കൊവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞതില്‍ ഉത്തര്‍പ്രദേശിനെ ലോകാരോഗ്യ സംഘടന പ്രശംസിച്ചിരിക്കുന്നു. ചരടുവലികളോ പ്രചാരണ തന്ത്രങ്ങളോ ഇല്ലാതെ അര്‍ഹതയ്ക്ക് ലഭിച്ചിരിക്കുന്ന അംഗീകാരമാണിത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയാണ് രാജ്യാന്തര സംഘടന ഇങ്ങനെയൊരു ബഹുമതി നല്‍കിയിരിക്കുന്നത്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെയും, രോഗം പടര്‍ത്താന്‍ വളരെ സാധ്യതയുള്ളവരെയും കണ്ടെത്താന്‍ 70000 ലേറെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ച യുപി സര്‍ക്കാരിന്റെ നടപടിയെ ലോകാരോഗ്യ സംഘടന എടുത്തു പറഞ്ഞിരിക്കുന്നു. ഇതിനുവേണ്ടിയുള്ള തീവ്രശ്രമത്തിലേര്പ്പെട്ടിരിക്കുമ്പോള് അത് കാണാന്‍ കൂട്ടാക്കാതെ മറ്റ് പല കാരണങ്ങളുടെയും പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്താനുമാണ് പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും ശ്രമിച്ചത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ പ്രചാരവേല നടന്നു. ഇതിനൊന്നും മറുപടി പറയാന്‍ നില്‍ക്കാതെ ജനങ്ങളുടെ ജീവനും ആരോഗ്യവും രക്ഷിക്കാന്‍ ഫലപ്രദമായ നടപടികളെടുക്കുകയായിരുന്നു യോഗി സര്‍ക്കാര്‍. അതാണിപ്പോള്‍ ലോകാരോഗ്യ സംഘടന തന്നെ അംഗീകരിച്ചിട്ടുള്ളത്.
ഒരു കാലത്ത് ദുര്‍ഭരണത്തിനും പിന്നാക്കാവസ്ഥയ്ക്കും വികസനരാഹിത്യത്തിനും പേരുകേട്ട ഏറ്റവും വലിയ സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. ഇക്കാരണത്താല്‍തന്നെ ജനങ്ങള്‍ ഒന്നടങ്കം കൊവിഡ് മഹാമാരിക്ക് ഇരയാവുമെന്ന് പലരും ഭയപ്പെട്ടിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഭരണസംവിധാനത്തെ ശക്തമായി ചലിപ്പിക്കാനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും യോഗി സര്‍ക്കാരിനു കഴിഞ്ഞു. കൊവിഡ് പരിശോധന യുപിയില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നു. ദിവസേനയുള്ള പരിശോധനാ നിരക്ക് താഴേക്കുപോയില്ല. രോഗികളാവുന്നവരുടെ എണ്ണം കുറഞ്ഞുവന്നു. രോഗവ്യാപനത്തിന്റെ തോതും കുറഞ്ഞു. ജില്ലകള്‍ തോറും ഇതിനായി തീവ്ര ശ്രമങ്ങളാണ് നടന്നത്. ഒരര്‍ത്ഥത്തില്‍ മഹാമാരി പരത്തുന്ന വൈറസിനെ വേട്ടയാടിപ്പിടിക്കുകയായിരുന്നു. ഹോട്ട്സ്പോട്ടുകള്‍ നിര്‍ണയിക്കുന്നതിലും, ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിലുമൊക്കെ ഭരണസംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മഹാരാഷ്ട്രയും ദല്‍ഹിയും പോലുള്ള സംസ്ഥാനങ്ങളുടെ രോഗപ്രതിരോധം പാളിപ്പോയപ്പോഴാണ് ഉത്തര്‍പ്രദേശിന് വിജയിക്കാനായതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗം മികച്ചതാണെന്നും, മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും ലോകാരോഗ്യ സംഘടന പറയുമ്പോള്‍ കേരളത്തിന് അതില്‍നിന്ന് വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. ഉത്തര്‍പ്രദേശിലെ ജനസംഖ്യ 24 കോടിയോളം വരും. ചില നഗരങ്ങളിലെ ജനസാന്ദ്രതയില്‍ ചൈനയും ഇന്തോനേഷ്യയും മാത്രമേ മുന്നില്നില്ക്കുകയുള്ളൂ. കേരളത്തിന്റെ ജനസംഖ്യ വെറും മൂന്നര കോടിയും. കേരളത്തിന്റെ ആരോഗ്യ സംവിധാനം വികസിതരാജ്യങ്ങളിലേതുപോലെയാണെന്ന അവകാശവാദം നിലനില്‍ക്കെ കൊവിഡ് പ്രതിരോധം എങ്ങുമെത്താത്ത അവസ്ഥയിലാണ്. ദിവസംതോറും വൈകുന്നേരങ്ങളില്‍ ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട്, മഹാമാരിയെ പേടിച്ച് വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായ മലയാളികളുടെ മേല്‍ കുതിര കയറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആശങ്ക രോഗപ്രതിരോധത്തെക്കുറിച്ചല്ല. അഴിമതിക്കേസുകളില്‍നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചാണ്. ഇങ്ങനെയൊരു അഭ്യാസം യോഗി ആദിത്യനാഥോ മറ്റ് മുഖ്യമന്ത്രിമാരോ കാണിക്കുന്നില്ല. ഇതും ഒരു കേരള മോഡല്‍ എന്ന മട്ടിലാണ് പിണറായിയുടെ കൊവിഡ് വാര്‍ത്താ സമ്മേളനം. അതു പക്ഷേ രോഗപ്രതിരോധത്തിനുതകില്ല. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യുപിയെ കണ്ട് പഠിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: