ന്യൂദല്‍ഹി: ഇസ്ലാം മതത്തിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ആഗോള ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുടെ പിന്തുണയോടെയെന്ന് വെളിപ്പെടുത്തല്‍. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള തുര്‍ക്കിയലെ ഐഎച്ച്എച്ച് എന്ന സംഘടനയുമായി പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളായ ഇ.എം. അബ്ദുള്‍ റഹ്മാനും പ്രൊഫ. പി. കോയയും ഇസ്താബൂളില്‍ ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ നോര്‍ഡിക് മോണിറ്റര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തു വിട്ടു. സിറിയയിലെ ഇസ്ലാമിക ഭീകര സംഘടനയ്ക്ക് ആയുധങ്ങളും പണവും എത്തിച്ചതിന് അന്വേഷണം നേരിടുന്ന സംഘടനയാണ് ഐഎച്ച്എച്ച്.
അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി ചാരിറ്റി സംഘടനയായ ഫൗണ്ടേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഫ്രീഡംസ് ആന്‍ഡ് ഹുമാനിറ്റേറിയന്‍ റിലീഫ് അഥവാ ഐഎച്ച്എച്ച് എന്ന സംഘടനയുമായി ഇന്ത്യയിലെ ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി എന്നാണ് നോര്‍ഡിക് മോണിറ്ററിന്റെ റിപ്പോര്‍ട്ട്. 2018 ഒക്ടോബര്‍ 20ന് തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളില്‍ ഐഎച്ച്എച്ച് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ പിഎഫ്ഐ ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഇം.എം. അബ്ദുള്‍ റഹ്മാനും പ്രൊഫ. പി. കോയയും പങ്കെടുത്തെന്നും ചിത്രങ്ങള്‍ സഹിതം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎച്ച്എച്ച് സെക്രട്ടറി ജനറല്‍ ഡര്‍മസ് ഐഡിന്, വൈസ് പ്രസിഡന്റ് ഹുസൈന് ഒറുക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ആഗോള തലത്തില്‍ ഇസ്ലാമിക ഭീകരതയെ പിന്തുണയ്ക്കുന്ന തുര്‍ക്കിയിലെ ഭരണകക്ഷിയായ എകെപിയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ഐഎച്ച്എച്ച്. തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സിയായ എംഐടിയുടെ പിന്തുണ ഈ സംഘടനയ്ക്കുണ്ട്. തുര്‍ക്കി പ്രസിഡന്റും എകെപി നേതാവുമായ റെസെപ് തായിപ്പ് എര്‍ദോഗന്റെ ഏറ്റവും വിശ്വസ്തനായ ഹകാന്‍ ഫിദാനാണ് എംഐടിയുടെ മേധാവി. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള സിറിയയിലെ ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് ആയുധമെത്തിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ക്ക് അന്വേഷണം നേരിടുന്ന സംഘടനയാണ് ഐഎച്ച്എച്ച്. ഗ്വാണ്ടനാമോ ജയിലില്‍ തടവിലായ അല്‍-ഖ്വയ്ദയിലെ കൊടും ഭീകരന് ഇബ്രാഹിം സെന്‍, സഹോദരന് അബ്ദു റഹ്മാന് സെന്‍ എന്നിവര്‍ വഴി സിറിയയിലേക്ക് ആയുധങ്ങളും പണവും എത്തിക്കാന്‍ ഐഎച്ചഎച്ചിനെ സഹായിച്ചത് തുര്‍ക്കി രഹസ്യാന്വേഷണ ഏജന്സിയായിരുന്നെന്നും കണ്ടെത്തിയിരുന്നു.
ഇസ്ലാമിക ഭീകരതയെ തുണയ്ക്കുന്നവര്‍ എന്ന നിലയില്‍ പിഎഫ്ഐ, ഐഎച്ച്എച്ച് എന്നീ സംഘടനകള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിലെ അപകടങ്ങള്‍ നോര്‍ഡിക് മോണിറ്റര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ വിവിധ ഭീകരാക്രമണങ്ങളില്‍ പിഎഫ്ഐക്കുള്ള പങ്കും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനഡോലു, പിഎഫ്ഐയെ സാമൂഹ്യ, ജനാധിപത്യ സംഘടനയായി അവതരിപ്പിക്കുന്നതും ബന്ധത്തിന്റെ തെളിവായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2018നു ശേഷം ഇന്ത്യയില്‍ പിഎഫ്ഐ നടത്തിയ നിരവധി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍-ഖ്വയ്ദയുടെ സഹായം ലഭിച്ചിരുന്നു എന്ന ആരോപണം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് നോര്‍ഡിക് മോണിറ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തത് പിഎഫ്ഐ ആയിരുന്നു. ഇതിനെല്ലാം അല്‍-ഖ്വയ്ദയുടേയും തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സികളുടേയും പിന്തുണ ഉണ്ടായിരുന്നു എന്നാണ് ഈ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാവുന്നത്.
(ലോകമെമ്പാടുമുള്ള ഭീകര പ്രവര്‍ത്തനങ്ങളെ നിരന്തരം പിന്തുടരുകയും അവരുടെ ഇടപാടുകള്‍ കണ്ടെത്തി വിവിധ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന സ്വതന്ത്ര സംഘടനയാണ് നോര്‍ഡിക് റിസര്‍ച്ച് ആന്‍ഡ് മോണിറ്ററിങ് നെറ്റ്വര്ക്. അവരുടെ പ്രസിദ്ധീകരണമാണ് നോര്‍ഡിക് മോണിറ്റര്‍. തുര്‍ക്കിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന്. അബ്ദുല്ല കാര്‍ട്ട് ആണ് എക്സിക്യൂട്ടിവ് ഡയറക്ടര്‍. ലേവെന്റ് കെന്‍ ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടറും.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: