ന്യൂദല്‍ഹി : ജെയ്ഷ ഇ മുഹമ്മദ് ഭീകരന്‍ ദല്‍ഹിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി പോലീസ് നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ അറസ്റ്റിലായത്. ദല്‍ഹിയിലെ സരായ് കാലെ ഖാനില്‍ നിന്നും തിങ്കളാഴ്ച രാത്രിയിലാണ് ഇവര്‍ പിടിയിലാവുന്നത്.
ഭീകരരില്‍ നിന്ന് ആയുധങ്ങളും മറ്റും പോലീസ് തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഭീകരര്‍ ജമ്മു കശ്മീര്‍ നിവാസികളാണ്. തലസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായുള്ള സൂചനയെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
ബാരാമുള്ളയില്‍ താമസിക്കുന്ന 22 കാരനായ അബ്ദുള്‍ ലത്തീഫ് മിര്‍, കുപ്‌വാരയില്‍ താമസിക്കുന്ന ഇരുപതുകാരനായ മുഹമ്മദ് അഷ്‌റഫ് ഖതാനയുമാണ് പിടിയിലായത്. ഇവരുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തി വരികയാണ്. രഹസ്യാന്വേഷണ വിഭാഗവും ഭീകരരെ ചോദ്യം ചെയ്യുന്നുണ്ട്. 2സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 വെടിയുണ്ടകളും പോലീസ് കണ്ടെത്തിയത്.
അറസ്റ്റിലായവര്‍ രണ്ടുപേരും 20 വയസുമുതല്‍ ജെയ്ഷ ഇ മുഹമ്മദ് സംഘടനയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന സൂചനകളെ തുടര്‍ന്ന് തലസ്ഥാനത്തെ മറ്റ് പല സ്ഥലങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ദല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സഞ്ജീവ് യാദവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: