തിരുവനന്തപുരം: അഴിമതി വാര്‍ത്തകള്‍ കൂമ്പാരമായതോടെ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പുതിയ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പല വിദേശരാജ്യങ്ങളിലും മാധ്യമവാര്‍ത്തകളുടെ ആധികാരികത പരിശോധിക്കാന്‍ ഫാക്റ്റ് ചെക്ക് സംവിധാനങ്ങളുണ്ട്. അത് കേരളത്തിലും നടപ്പാക്കും. ഒരു വിധ ഫാക്ട് ചെക്കുമില്ലാത്ത സംസ്ഥാനങ്ങളിലാണ് മാധ്യമപ്രവര്‍ത്തകര്‍ ജയിലിലാകുന്നത് എന്നോര്‍ക്കണം. സിദ്ദിഖ് കാപ്പന് തന്നെയാണ് ഇതിനുദാഹരണമെന്നും മുഖ്യമന്ത്രി. മീഡിയ അക്കാദമിയിലെ പുതിയ ജേര്‍ണലിസം ബാച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് യുപിയിലേക്ക് വര്‍ഗീയ കലാപ ഗൂഢാലോചനയുമായി കടന്ന സംഭവത്തിലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം കാപ്പന് അറസ്റ്റിലായത്.
ധാര്‍മികത മറന്നുള്ള മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതിലേറെയുമെന്ന് പിണറായി. കെട്ടുകഥകളുടെ നിര്‍മാണശാലകളായി മാധ്യമങ്ങള്‍ മാറി. കരളത്തിലും ഇന്ത്യയിലും വ്യാജവാര്‍ത്തകളാണ് പലയിടത്തും സത്യകഥകളായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. ഐതിഹ്യത്തെ ചരിത്രത്തിലേക്കും, വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും പടര്‍ത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതിന് കൂട്ടുനില്‍ക്കുന്നു. നിഷ്പക്ഷം എന്ന് സ്വയം വിളിക്കുന്ന മാധ്യമങ്ങള്‍ നിര്‍ണായകഘട്ടത്തില്‍ തീവ്രവര്‍ഗീയവലതുപക്ഷത്തോട് കൂറുപുലര്‍ത്തുന്നു. അല്ലെങ്കില്‍ നിശ്ശബ്ദത പുലര്‍ത്തുന്നു. കണ്ണ് തുറക്കേണ്ടിടത്ത് കണ്ണടക്കുകയും നാവ് ഉയര്‍ത്തേണ്ടിടത്ത് നാവ് അടക്കുകയും ചെയ്യുന്ന പത്രപ്രവര്‍ത്തനമാണിപ്പോള്‍. മാധ്യമ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയവും പക്ഷപാതിത്വവും ഉണ്ടെന്നും മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: