തിരുവനന്തപുരം: സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷനിലും അരക്കോടിയുടെ അഴിമതി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമുള്ള സോഷ്യല്‍ ഓഡിറ്റിങ്ങിന്റെ മറവില്‍ ബാലാവകാശ കമ്മീഷനും ജനാധിപത്യ മഹിളാ അസോസിയേഷനും വെട്ടിച്ചത് 50 ലക്ഷത്തോളം രൂപ. സോഷ്യല്‍ ഓഡിറ്റിങ്ങിനായി കരാര്‍ നല്‍കിയത് മുന്‍പരിചയം പോലുമില്ലാത്ത ഇടത് പക്ഷ മഹിളാ അസോസിയേഷന് കീഴിലുള്ള സുശീല ഗോപാലന് പഠനകേന്ദ്രത്തിന്.
2018ല്‍ സുപ്രീം കോടതിയാണ് രാജ്യത്തെ ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ (അനാഥാലയങ്ങള്‍ ഉള്‍പ്പെടെ) സോഷ്യല്‍ ഓഡിറ്റിങ്ങിന് നിര്‍ദേശിച്ചത്. അതിന്റെ ചുമതല അതാത് സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകള്‍ക്കും നല്കി. സര്‍ക്കാര്‍ തലത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് ഏജന്‍സികള്‍ നിലവിലുണ്ട്. എന്നാല്‍ അവരെയെല്ലാം ഒഴിവാക്കി, ടെന്‍ഡറോ ക്വട്ടേഷനോ ഇല്ലാതെ സുശീല ഗോപാലന് പഠനകേന്ദ്രത്തിന് കരാര്‍ നല്‍കുകയായിരുന്നു. 2018ലാണ് കരാര്‍ നല്‍കിയത്. 50 ലക്ഷം രൂപയാണ് ഓഡിറ്റിങ്ങിനായി വകയിരുത്തിയത്. ഇതില്‍ 2019 അവസനാത്തോടെ 15 ലക്ഷം നല്കി. ഇനി 35 ലക്ഷം കൂടി അനുവദിക്കാനുള്ള തയാറെടുപ്പിലാണ് ബാലാവകാശ കമ്മീഷന്.
സോഷ്യല്‍ ഓഡിറ്റിങ് നടത്തുന്ന സ്ഥാപനത്തിന് കംപ്ട്രോളര്‍ ആന്ഡ്് ആഡിറ്റര്ജനറലിന്റെ (സിഎജി) മാര്‍ഗനിര്‍ദേശം നിലവിലുണ്ട്. സ്ഥാപനത്തിന് ഈ രംഗത്ത് സാങ്കേതിക പരിജ്ഞാനം, മുന്‍ പരിചയം, നടത്തുന്ന സ്ഥാപന മേധാവിക്ക് ഈ രംഗത്ത് പിഎച്ച്ഡി, തുടങ്ങി ഒരുകൂട്ടം യോഗ്യതകള്‍ വേണം. മാത്രമല്ല സുപ്രീംകോടതിയും ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ സോഷ്യല്‍ ഓഡിറ്റിന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുപ്രീം കോടതിയെപ്പോലും മാനിക്കാതെയാണ് ഇടത് പോഷക സംഘനയക്ക് അമ്പത് ലക്ഷത്തിന്റെ കരാര്‍ നല്‍കിയത്.
കോടതിയും സിഎജിയും നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു സാങ്കേതിക പരിജ്ഞാനവും സുശീല ഗോപാലന് പഠനകേന്ദ്രത്തിന് ഇല്ല. ഒരുസോഷ്യല്‍ ഓഡിറ്റിങ്ങും ഈ സംഘടന ചെയ്തിട്ടില്ല. ഇതിനുള്ള സാങ്കേതിക പരിജ്ഞാനമോ സംവിധനങ്ങളോ ഇല്ല. അഖിലേന്ത്യാമഹിളാ ആസോസിയേഷന്റെ കെട്ടിടത്തിലെ ഒരുമുറിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മതിയായ യോഗ്യതപോലും ഇല്ലാത്ത മഹിളാ അസോസിയേഷന് പ്രവര്‍ത്തകരെ കൊണ്ടാണ് സോഷ്യല്‍ ഓഡിറ്റിങ് നടത്തുകയായിരുന്നു.
സുശീല ഗോപാലന് പഠനകേന്ദ്രം
അഖിലേന്ത്യ മഹിളാ അസോസിയേഷന് എന്ന സിപിഎം വനിതാ സംഘനയുടെ മറ്റൊരു പതിപ്പ്. മഹിളാ അസോസിയേഷന്റെ കുന്നുകുഴിയിലെ സുശീലഗോപാലന്‍ സ്മാരക മന്ദരിത്തിലെ ഒരു മുറിയിലാണ് സ്ഥാപനം. മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി സതീദേവിയാണ് സുശീലഗോപാലന്‍ പഠനകേന്ദ്രത്തിന്റെ പ്രസിഡന്റ്. ഇടത് ചായ്വ് ഉള്ള സെനിമാറുകള്, പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, നിയമസഹായം നല്‍കുക ആണ് പ്രധാന പരിപാടികള്‍.
സോഷ്യല്‍ ഓഡിറ്റിങ് നടത്തേണ്ടത്
2018 ലെ സമ്പൂര്‍ണ ബഹ്റ കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശം ആയിരുന്നു ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സ്ഥാപനങ്ങളെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും. ഇതനുസരിച്ച് സംസ്ഥാനത്തെ 250 സ്ഥാപനങ്ങളെയാണ് ഓഡിറ്റ് ചെയ്യേണ്ടിയിരുന്നത്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, അവരുടെ സാമ്പത്തിക സ്രോതസ്സ്, സാമ്പത്തിക വിനിയോഗം, കുട്ടികള്‍ക്ക് ലഭിക്കുന്ന പരിചരണം, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥാനത്തിന്റെ ഇടപെടലില്‍ സമൂഹത്തിലുണ്ടായ മാറ്റം തുടങ്ങിയവയാണ് ഓഡിറ്റിങ്ങന് വിധേയമാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: