കൊച്ചി: ‘അപു, ലോലഹൃദയനും സത്യസന്ധനും അധ്വാനശീലനുമായ വ്യക്തിയാണ്…’ കത്തിലെ വരികളില്‍ നിന്ന് ക്യാമറ അടുത്ത ഫ്രെയ്മിലേക്ക്. തിളങ്ങുന്ന കണ്ണുകളും ആത്മാര്‍ഥമായ പുഞ്ചിരിയുമുള്ള സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്. 1959ല്‍ അപുര്‍ സന്‍സാറിലൂടെ സൗമിത്ര ചാറ്റര്‍ജി എന്ന വിഖ്യാത നടനെ സത്യജിത് റേ വെള്ളിത്തിരയില്‍ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.
അറുപതുകളിലും എഴുപതുകളിലും ബംഗാളി സിനിമയുടെ മുഖമായിരുന്ന ഉത്തം കുമാറിന്റെ താര പരിവേഷത്തില്‍ നിന്ന് ഏറെ വ്യത്യസ്തനായ നായകന്. ബംഗാളിലെ മധ്യവര്‍ഗദുര്‍ബല വിഭാഗത്തെ തീര്‍ത്തും തന്മയത്വത്തോടെ വെള്ളിത്തിരയില്‍ പകര്‍ത്തിയ നടന്. സൗമിത്ര ചാറ്റര്‍ജിയെ ഇങ്ങനെ അടയാളപ്പെടുത്താം.
സ്കൂള്‍ കാലഘട്ടം മുതല്‍ അഭിനയം സൗമിത്രയുടെ ജീവിതത്തിന്റെ ഭാഗമായി. ഹൗറ സില്ല സ്കൂളിലും കൊല്‍ക്കത്ത സിറ്റി കോളേജിലും കൊല്‍ക്കത്ത സര്‍വകലാശാലയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം അഹീന്ദ്ര ചൗധരിയില്‍ നിന്ന് അഭിനയപാഠങ്ങള്‍ പഠിച്ചു. നിരവധി നാടകങ്ങളില്‍ വേഷമിട്ടു. കോളേജ് പഠനകാലത്ത് സുഹൃത്തുക്കളിലൊരാള്‍ സൗമിത്രയെ സത്യജിത് റേയ്ക്ക് പരിചയപ്പെടുത്തി. അപു ത്രയത്തിലെ ആദ്യ ചിത്രത്തില്‍ കുറച്ചുകൂടി പ്രായം കുറഞ്ഞ നടനെയായിരുന്നു റേ തെരഞ്ഞിരുന്നത്. അങ്ങനെ ആദ്യ അവസരം നഷ്ടപ്പെട്ടു. പക്ഷേ അവസാന ഭാഗത്തില്‍ അപു വളര്‍ന്നപ്പോള്‍ സൗമിത്ര ചാറ്റര്‍ജിക്ക് പകരം മറ്റൊരാളെക്കുറിച്ച് ചിന്തിക്കാന്‍ റേയ്ക്ക് കഴിയുമായിരുന്നില്ല.
റേ തന്നെ ക്ഷണിച്ചപ്പോള്‍ നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസം പോലും അറിയാമായിരുന്നില്ല, അഭിനയം അമിതമാകുമോ എന്ന ഭയമായിരുന്നു തനിക്കെന്ന് സൗമിത്ര ചാറ്റര്‍ജി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, സ്വാഭാവിക അഭിനയത്തിന്റെ ഇന്ത്യന്‍ മുഖമായിരുന്നു അഭിനയിച്ച കാലമത്രയും അദ്ദേഹം. പിന്നീടങ്ങോട്ട് അപുവായും കുറ്റാന്വേഷിയായ ഫെലൂദയായും കവിയായ അമലായുമെല്ലാം റേ സൗമിത്രയെ പരീക്ഷിച്ചു. ഓരോ ചിത്രത്തിലും കഥാപാത്രത്തിനൊപ്പം അദ്ദേഹത്തിന്റെ അഭിനയ ശൈലിയും ശരീരഘടനയുമെല്ലാം വ്യത്യസ്തമായിരുന്നു.
ഒരു സിനിമാ നടന് മാത്രമായിരുന്നില്ല സൗമിത്ര ചാറ്റര്‍ജി മറ്റുള്ളവര്‍ക്ക്. നാടക നടനും, ചിത്രകാരനും, കവിയും, ഓള് ഇന്ത്യ റേഡിയോ അനൗണ്‍സറും എഴുത്തുകാരനുമെല്ലാമായിരുന്നു ആ ബഹുമുഖ പ്രതിഭ. ഇരുപത് വര്‍ഷത്തെ വിജയകരമായ സിനിമാ ജീവിതത്തിന് ശേഷം 1978ല്‍ നാം ജിബാന്‍ എന്ന സ്വന്തം നിര്‍മാണ കമ്പനിയിലൂടെ നാടകത്തിലേക്ക് തിരികയെത്തി. സുജോയ് ഘോഷിന്റെ അഹല്യ എന്ന പ്രശസ്ത ഹൃസ്വ ചിത്രത്തില്‍ രാധിക ആപ്തെക്കൊപ്പം വേഷമിട്ടു. ഒടുവില്‍ സെപ്തംബര്‍ അവസാനം വെബ്സീരിസിലും ഡോക്യൂഫിക്ഷനിലും അഭിനയിക്കുമ്പോള്‍ പോലും അഭിനയത്തെ സിനിമയെന്ന ചട്ടക്കൂടില്‍ ഒതുക്കേണ്ടതല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരുന്നു അദ്ദേഹം.
എണ്‍പത്താറാം വയസ്സിലും അഭിനയം മാത്രം സിരകളിലൊഴുകിയ മഹാനടന്. കൊറോണ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ആറ് ദിവസം മുന്‍പ് വരെ ക്യാമറയ്ക്ക് മുന്നിലായിരുന്നു ആ ജീവിതം. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ മറ്റൊരു പേരായി സൗമിത്ര ചാറ്റര്‍ജി എന്ന പേര് എന്നും അവശേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: