കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം കിഫ്ബി പദ്ധതിയില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാന മന്ത്രിമാര്‍ പണമുണ്ടാക്കാനുള്ള മറയായി കിഫ്ബിയെ ഉപയോഗിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി വിരുദ്ധരാണെന്ന് പറഞ്ഞ് സിപിഎം നാട്ടുകാരെ പറ്റിച്ചു. അഴിമതി നടത്താനായി മന്ത്രിമാര്‍ മത്സരിക്കുകയാണ്. കിഫ്ബി അഴിമതി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗം. വളഞ്ഞ വഴിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
തോമസ് ഐസകും സ്വപ്ന സുരേഷും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വപ്ന എന്നിവരുമായി മന്ത്രി തോമസ് ഐസക് പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ജനങ്ങളുടെ നികുതിപ്പണം എടുത്ത് അഴിമതി ചെയ്ത് താത്വികമായ അവലോകനം ചെയ്യുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നത്. കാരാട്ട് ഫൈസലുമായുള്ള ബന്ധം തോമസ് ഐസക് തന്നെ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി കാര്യങ്ങള്‍ നടത്തുന്നത് കള്ളക്കടത്തുകാരുടെ സഹായം കൊണ്ടാണ്. സ്വര്ണക്കടത്തുകാര് പാര്‍ട്ടിക്ക് സഹായങ്ങള്‍ നല്‍കുന്നുണ്ട്. കോഴിക്കോട് കൊടുവള്ളിയില്‍ സ്വര്ണക്കടത്തുകാരന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. പണം വാങ്ങിയാണ് കാരാട്ട് ഫൈസലിന് സീറ്റ് നല്‍കിയത്. അഴിമതിയും സ്വര്‍ണ്ണക്കടത്ത് സംഘവുമാണ് സിപിഐഎമ്മിനെ നയിക്കുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: