മാനന്തവാടി: കാട്ടിക്കുളത്ത് വനവാസി യുവതി ശോഭയുടെ ദുരൂഹമരണത്തില്‍ വെളിപ്പെടുത്തലുമായി അമ്മ. ശോഭയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് അമ്മ പറഞ്ഞു.
സ്ഥലത്തിന്റെ ഉടമയുടെ അച്ഛനും തന്റെ മകളുടെ അച്ഛനും ഒരാളാണെന്നും സ്വത്ത് നല്‍കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് അമ്മ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 2 നായിരുന്നു ശോഭയെ കോളനിക്ക് സമീപമുള്ള വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ ശോഭയുടേത് കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ അന്നേ ആരോപിച്ചിരുന്നു.
മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയായ യുവാവാണ് കൊല നടത്തിയതെന്നും കുടുംബം ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആരോപണവിധേയനായ യുവാവ് ശോഭയെ മരിക്കുന്നതിന്റെ തലേ ദിവസം വിളിച്ചുകൊണ്ടുപോയതാണ് സംശയത്തിന് കാരണം. ശരീരത്തില്‍ മദ്യത്തിന്റെ അംശവും മുറിവുകളും ഉണ്ടായിരുന്നിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ കോളനിയില്‍ അനിശ്ചിതകാല സമരവും തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: