കൊച്ചി: കിഫ്ബി ഫണ്ടിലെ ഓരോ ഇടപാടും സിഎജിയുടെ ഓഡിറ്റ് ചെയ്യേണ്ടതുതന്നെ. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് എതിരേ നടത്തുന്ന കുപ്രചാരണവും ദുര്‍ബലമായ ചെറുത്തുനില്‍പ്പും പോലെയാകും സിപിഎം നേതാവായ ധനമന്ത്രി തോമസ് ഐസക്കിന്റെ സിഎജിക്കെതിരായ നിലപാടുമെന്ന് വ്യക്തം.
കിഫ്ബിക്കു വേണ്ടി വാങ്ങുന്ന വായ്പയും സഹായവും തിരികെയടയ്ക്കാന്‍ സര്‍ക്കാര്‍ കണ്ടിരിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വാഹന നികുതിയും പെട്രോള്‍- ഡീസല്‍ സെസുമുണ്ട്. എന്നാല്‍ ഈ ഇനത്തില്‍ വരവ് ഉദ്ദേശിക്കുന്നതുപോലെ ഉണ്ടായില്ലെങ്കില്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുമെന്നാണ് സര്‍ക്കാര്‍ മറുപടി. അതുകൊണ്ടുതന്നെ ഓരോ കിഫ്ബി ഇടപാടും സിഎജിക്ക് പരിശോധിക്കാവുന്നതാണ്.
കിഫ്ബി സംസ്ഥാന ധനമന്ത്രാലയത്തിനു കീഴില്‍ പ്രത്യേക ചട്ടപ്രകാരമുള്ള സംവിധാനമാണ്. പക്ഷേ സംവിധാനം ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 2019 ആഗസ്തില്‍ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് നല്കിയ മറുപടിയില്‍ ഇത് വ്യക്തമായി വിശദീകരിക്കുന്നുണ്ട്.
2016 പുതുക്കിയ കിഫ്ബി ആക്ട് പ്രകാരം വാഹന നികുതിയുടെ 50 ശതമാനവും പിരിച്ചെടുത്ത പെട്രോളിയം സെസ് മുഴുവനും അടുത്ത വര്‍ഷം ഡിസംബര്‍ 31 നോ അതിന് മുമ്പോ നല്‍കണം. ഈ വരുമാനത്തില്‍ കുറവുണ്ടായാല്‍ സംസ്ഥാന സര്‍ക്കാര്‍ ആ കുറവ് നികത്തണമെന്നാണ് കിഫ്ബി ആക്ട് എന്നും വിശദീകരിക്കുന്നു. അതായത് പൊതുഖജനാവില്‍ നിന്നാണ് പണം പോകുന്നത്.
ഇത് ധനമന്ത്രി ഐസക് നല്കുന്ന വിവരണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിരുദ്ധമാണ്. കൊറോണ വൈറസ് മൂലം വാഹനങ്ങള്‍ ഓടാതെ വരുകയും ഇന്ധന ഉപഭോഗം കുറയുകയും ചെയ്തു. വാഹന വിപണിയിലും മാന്ദ്യം വന്നു. കിഫ്ബിയിലേക്കുള്ള പ്രധാന വരുമാന സ്രോതസ് കുറഞ്ഞു. ഈ കട ബാധ്യത പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം നല്‍കിയേ പറ്റൂ. അപ്പോള്‍ സിഎജിക്ക് ആ കണക്കുകള്‍ പരിശോധിക്കാന്‍ പറ്റില്ലെന്നു പറയുന്നത് സാങ്കേതികമായിപ്പോലും ശരിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: