കോഴിക്കോട്: സിപിഎമ്മിലും എല്‍ഡിഎഫിലും അതൃപ്തി പുകയുന്നതിനിടെ കോര്പറേഷന് സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനമാകാ ത്തതിനാല്‍ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതിനാല്‍ സ്വതന്ത്രരെ നിര്‍ത്താനാണ് തീരുമാനം. ഒരു സീറ്റു പോലും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജെഡിഎസ് സ്വന്തം നിലയിലാണ് മത്സരിക്കുന്നത്.
68 വാര്‍ഡുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഘടകക്ഷികളുമായി തര്‍ക്കം നിലനില്ക്കു ന്നതിനാല്‍ വെള്ളിമാട്കുന്ന്, ചേവായൂര്‍, കിണാശ്ശേരി, മുഖദാര്‍, കുറ്റിച്ചിറ, ചാലപ്പുറം, ഈസ്റ്റ്ഹില്‍ എന്നീ ഏഴ് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനം. 75 ല്‍ 57 സീറ്റിലാണ് സിപിഎം മത്സരിക്കുക. ഇതില്‍ രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രരാണ്. സിപിഐ, എല്‍ജെഡി എന്നീ കക്ഷികള്‍ക്ക് അഞ്ച്—വീതവും എന്‍സിപിക്ക് മൂന്നും ഐഎന്‍എല്ലിന് രണ്ടും സീറ്റാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് എസിന് ഒരു സീറ്റ് നല്‍കിയെങ്കിലും അവിടെ സ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാണ് സിപിഎം നല്കിയ നിര്‍ദ്ദേശം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെചൊല്ലി സിപിഎമ്മില്‍ പ്രതിഷേധം പുകയുന്നു. 43 സിറ്റിംഗ് കൗണ്‍സിലര്‍മാരില്‍ തൊണ്ണൂറു ശതമാനത്തിലധികം പേരെയും വെട്ടിനിരത്തിയാണ് ഇന്നലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സീറ്റ് ലഭിക്കാത്തവര്‍ പരസ്യപ്രതികരണത്തിന് പലരും തയ്യാറായിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഇവരുടെ അകല്‍ച്ച മറനീക്കി പുറത്തുവരുമെന്നുറപ്പായി.
സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിലവിലെ സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി. ബാബുരാജ്, മുതിര്‍ന്ന നേതാവ് എം. രാധാകൃഷ്ണന്, മുന്മേയര് കൂടിയായ എം.എം. പത്മാവതി, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണായിരുന്ന ടി.വി. ലളിതപ്രഭ, കെ.എം. റഫീഖ്, അഡ്വ. സി.കെ. സീനത്ത്, ടി.സി. ബിജുരാജ് എന്നിവരെ നിര്‍ദാക്ഷണ്യം വെട്ടിനിരത്തി.
നിലവിലെ കൗണ്‍സിലര്‍മാരില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് വീണ്ടും അവസരം നല്‍കിയത്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന പി.സി. രാജന് ചെറുവണ്ണൂര്‍ വെസ്റ്റില്‍ നിന്നും ടൗണ്‍ പ്ലാനിംഗ് കമ്മറ്റി സ്റ്റാന്റിംഗ് ചെയര്‍മാനായിരുന്ന എം.സി. അനില്‍കുമാര്‍ കുതിരവട്ടത്ത് നിന്നും എം.പി. സുരേഷ് കുറ്റിയില്ത്താഴത്ത് നിന്നും എം. ഗിരിജ ബേപ്പൂര്‍ പോര്‍ട്ടില്‍ നിന്നും കെ.ടി. സുഷാജ് പറയഞ്ചേരിയില് നിന്നും മത്സരിക്കും. മുന്‍കാല കൗണ്‍സിലര്‍ മാരായിരുന്ന പന്ത്രണ്ട് പേര്‍ക്ക് വീണ്ടും അവസരം നല്കി.
ഘടകക്ഷികളിലും നിലവിലെ കൗണ്‍സിലര്‍മാരെ വെട്ടി. പരിചയ സമ്പന്നനായ എല്‍ജെഡി നേതാവ് പി. കിഷന്‍ചന്ദ്, എന്‍സിപി പ്രതിനിധിയും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ അനിതാ രാജന് എന്നിവര്‍ക്ക് ഇത്തവണ സീറ്റില്ല. സിപിഐ പ്രതിനിധിയും നികുതി അപ്പീല്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണുമായ ആശാ ശശാങ്കനും എല്‍ജെഡി പ്രതിനിധിയായ അഡ്വ. തോമസ് മാത്യുവിനും മാത്രമാണ് വീണ്ടും സീറ്റ് നല്‍കിയത്.
ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും ഒരു സീറ്റുപോലും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയ്ക്കാന് മത്സരിക്കാന്‍ ജെഡിഎസ് തീരുമാനം. ജില്ലാ പഞ്ചായത്തിലേക്ക് അഞ്ചു ഡിവിഷനിലേക്കും കോര്‍പറേഷനിലേക്ക് ആറു വാര്‍ഡുകളിലും മത്സരിക്കാനാണ് ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗത്തിന്റെ തീരുമാനം. എല്ലാ കാലത്തും ഒപ്പം നിന്ന തങ്ങളെ പുറംകാലുകൊണ്ട് തൊഴിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി കെ. ലോഹ്യ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: