ഏരിയാഘടകത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഇവര്‍ക്കെതിരെ മത്സരിക്കാന്‍ തുടക്കത്തില്‍ തീരുമാനിച്ച ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പുഷ്പകുമാരിയെ ഡിവിഷന് മാറ്റി സ്ഥാനാര്‍ഥിയുമാക്കി. എന്നാല്‍ നേതൃത്വത്തിന്റെ ഒത്തുകളി തിരിച്ചറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധത്തിലാണ്.
കഴിഞ്ഞദിവസം ശൂരനാട് നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഇത് ഉന്നയിച്ച പ്രവര്‍ത്തകരെ നേതൃത്വത്തിലെ ചിലര്‍ ഭീഷണിപ്പെടുത്തിയത് സംഘര്‍ഷമായി. തുടര്‍ന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഒടുവില്‍ വന്‍ സംഘര്‍ഷത്തിലാണ് യോഗം അവസാനിപ്പിക്കേണ്ടി വന്നത്.
സിപിഎം-കോണ്‍ഗ്രസ് ബാന്ധവത്തിന് വര്‍ഷങ്ങളുടെ പഴക്കം
ആര്. ചന്ദ്രശേഖരന്റെ സിപിഎം ബന്ധം കുന്നത്തൂരില്‍ പ്രായോഗികമാക്കിയത് ഒന്നരവര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ സഹോദരിയായ ഇപ്പറഞ്ഞ അംബികാ വിജയകുമാറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കിയാണ്. എല്‍ഡിഎഫ് മുന്‍തൂക്കമുള്ള ശാസ്താംകോട്ട ബ്ലോക്കില്‍ യുഡിഎഫ് അവിശ്വാസം കൊണ്ടുവരികയും ബ്ലോക്ക് അംഗമായിരുന്ന അംബികയെ സിപിഎം അംഗം കൂറുമാറി വോട്ട് ചെയ്ത് പ്രസിഡന്റുമാക്കി.
അന്ന് കൂറുമാറിയ ശിവന്‍പിള്ള എന്ന അറിയപ്പെടുന്ന സിപിഎം നേതാവിനെ അണികളുടെ കണ്ണില്‍ പൊടിയിടാന്‍ പാര്‍ട്ടി പുറത്താക്കി. ആറുമാസത്തിന് ശേഷം അദ്ദേഹത്തെ മുന്‍കാല പ്രാബല്യത്തോടെ സിപിഎം തിരിച്ചെടുത്തു. ലോക്കല്‍ കമ്മിറ്റി നേതാവായിരുന്ന ശിവന് പിള്ളയെ തിരിച്ചെടുത്ത് ഏരിയാ ഭാരവാഹിയാക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി മുന്‍ പിഎസ്സി ചെയര്മാന് എം. ഗംഗാധര കുറുപ്പ് അടക്കം രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങള്‍ പോരുവഴിയിലെ പ്രസ്തുത യോഗത്തിലെത്തിയെങ്കിലും പ്രവര്‍ത്തകര്‍ ഒന്നടങ്കം ശിവന്‍പിള്ളയ്ക്ക് എതിരെ തിരിഞ്ഞതോടെ ജില്ലാ നേതാക്കള്‍ ഈ നീക്കത്തില്‍ നിന്നും പിന്‍വാങ്ങി തലയൂരി.
ശൂരനാട് ഡിവിഷനിലെ സിപിഎം-ചന്ദ്രശേഖരന് ഒത്തുകളി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകപ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്നും നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ വിട്ടു നില്ക്കുകയാണിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: